സംരംഭകർക്ക് സമാനതകളില്ലാത്ത സാധ്യതകളുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്. ലോകമെമ്പാടുമുള്ള പുതിയതും പഴയതുമായ ഇൻഡസ്ട്രിയെ ടെക്നോളജി ഇന്നോവേഷൻസ് അട്ടിമറിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഈ രംഗത്ത് അവിശ്വസനീയമായ പുരോഗതിയാണ് കൈവരിച്ചത്. ടെക്-നേറ്റീവ് തലമുറയുടെ നേതൃത്വത്തിലുള്ള OLX, Kavak തുടങ്ങിയ യൂണികോണുകൾ ഈ കുതിപ്പിന് ആക്കം കൂട്ടി.
ലാറ്റിൻ അമേരിക്ക വികസിച്ചുകൊണ്ടിരിക്കുകയാണ്. മദ്ധ്യവർഗ്ഗം അതിവേഗം മുന്നേറുന്നു. അവർ കൂടുതൽ സാങ്കേതിക ജ്ഞാനം ഉള്ളവരും മേഖലയിൽ നല്ല മാറ്റം കൊണ്ടുവരാൻ മോട്ടിവേറ്റഡും ആണ്. ഇവിടത്തെ മാറ്റങ്ങളും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ഇന്നവേറ്റീവായ ചിന്തയും അതിശയിപ്പിക്കുന്ന സംസ്കാരവും എല്ലാംതന്നെ സംരംഭകരുടെയും ബിസിനസ്സ് ലീഡേഴ്സിന്റേയും നിക്ഷേപകരുടെയും ശ്രദ്ധ ആകർഷിക്കുന്നു .
2017 ൽ Global Network Perspectives ലോകത്തിലെ ഏറ്റവും സംരംഭക സാധ്യതയുള്ള രണ്ടാമത്തെ പ്രദേശമായി ലാറ്റിൻ അമേരിക്കയെ അടയാളപ്പെടുത്തി. എന്നാലിത് ടെക് സ്റ്റാർട്ടപ്പുകളുടെ സ്ഫോടനാത്മകമായ വളർച്ചയ്ക്ക് മുൻപുള്ള വിലയിരുത്തലാണ്. ടെക് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നിരട്ടി വർദ്ധിക്കുകയും കഴിഞ്ഞ ദശകത്തിൽ മൂല്യം 32 മടങ്ങ് വർദ്ധിപ്പിച്ച് 2020 ൽ 221 ബില്യൺ ഡോളറിലെത്തുകയും ചെയ്തു.
ഐഡിബി ലാബ് പഠനമനുസരിച്ച് ഇപ്പോൾ കൂടുതൽ കമ്പനികൾ ബില്യൺ ഡോളർ മൂല്യം കൈവരിച്ച് യൂണികോണുകൾ ആകുന്നുണ്ട്. കാരണം സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിന്റെ കുതിപ്പിന് സംഭാവന നൽകാൻ കൂടുതൽ വൈബ്രന്റായ മാർക്കറ്റും നിക്ഷേപകരുടെ ഒരു സമൂഹവും ഇന്നുണ്ട്. എന്നാൽ ‘ഗ്ലാസ് സീലിംഗ്’ തകർക്കാൻ മെർകാഡോ ലിബ്രെ പോലുള്ള ലാറ്റിൻ അമേരിക്കൻ കമ്പനികൾക്ക് അനേകവർഷങ്ങൾ വേണ്ടിവന്നു.
ദശലക്ഷക്കണക്കിന് ലാറ്റിൻ അമേരിക്കക്കാരുടെ മാനസികാവസ്ഥയിൽ വന്ന മാറ്റമാണ് ടെക് എക്കോസിസ്റ്റത്തിന്റെ കുതിച്ചുചാട്ടം സാധ്യമാക്കിയതെന്ന് നുവോകാർഗോയുടെ സ്ഥാപകനും സിഇഒ യുമായ ദീപക് ചുഗാനി പറയുന്നു. രാജ്യാന്തര ട്രേഡിനുള്ള ഡിജിറ്റൽ ലോജിസ്റ്റിക് പ്ലാറ്റ്ഫോമാണ് നുവോകാർഗോ.
“എന്റെ കഥയും വ്യത്യസ്തമല്ല. യുഎസിലെ ഒരു ബാങ്കിംഗ് ജോലിയാണ് മികച്ച ഭാവിയിലേക്കുള്ള ഏക ജാലകം എന്ന് ഞാൻ വിശ്വസിച്ചു. ഞാൻ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി കെനിയയിലാണ് ജനിച്ചത്. ഇക്വഡോറിൽ വളർന്നു; സാമ്പത്തിക ശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദം നേടാനായി യുഎസിലേക്ക് മാറി. ആറുവർഷം മുമ്പ് എന്റെ ഏറ്റവും അടുത്ത 14 സുഹൃത്തുക്കളും ഞാനും ബാങ്കർമാരായിരുന്നു, ആരും സ്റ്റാർട്ടപ്പുകളിൽ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഞങ്ങളിൽ 13 പേർ സ്റ്റാർട്ടപ്പുകളിലാണ്. പലരും ലാറ്റിൻ അമേരിക്കയുമായി ബിസിനസ്സ് ബന്ധമുള്ളവരാണ്. സുഹൃദ്വലയത്തിലെ അവസാന രണ്ട് പേർ സ്റ്റാർട്ടപ്പിലേക്ക് മാറാൻ സജീവമായി ശ്രമിക്കുന്നുമുണ്ട്,” ചുഗാനി പറഞ്ഞു.
ലാറ്റിനമേരിക്കൻ എക്കോസിസ്റ്റത്തിന്റെ 72 ശതമാനവും ഫിൻടെക്, ഇ-കൊമേഴ്സ് എന്നിവ കൈയ്യടക്കിയിരിക്കുകയാണെന്ന് 2020 ലെ കണക്കനുസരിച്ച് ഐഡിബി ലാബ് കണ്ടെത്തി. ബിസിനെസ്സ് ഭൂരിഭാഗവും രണ്ട് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിച്ചാണിരിക്കുന്നത്: ബ്രസീലും അർജന്റീനയും.
ലാറ്റിനമേരിക്ക ഇന്ന് ലോകത്തെ നാലാമത്തെ വലിയ ഓൺലൈൻ വിപണിയാണ്. ബ്രസീൽ, മെക്സിക്കോ എന്നീരാജ്യങ്ങളാകട്ടെ ജിഡിപി കണക്കനുസരിച്ച് ലോകത്തെ മികച്ച 20 സമ്പദ്വ്യവസ്ഥകളിൽ പെടുന്ന രണ്ടു രാജ്യങ്ങളും. പർച്ചേസിംഗ് പവർ കൂടിയതും ഇന്റർനെറ്റ് ഉപയോഗം വ്യാപകമായതും ലാറ്റിൻ അമേരിക്കക്കാരെ ഡിജിറ്റൽ സ്പേസിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ടെന്ന് ചുഗാനി നിരീക്ഷിച്ചു. 2030 ഓടെ 40 ബില്യൺ ഡോളർ സംരംഭ മൂലധന നിക്ഷേപം സാധ്യമാണെന്ന് ഐഡിബി ലാബ് വിദഗ്ധരും കരുതുന്നു.
“ലാറ്റിനമേരിക്കയിൽ സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർ ഇന്നോവേഷൻസിന് സാധ്യതയുള്ള മേഖല കണ്ടെത്തണം. അതായത് സാങ്കേതികവിദ്യ കടന്നുചെന്നിട്ടില്ലാത്ത പരമ്പരാഗത വിപണികൾ. ഇവിടം ഇപ്പോഴും വികസിത രാജ്യങ്ങൾക്ക് പിന്നിലാണ് അത് കാരണം പ്രോപ്പർട്ടി ടെക്നോളജി, ഹെൽത്ത് കെയർ, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ, ധനകാര്യ സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സംരംഭകർക്ക് മികച്ച അവസരമാണുള്ളത്,” ദീപക് ചുഗാനി പറഞ്ഞുനിർത്തി.