ലോകത്തെ ആദ്യ തടി കൊണ്ടുള്ള ഉപഗ്രഹം ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കും. ഫിൻലാൻഡിലാണ് ഉപഗ്രഹത്തിന്റെ രൂപകൽപ്പനയും നിർമ്മാണവും. ന്യൂസിലാന്റിലെ മഹിയ പെനിൻസുല വിക്ഷേപണ കേന്ദ്രത്തിൽ നിന്നാകും ലോഞ്ച്. റോക്കറ്റ് ലാബ് ഇലക്ട്രോൺ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ബഹിരാകാശത്ത് തടിയിൽ നിർമ്മിച്ച വസ്തുക്കളുടെ ക്ഷമത പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പ്ലൈവുഡിൽ നിന്ന് നിർമ്മിച്ച പാനലുകളാണ് “വിസ വുഡ്സാറ്റ്” എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിനുള്ളത്. കോർണർ അലുമിനിയം റെയിലുകളും ഒരു മെറ്റൽ സെൽഫി സ്റ്റിക്കും മാത്രമാണ് തടിയിൽ അല്ലാതെയുള്ള ഭാഗങ്ങൾ. WISA എന്നറിയപ്പെടുന്ന പ്രത്യേക തരം പ്ലൈവുഡാണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സോളാർ ക്യാമറകളുണ്ട്, ഒന്നിൽ സെൽഫി സ്റ്റിക്ക് ഘടിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ കാണാനും ചിത്രമെടുക്കാനും വേണ്ടിയാണിത്. ഫിന്നിഷ് കമ്പനിയായ ആർട്ടിക് ആസ്ട്രോനോട്ടിക്സ് ആണ് വിക്ഷേപണത്തിന് ചുക്കാൻ പിടിക്കുന്നത്.