Trending

Jeni Jerome, ആദ്യത്തെ കൊമേർഷ്യൽ വനിതാ പൈലറ്റ് സ്ത്രീ സമൂഹത്തിന് നൽകുന്ന പ്രചോദനം

സാമൂഹികമായ ഒതുക്കലുകളും നിസ്സഹകരണവും ഒരു വഴിക്ക് നടക്കുമ്പോഴും നിശ്ചയദാർഢ്യം മൂലധനമാക്കി ലക്ഷ്യത്തിലേക്ക് നടന്നു കയറുന്ന സ്ത്രീകൾ രാജ്യത്തിന്റെ മുഖമുദ്രയാകുന്നു. 23 കാരി ജെനി ജെറോമിനെ സംബന്ധിച്ചിടത്തോളം തന്റെ ലക്ഷ്യത്തിലേക്ക് ആ പെൺകുട്ടി പറന്നിറങ്ങുകയായിരുന്നു. പൈലറ്റാകുക എന്ന അവരുടെ എക്കാലത്തെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ആ ജീവിതകഥ ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റിൽ സെൻസേഷൻ ആകുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ കൊമേർഷ്യൽ വനിതാ പൈലറ്റായി ജെനി ജെറോം മാറി.

കോ-പൈലറ്റായി ജെനി ആദ്യം പറത്തിയത് എയർ അറേബ്യ ജി 9 449 വിമാനത്തിന്റെ ഷാർജ-തിരുവനന്തപുരം ഫ്‌ലൈറ്റാണ്. എല്ലായ്പ്പോഴും ഫ്‌ളൈയിങ്ങിൽ അഭിനിവേശമുണ്ടായിരുന്ന ജെനി തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിലൊന്നായ കൊച്ചുതുറ സ്വദേശിനിയാണ്. നിലവിൽ കുടുംബത്തോടൊപ്പം അജ്മാനിലാണ്‌ താമസം.

വിമാനം പറത്തുന്നതിനുമുമ്പ് ജെനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നിരവധി സ്നേഹസന്ദേശങ്ങളാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും ഉൾപ്പടെയുള്ളവർ ജെനിയുടെ ലക്ഷ്യബോധത്തെ പ്രശംസിച്ചു.

കോക്പിറ്റിലിരിക്കുന്ന ജെനിയുടെ ചിത്രമുൾപ്പെടുന്ന ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ജെനിയുടെ കഥ സ്ത്രീകൾക്കും സാധാരണക്കാർക്കും വലിയ പ്രചോദനമാണെന്നാണ്.

“ജെനിയുടെ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന ആ മാതൃക ഏറ്റെടുക്കാന്‍ സമൂഹം ഒന്നാകെ തയ്യാറാകണം,” അദ്ദേഹം പറഞ്ഞു.

തരൂർ ട്വീറ്റ് ചെയ്തതിങ്ങനെ: “കോ-പൈലറ്റായി കന്നി യാത്ര നടത്തുന്ന കൊച്ചുതുറയിൽ നിന്നുള്ള ജെനി ജെറോമിന് അഭിനന്ദനങ്ങൾ. ഇന്നത്തെ ഫ്ളൈറ് പറന്നുയരുമ്പോൾ ഒരു ചെറിയ പെൺകുട്ടിയുടെ ബാല്യകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാകുമത്. മത്സ്യബന്ധന മേഖലയിൽ നിന്നും ഒരു വാണിജ്യ പൈലറ്റ്. ഒരു യഥാർത്ഥ പ്രചോദനം! ”

“ജെനിക്ക് എല്ലായ്പ്പോഴും ഫ്ളയിങ് ഇഷ്ടമായിരുന്നു. അവളുടെ ചെറുപ്പകാലം മുതൽ അവൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. വാസ്തവത്തിൽ, അവളുടെ അച്ഛന്റെ ആഗ്രഹം കൂടിയായിരുന്നു അത്. അവർ രണ്ടുപേരും കണ്ട സ്വപ്നം,” ജെനിയുടെ കസിൻ ഷെറിൻ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം ജെനി എയർ അറേബിയയുടെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ ചേർന്നു. തുടർന്നാണവർ പൈലറ് ലൈസെൻസ് കരസ്ഥമാക്കുന്നത്.

അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫാബ്രിക്കേഷൻ മാനേജരായി ജോലി ചെയ്യുന്ന ജെറോമിന്റെയും ബിയാട്രീസിന്റെയും മകളായ ജെനിയെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തേക്കുള്ള കന്നിപ്പറക്കൽ യാദൃശ്ചികമായിരുന്നു. “ഞാൻ അർമേനിയയിലേക്ക് ആയിരുന്നു പോകേണ്ടിയിരുന്നത്. പിന്നീടത് കേരളത്തിലേക്ക് മാറ്റപ്പെടുകയായിരുന്നു.” ജെനി പറഞ്ഞു.

എയർ അറേബിയയുടെ തിരുവനന്തപുരം ഫ്ളൈറ് പറന്നുയർന്നപ്പോൾ ആകാശത്തോളം പറന്നത് ജെനിയുടെ അഭിമാനബോധം മാത്രമല്ല, വിജയം എത്തിപ്പിടിക്കാൻ വെമ്പുന്ന വലിയൊരു വിഭാഗത്തിന്റെ ആത്മവിശ്വാസം കൂടിയാണ്.

Leave a Reply

Back to top button