സിനിമ, ജനകീയ ഇടപെടൽ, സംരംഭകർക്കുളള പിന്തുണ എന്നിങ്ങനെ ജീവിതവും സാമൂഹിക വീക്ഷണവും പങ്കുവെയക്കവേ, ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സർക്കാരും സർക്കാർ ഓഫീസുകളെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ കിറ്റക്സ് സാബു ആദ്യം സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ, അദ്ദേഹത്തെ ഉടനെ ഓഫീസിലേക്ക് വിളിച്ച്, ചർച്ച ചെയ്ത് പ്രശ്നം അവിടെ തീർത്തേനെ എന്ന് സുരേഷ് ഗോപി പറഞ്ഞു.
“കിറ്റക്സ് സാബു എന്തെല്ലാമാണ് അപകടമായിട്ട് പറഞ്ഞത്. അത് ജനറലൈസ് ചെയ്ത് മസ്സിലാക്കണം. എല്ലാ ഇൻഡസ്ട്രീസിന്റെയും സ്ലൈസ് ആണ് അദ്ദേഹം പറഞ്ഞത് എന്ന് വിചാരിക്കുക. ഇതിനകത്ത് പ്രതിപാദിക്കുന്നവരുടെ പേരുകളെടുത്ത് വകുപ്പുകളെടുത്ത് ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി ഇതുപോലെ സംസാരിച്ച് ഇതിനകത്തെവിടെയാണ് അപകടം പറ്റിയത്. എന്തൊക്കെയാണ് സാബു തിരുത്തേണ്ടത് എന്തൊക്കെയാണ് ഉദ്യോഗസ്ഥർ തിരുത്തേണ്ടത്. ശാസനാ രൂപത്തിലല്ല ശിക്ഷയുടെ രൂപത്തിലായിരിക്കണം ആക്ഷൻ എടുക്കേണ്ടത്.അവരെ പറഞ്ഞു വിട്ടേക്കണം.”
ദളിത് പ്രേമം വെറും ഷോ
പല രാഷ്ട്രീയ നേതാക്കളുടേയും ദളിത് പ്രേമം വെറും നാടകമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പലരും ചുമ്മാതാണ് കെടന്ന് ദളിത് പ്രേമം എന്നൊക്കെ പറയുന്നത്.പാവം ഈ ദളിതുകൾ ഇത് മനസ്സിലാക്കുന്നില്ലല്ലോ.പാർലമെന്റിൽ കിടന്ന് ദളിതാണ് .. ദളിതാണ് ..എന്ന് പറഞ്ഞ് നെഞ്ചത്തടിക്കുകയാണ്. ഞാനത് കഴിഞ്ഞ അഞ്ച് വർഷമായിട്ട് കാണുകയാണ്. ഓരോരുത്തരും സംസാരിക്കുമ്പോൾ ദൈവമേ എന്തൊരു വഞ്ചകനാണിയാൾ എന്ന് വിചാരിക്കുന്നുണ്ട്.വെറുതെ ഷോയാണ്. എത്ര പേര് രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഭരിക്കുന്ന കക്ഷിയെ ടാർണിഷ് ചെയ്യാൻ വേണ്ടി സ്വന്തം ഗുണ്ടകളെ അയച്ച് കൊല്ലിച്ചിട്ട് അത് ഈ ഗവൺമെന്റിന്റെ ഒരു പ്രശ്നമാക്കി അവതരിപ്പിക്കുന്നു.വെറും ഈസിയായിട്ട് കണ്ടു പിടിക്കാൻ പറ്റും.പക്ഷേ അത് എല്ലാവരും വിചാരിക്കണം. ജനങ്ങൾ മനസിലാക്കിയാൽ മതി. ജനങ്ങൾ മനസിലാക്കുന്നില്ല എന്നുളളത് വലിയ വേദനയാണ്.
കാവൽ -ഒരു വിളഞ്ഞ ചക്കയുടെ അവയിൽ!
കാവൽ തീയേറ്റർ പടമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തിയറ്റർ തുറക്കണം. എന്നാലേ പടം നന്നാവൂ. ചില സിനിമകൾ ഉത്സവ പ്രതീതിയുണ്ടാക്കണം. ഒരുപാട് സിനിമകൾ ഇതുപോലെ ഉത്സവങ്ങളായി മാറണം. അതും ഒരു ഇൻഡസ്ട്രിയാണ് . എന്നെ സംബന്ധിച്ച് വരനെ ആവശ്യമുണ്ട് എന്നു പറയുന്നത് ഒരുപക്ഷേ ജനങ്ങൾ പ്രതീക്ഷിക്കാത്ത ഒരു മുഹൂർത്തങ്ങളുടെ പാക്കായിരുന്നു. അതുകൊണ്ടത് നന്നായി ഓടി. പക്ഷേ എന്റെ സിനിമ എന്ന് പറയുമ്പോൾ ജനം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. കാവൽ ഒരു നല്ല വേറിട്ട രുചിയായിരിക്കും. കാവൽ നല്ല വിളഞ്ഞ ചക്കയുടെ ഒരു അവിയൽ ആണെങ്കിൽ ഒറ്റക്കൊമ്പൻ നല്ല മധുരമൂറുന്ന ഒരു തേൻവരിക്കയായി മാറും.
സാമൂഹിക സേവനം- മല ചുമക്കുന്ന ലാഘവം, ഒപ്പം വേദനയും
ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ മീഡിയ അറ്റൻഷൻ കിട്ടുന്ന ഇക്കാലത്ത് ജീവിതവും ഹൃദയവും കൊടുത്ത കാര്യങ്ങളൊന്നും അതിന്റെ ഗുണഭോക്താക്കൾ പോലും പങ്കുവെക്കാറില്ലെന്ന വേദനയും നടൻ തുറന്നു പറയുന്നു. ചെയ്യുന്ന കാര്യങ്ങൾ പറയാൻ എനിക്ക് ഇഷ്ടമില്ല. ചിലർ അത് മനസ്സിലാക്കി, തിരിച്ചറിഞ്ഞ് ശ്ലാഘിക്കും. അവരോട് ഭയങ്കരമായ ഇഷ്ടവും തോന്നും. ആരെങ്കിലുമൊക്കെ അറിയുന്നുണ്ടല്ലോ.. ഞാൻ എന്റെ ജോലി തുടർന്ന് കൊണ്ടേ ഇരിക്കും. അതെന്തായാലും എന്റെ രാഷ്ട്രീയവുമായിട്ട് ബന്ധമില്ല. അതെന്റെ ഹൃദയത്തിന്റെ സുഖമാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്..
പലപ്പോഴും പതിറ്റാണ്ടുകളായിട്ട് ആരും തിരിഞ്ഞ് പോലും നോക്കാത്ത പ്രൊജക്റ്റുകൾ എംപി ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടും ഇത്രയും കാലം ഉണ്ടായിരുന്നവര് ചെയ്യാത്തത് എന്തിയാൾ ചെയ്തു എന്ന് പോലും ആളുകൾ ചിന്തിക്കുന്നില്ല. എനിക്ക് ആ മനസിലാക്കൽ വേണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്. ഇങ്ങനെ ഒരു ആളെ എംപിയായി തെരഞ്ഞെടുത്തതിന്റെ ഗുണമെന്താണെന്ന് എന്റെ നാടും നാട്ടുകാരും വിലയിരുത്തിയില്ലെങ്കിൽ? അതുപോലെ വാക്സിനെടുത്ത് വിദേശത്തേക്ക് പോകാനൊരുങ്ങിയ വിദ്യാർത്ഥികളുൾപ്പടെ നിരവധി പേർക്ക് യാത്ര തടസ്സപ്പെടുമെന്ന ഘട്ടത്തിൽ തന്റെ ഇടപെടൽ കൂടി കൊണ്ടാണ് കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ സമ്മർദ്ദം ചെലുത്തി പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. അതും വെറും മണിക്കൂറുകൾക്കുള്ളിൽ. പക്ഷെ ഒരു നന്ദി വാക്ക് പോലും പറയാനുള്ള ഗ്രാറ്റിറ്റ്യൂഡ് ആരും കാണിച്ചില്ല. അപ്പോ പൊളിറ്റിക്സിനെ സംബന്ധിച്ച് മല ചുമക്കുന്ന ലാഘവം എനിക്കുണ്ട്. അതിന്റെ ഒരു വേദന നെഞ്ചത്ത് ഏറ്റുവാങ്ങുന്നുണ്ട്. എനിക്ക് ദൈവത്തിലാണ് വിശ്വാസം. ദൈവം അതിന് കൃത്യമായ ഒരു വഴി കണ്ടെത്തി തരും, സുരേഷ് ഗോപി എംപി പറഞ്ഞു നിർത്തി.