നല്ല ബിസിനസ്സ് ആശയം നിങ്ങളെ കോടീശ്വരനാക്കുമെന്ന് പറയുകയാണ് ഓൺ ഡിമാൻഡ് ഫ്യുവൽ ഡെലിവറി സ്റ്റാർട്ടപ്പ് Pepfuel.com ന്റെ സ്ഥാപകർ. 2014 വരെ മൂന്ന് പ്രൈവറ്റ് കമ്പനി ജീവനക്കാർ മാത്രമായിരുന്നവർ ഇന്ന് 100 കോടിയിലധികം രൂപ വാർഷിക വിറ്റുവരവുളള കമ്പനിയുടെ ഉടമകളാണ്. Tikendra Yadav, Sandeep Thakur Pratik Kathil എന്നീ മൂന്ന് ചെറുപ്പക്കാരുടെ ആശയമായിരുന്നു Pepfuel.com എന്ന സ്റ്റാർട്ടപ്പ്. വാതിൽപ്പടിയിൽ ഇന്ധന വിതരണ ബിസിനസ് ആണ് ഉത്തർപ്രദേശ് ആസ്ഥാനമായുള്ള Pepfuel.com എന്ന പ്ലാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നത്.
ടികേന്ദ്രയും സന്ദീപും പ്രതീകും ചേർന്ന് നടത്തിയ ഒരു യാത്രയാണ് ഓൺലൈൻ ഇന്ധന ബിസിനസ് എന്ന ആശയത്തിന് അടിത്തറ പാകിയത്. ദില്ലിയിൽ നിന്ന് യാത്ര പുറപ്പെട്ട മൂവരും ഇന്ധനം തീർന്ന് യാത്രാമധ്യേ റോഡിൽ പെട്ടു പോയി. വഴിയിൽ 10 കിലോമീറ്റർ ചുറ്റളവിൽ ഒരു ഇന്ധന സ്റ്റേഷൻ പോലും അവർക്ക് കണ്ടെത്താനായില്ല. ഇതാണ് Pepfuel.com സ്റ്റാർട്ടപ്പിന്റെ പിറവിക്ക് കാരണമാകുന്നത്.
വെറുതെയങ്ങ് സ്റ്റാർട്ടപ്പെന്ന് സ്വപ്നം കണ്ട് ചാടിയിറങ്ങാതെ നന്നായി പഠനം നടത്തി. വീടുവീടാന്തരം ആളുകളുമായി സംസാരിക്കുകയും ഓൺലൈൻ ഫീഡ്‌ബാക്ക് നേടുകയും ചെയ്‌തു. പെട്രോളിനും ഡീസലിനും ഒരു ഓൺലൈൻ ആപ്ലിക്കേഷൻ ഉണ്ടാകുന്നത് നല്ലതാണെന്നായിരുന്നു ഭൂരിപക്ഷം ഫീഡ്‌ബാക്കും.
പെട്രോളിന്റെയും ഡീസലിന്റെയും ഓൺലൈൻ ഡെലിവറി ബിസിനസ്സ് ആരംഭിക്കുന്നത് തികച്ചും റിസ്കുളള ബിസിനസാണ്. 2016 വരെ പെട്രോൾ ഡെലിവറിക്ക് രാജ്യത്ത് അനുമതി ഇല്ലായിരുന്നുവെന്ന് ടികേന്ദ്ര പറയുന്നു. സർക്കാർ ഇത് അനുവദിക്കുന്ന വരെയും ഡീസൽ ഡെലിവറി മാത്രമാണ് പ്ലാറ്റ്ഫോം നിർവഹിച്ചിരുന്നത്. എണ്ണ കമ്പനികളുമായുളള സഹകരണമാണ് ബിസിനസിനെ മുന്നോട്ട് കൊണ്ടുപോയതെന്ന് സന്ദീപ്.
Business-to-Business സേവനമാണ് സ്റ്റാർട്ടപ്പ് നൽകുന്നത്. ഹോട്ടലുകൾ, ആശുപത്രികൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ, ലോജിസ്റ്റിക്സ് ഓപ്പറേറ്റേഴ്സ്, എന്നിവയെല്ലാം ഇന്ന് Pepfuel.com ന്റെ ക്ലയന്റുകളാണ്. ഉപയോക്താക്കൾക്ക് ഓൺലൈനിലോ ആപ്ലിക്കേഷൻ വഴിയോ ഓർഡർ ചെയ്യാൻ കഴിയും.
Pepfuels app, ഡൗൺലോഡ് ചെയ്ത് ഏത് ടൈപ്പ് വാഹനം, ആവശ്യമായ ഇന്ധനത്തിന്റെ അളവ്, ഡെലിവറി സ്ലോട്ട് ഇവ തിരഞ്ഞെടുക്കുക, വിലാസം നൽകി ഓർഡർ നൽകുക. മിനിമം ഓർഡർ ക്വാണ്ടിറ്റി 200 ലിറ്ററാണ്. ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും Mobile Dispensing Units വഴിയാണ് പ്രവർത്തനത്തിന് തുടക്കമിട്ടത്.