Trending

Tata യുടെ കയ്യടി നേടിയ അർജുൻ ദേശ്പാണ്ഡെയുടെ Generic Aadhaar

വെറും18 വയസ്സുള്ള അർജുൻ ദേശ്പാണ്ഡെ ഫൗണ്ടറും സിഇഒയുമായ ഫാർമ സ്റ്റാർട്ടപ്പിൽ ബിസിനസ് ടൈക്കൂൺ രത്തൻ ടാറ്റ ഇൻവെസ്റ്റ് ചെയ്യുന്നെങ്കിൽ, ആ 18 വയസ്സുകാരൻ ചില്ലറക്കാരനാകില്ലല്ലോ.  ജനറിക് ആധാർ എന്ന ഫാർമ സ്റ്റാര്‌ട്ടപ്പിനെ പ്രകീര്‌‍ത്തിച്ച് ടാറ്റ ട്വീറ്റ് ചെയ്തതും സംരംഭക ലോകം അത്ഭുതത്തോടെയാണ് കണ്ടത്.
2020മേയിൽ വെളിപ്പെടുത്താത്ത തുകയ്ക്കാണ് Tata Group ജനറിക് ആധാർ സ്റ്റേക്ക് നേടിയത്. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ നൂതന സംരംഭമായിരുന്നു 16മത്തെ വയസ്സിൽ അർജുൻ ദേശ്പാണ്ഡെ തുടക്കമിട്ട ജനറിക് ആധാർ. ഇന്ത്യക്കാരന് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ നൽകുന്നതാണ് സംരംഭംഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിലൊരാളായ അർജുൻ ദേശ്പാണ്ഡെ അന്താരാഷ്ട്ര ഫാർമ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംരംഭകനായത്.  സ്കൂൾ അവധിക്കാലത്ത് യുഎസ്, വിയറ്റ്നാം, ചൈന, ദുബായ് എന്നിവിടങ്ങളിലേക്ക് അമ്മക്കൊപ്പമുളള യാത്ര വഴിത്തിരിവായി. ഫാർമ വ്യവസായത്തെക്കുറിച്ചുള്ള സെമിനാറുകളിൽ അമ്മ പങ്കെടുക്കുമ്പോൾ സംശയങ്ങൾ ചോദിച്ച് മകനും ഒപ്പം കൂടി.  ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾ മിതമായ നിരക്കിൽ വിദേശത്ത് വിൽക്കുന്നത് എങ്ങനെയെന്ന് അവൻ മനസിലാക്കി. ഈ രാജ്യങ്ങളിലെ ആളുകൾക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാകുമ്പോൾ ഇന്ത്യയിൽ എന്തുകൊണ്ട് ഉയർന്നവിലയെന്ന സംശയം അർജുൻ അമ്മയോട് ചോദിച്ചു.

ഇന്ത്യയിലെ മിക്ക  മരുന്നുകളും ബ്രാൻഡഡ് മരുന്നുകളായി മാറുമ്പോൾ പാക്കേജിംഗും മാർക്കറ്റിഗ് ചാർജ്ജുമടക്കം ഉപയോക്താക്കളിലേക്കെത്തുന്നു. ഗുണനിലവാരമുള്ള മരുന്നുകൾ താങ്ങാനാകുന്ന വിലയിൽ നൽകുകയെന്ന സ്വപ്നമാണ് ജനറിക് ആധാറിലേക്ക് നയിച്ചത്.

ചെറുകിട ഫാർമ റീട്ടെയിലർമാർക്ക് വിലക്കുറവിൽ മരുന്നുകൾ നൽകുന്നതാണ് ജനറിക് ആധാർ ഫാർമസി ശൃംഖല.  ഒരു ഫാർമസി-അഗ്രിഗേറ്റർ ബിസിനസ്സ് മോഡലിൽ ജനറിക് മരുന്നുകൾ നിർമ്മാതാവിൽ നിന്ന് നേരിട്ട് എടുക്കുകയും ചെറുകിട വിൽപ്പനക്കാർക്ക് നൽകുകയും അതുവഴി ഇടനിലക്കാരെ പൂർണ്ണമായും അകറ്റി നിർത്തി മരുന്നുകൾ കുറഞ്ഞ വിലയിൽ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. 16-20 ശതമാനം മൊത്തക്കച്ചവട മാർജിൻ ഒഴിവാക്കുന്നതിന് ഇത് സഹായിക്കുന്നു. മുതിർന്ന പൗരന്മാർക്കും പെൻഷണേഴ്സിനുമെല്ലാം ദൈനംദിനം ആവശ്യമുളള മരുന്നുകൾ ഈ രീതിയിൽ കുറഞ്ഞ വിലയിൽ എത്തിക്കുകയെന്ന ദൗത്യമാണ് നിർവഹിക്കുന്നതെന്ന് അർജുൻ ദേശ്പാ‍ണ്ഡെ വ്യക്തമാക്കുന്നു.

6 കോടി രൂപ വാർഷിക വരുമാനം അവകാശപ്പെടുന്ന സ്റ്റാർട്ടപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 150- 200 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. Generic Aadhaarമൊബൈൽ ആപ്ലിക്കേഷൻ അടുത്തിടെ രത്തൻ ടാറ്റ പുറത്തിറക്കിയിരുന്നു. മുംബൈ, പൂനെ, ബാംഗ്ലൂർ, ഒഡീഷ എന്നിവിടങ്ങളിൽ നിരവധി റീട്ടെയിലർമാർ ശൃംഖലയിലുണ്ട്. 2021 പകുതിയോടെ ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ്, നോയിഡ, മധുര, ചെന്നൈ, അമൃത്സർ, ലുധിയാന, അടക്കം 125 നഗരങ്ങളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഒരു വർഷത്തിനുള്ളിൽ ജനറിക് ആധാർ രാജ്യത്ത് 1000  ഫ്രാഞ്ചൈസി മെഡിക്കൽ സ്റ്റോർ സ്ഥാപിക്കുന്നതിന് പദ്ധതിയിടുന്നു. ഒരു 18കാരൻ സംരംഭകന്റെ ലക്ഷ്യവും വളർച്ചയുമാണിതെന്ന് വിശ്വസിക്കാൻ പ്രയാസം അല്ലേ

Leave a Reply

Back to top button