ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനാണ് ഗൂഗിൾ. അതിന്റെ കൺട്രി സ്പെസിഫിക്ക് ഡൊമെയ്നുകൾ മിക്കവാറും എല്ലാ രാജ്യങ്ങളിലും ടോപ്പാണ്. ഗൂഗിൾ അർജന്റീനയുടെ കഥയും മറ്റൊന്നല്ല. എന്നാൽ ഗൂഗിൾ സെർച്ച് എഞ്ചിൻ ഒരു സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങി. അതും 415 രൂപയ്ക്ക്. സംഭവം ഇതാണ്. ഗൂഗിൾ അർജന്റീനയുടെ ഡൊമെയ്ൻ നെയിം കഴിഞ്ഞയാഴ്ച ഒരാൾക്ക് വിലയ്ക്ക് വാങ്ങാനായി. അതെങ്ങനെയെന്ന് ചോദിക്കുന്നതിനു മുമ്പ് ആ രാത്രിയിൽ രാജ്യത്ത് രണ്ട് മണിക്കൂർ വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു എന്നറിയുക. നിക്കോളാസ് കുറോന എന്ന 30 കാരനായ വെബ് ഡിസൈനറാണ് ഐതിഹാസികമായ ആ ഇടപാട് നടത്തിയത്. കുറോന തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഗൂഗിൾ വാങ്ങിയതിന്റെ തെളിവായി ഒരു ചിത്രവും പങ്കുവെച്ചു. സ്വാഭാവികമായും ട്വിറ്റർ ഉപയോക്താക്കൾ നിന്ന് വലിയ പ്രതികരണമാണ് ഉണ്ടായത്. എന്തെന്നാൽ ഒരു സാധാരണ വ്യക്തി ഗൂഗിളിന്റെ വെബ് ഡൊമെയ്ൻ ക്ലെയിം ചെയ്യുന്നത് എല്ലാ ദിവസവും നടക്കുന്നൊരു കാര്യമല്ല. എന്തിനധികം പറയണം, ഒരു സാധാരണ നിയമപ്രക്രിയയിലൂടെയാണ് താൻ Google.com.ar എന്ന ഡൊമെയ്ൻ വാങ്ങിയതെന്ന് കുറോന പറയുകകൂടി ചെയ്തപ്പോൾ ആളുകളുടെ ആശ്ചര്യം ഇരട്ടിച്ചു. അപ്പോൾ ഇവിടെ എന്താണ് ശരിക്കും സംഭവിച്ചത്? ഗൂഗിളിന്റെ അർജന്റീന ഡൊമെയ്ൻ ‘കൃത്യം’ നടക്കുന്ന ഏപ്രിൽ 21 ബുധനാഴ്ച രാത്രി രണ്ട് മണിക്കൂറോളം ഡെഡ് ആയിരുന്നു. ആ സമയത്ത് ബ്യൂണസ് അയേഴ്സിന് സമീപത്തൊരു സ്ഥലത്ത് ഒരു ക്ലയന്റിനായി ഒരു വെബ്സൈറ്റ് രൂപകൽപ്പന ചെയ്യുകയായിരുന്നു കുറോന. ചില വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ഗൂഗിൾ പണിമുടക്കിലാണെന്ന കാര്യം അദ്ദേഹം അറിയുന്നത്. “ഞാനത് സ്വയം പരിശോധിക്കാൻ തീരുമാനിച്ചു. എന്റെ ബ്രൗസറിലേക്ക് www.google.com.ar എന്ന് എന്റർ ചെയ്തു. അപ്പോൾ അത് പ്രവർത്തിക്കുന്നില്ല എന്ന് മനസ്സിലായി,” അദ്ദേഹം പറഞ്ഞു. കുറോന പിന്നീട് നെറ്റ്വർക്ക് ഇൻഫർമേഷൻ സെന്റർ (NIC) അർജന്റീനയിൽ വെബ്സൈറ്റിന്റെ ഡൊമെയ്ൻ ചികഞ്ഞു നോക്കി. അർജന്റീനയിൽ .ar കൺട്രി കോഡ് ഡൊമെയ്നുകൾ പ്രവർത്തിപ്പിക്കുന്നത് NIC ആണ്. ഗൂഗിളിന്റെ അർജന്റീന ഡൊമെയ്ൻ വാങ്ങാനായി ലഭ്യമാണെന്ന വിവരം കുറോനയ്ക്ക് ലഭിക്കുന്നത് അപ്പോഴാണ്. ഡൊമെയ്ൻ നെയിം കേവലം 270 പെസോയ്ക്ക് അഥവാ 415 രൂപയ്ക്ക് കുറോന വാങ്ങുകയും ചെയ്തു. താൻ തരിച്ചു പോയെന്നാണ് കുറോന പറഞ്ഞത്. “ഇടപാട് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ല. അതിന്റെ ആധികാരികത പരിശോധിക്കുന്നതിന് സെർച്ച് ബാറിൽ www.google.com.ar എന്റർ ചെയ്തപ്പോൾ കണ്ടത് എന്റെ സ്വകാര്യ ഡാറ്റയാണ്,” അദ്ദേഹം പറഞ്ഞു. സംഭവം ഗൂഗിൾ അർജന്റീന സ്ഥിരീകരിച്ചു, ഹ്രസ്വകാലത്തേക്ക് ഡൊമെയ്ൻ മറ്റൊരാൾ സ്വന്തമാക്കി എന്നും അത് അതിവേഗം വീണ്ടെടുത്തുവെന്നും അവർ പറഞ്ഞു. ഡൊമെയ്ൻ അവകാശം ഉടൻ തന്നെ NIC കുറോനയിൽ നിന്നും നീക്കം ചെയ്തു. എങ്ങനെയാണ് യുവാവിന് ഡൊമെയ്ൻ വാങ്ങാൻ കഴിഞ്ഞതെന്ന് ഇനിയും വ്യക്തമല്ല. ഒറ്റരാത്രികൊണ്ട് അതിപ്രശസ്തനായെങ്കിലും തന്റെ പണം NIC യോ ഗൂഗിളോ തിരികെ തന്നിട്ടില്ലെന്ന് കുറോന പറഞ്ഞു.