കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു യൂട്യൂബ് വീഡിയോ രസകരവും അത്ഭുതകരവുമായ ഒരു കാഴ്ച പങ്കു വയ്ക്കുന്നു. ഒരു ഇലക്ട്രിക് ബാക്ക്പാക്ക് ഹെലികോപ്റ്ററുമായി ഒരാൾ ആകാശത്തേക്ക് പറക്കുന്നു. ഓസ്ട്രേലിയൻ സ്റ്റാർട്ടപ്പായ CopterPack പുറത്തിറക്കിയ വീഡിയോയിൽ ഒരാൾ നിലത്തുനിന്ന് ഉയർന്ന് ഇലക്ട്രിക് ബാക്ക്പാക്ക് ഹെലികോപ്റ്ററിലൂടെ ആകാശ സഞ്ചാരം നടത്തുന്നതാണ് ദൃശ്യം. ജെറ്റ്പാക്കിന്റെയും ഡ്രോണിന്റെയും ഒരു ഫ്യൂച്ചർ കോമ്പിനേഷൻ ആണ് വീഡിയോ കാണിക്കുന്നത്.
CopterPack എന്ന് വിളിക്കുന്ന ആ ബാക്ക്പാക്ക് ഹെലികോപ്റ്റർ, ഓപ്പറേറ്ററിന്റെ ഇരുവശത്തും രണ്ട് ഭീമൻ റോട്ടറുകളുമായി വ്യക്തിഗത ഫ്ലൈറ്റെന്ന ഒരു ഭാവി ആശയമാണ് പങ്കു വയ്ക്കുന്നത്. മനുഷ്യ ഡ്രോൺ, ബാക്ക്പാക്ക് ഹെലികോപ്റ്റർ, ഇലക്ട്രിക് ജെറ്റ്പാക്ക് എന്നിങ്ങനെയെല്ലാം നിർമാതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നു.
കോപ്റ്റർപാക്കിന്റെ ആദ്യ ഫ്ലൈറ്റ് ആണിതെന്ന് വീഡിയോ വിവരണം പറയുന്നു. സങ്കീർണ്ണമായ ഒരു പ്രവർത്തനമല്ല വീഡിയോയിൽ കാണിക്കുന്നത്. റോട്ടറുകൾ ഒരു സെൻട്രൽ ആക്സിലിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നു. പൈലറ്റ് അനായാസമായി ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്ത് നിന്നും ആകാശത്തേക്ക് പറക്കുന്നതും വളച്ചൊടിക്കുന്നതും തിരിയുന്നതും ഒക്കെ വീഡിയോ കാണിക്കുന്നു.
കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച്, സെൽഫ് ലെവലിംഗ് ഓട്ടോപൈലറ്റ് സംവിധാനമാണ് മൾട്ടി റോട്ടറുകൾക്കുളളത്. ഏകദേശം 3 അടി ഡയമീറ്ററുള്ള വലിയ രണ്ട് റോട്ടറുകൾ, കാർബൺ ഫൈബർ ട്യൂബിലുളള ഭാരം കുറഞ്ഞ എയർഫ്രെയിം ബാക്ക്പാക്കിലേക്ക് ബന്ധിപ്പിക്കുന്നു. ബാക്ക്പാക്കിൽ ബാറ്ററി പായ്ക്കുകളും കൈകളാൽ നിയന്ത്രണവിധേയമാകുന്ന ഒരു ജോടി ഫ്ലാറ്റ് armrests ഉം ഉണ്ട്. സെൻട്രൽ ആക്സിസിൽ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നതിലൂടെ, പൈലറ്റിന് സഞ്ചാര പാത ക്രമീകരിച്ച് ആകാശത്ത് വളയാനും തിരിക്കാനും കഴിയും. കോപ്റ്റർപാക്കിന് എത്ര ദൂരം പറക്കാനാകുമെന്നും അതിന്റെ ബാറ്ററി ശേഷി, ഉയർത്താനാവുന്ന പരമാവധി ഭാരം ഇവയെകുറിച്ചൊന്നും വ്യക്തമായ വിശദാംശങ്ങൾ കമ്പനി നൽകിയിട്ടില്ല.