ലോകകോടീശ്വരൻ ജെഫ് ബെസോസും മൂന്ന് സഹയാത്രികരും ബഹിരാകാശം തൊട്ടു. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ ആദ്യ മനുഷ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘ആത്യന്തിക അതിർത്തി’യായ ബഹിരാകാശം ധനിക ടൂറിസ്റ്റുകൾക്കായി തുറന്നിടുന്ന ഒരു പുതിയ വ്യവസായത്തിന്റെ നാന്ദികുറിക്കൽ കൂടിയായിരുന്നു ബ്ലൂ ഒറിജിന്റെ വിജയം.
“ഈ പേടകത്തിൽ, ഞങ്ങൾ, അങ്ങേയറ്റം സന്തോഷഭരിതരായ ഒരുകൂട്ടം ആളുകൾ. എക്കാലത്തെയും മികച്ച ദിവസം,”
പടിഞ്ഞാറൻ ടെക്സസ് മരുഭൂമിയിൽ തിരിച്ചിറങ്ങിയ ബെസോസ് പറഞ്ഞു. നാലംഗ സംഘം അഭിവാദ്യം ചെയ്തും കെട്ടിപ്പിടിച്ചും ലാൻഡിംഗ് സൈറ്റിൽ തങ്ങളെ കാണാൻ വന്ന ഉറ്റവരെ സ്വീകരിച്ചു.
107 കിലോമീറ്റർ ഉയരത്തിൽ പറന്നുപൊങ്ങിയ ന്യൂ ഷെപ്പേർഡ് ബഹിരാകാശയാനം യാത്രികർക്ക് ഒരുസമയത്ത് ഭാരരാഹിത്യത്തിന്റെ സമാനതകളില്ലാത്ത അനുഭവം സമ്മാനിച്ചു. ഒപ്പം ഭൂമിയുടെ അനന്ത വക്രത ആസ്വദിക്കാനുള്ള അസുലഭ അവസരവും. ഭൂമിയുടെ 62 മൈൽ ഉയരത്തിൽ, ബഹിരാകാശത്തിന്റെ വാതായനം എന്ന് കരുതപ്പെടുന്ന സാങ്കൽപ്പിക Karman രേഖയെ മറികടക്കുകയുംചെയ്തു ന്യൂ ഷെപ്പേർഡ്.
“ഇവിടെ ഇരുട്ടാണ്, ”ബസോസിനൊപ്പം പറന്ന വനിതാ ഏവിയേറ്റർ വാലി ഫങ്ക് പറഞ്ഞു. എൺപത്തിരണ്ട്‍ വയസ്സുണ്ട് ഫങ്കിന്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിവർ. ബെസോസിന്റെ സഹോദരൻ മാർക് ബെസോസും, 18 വയസുള്ള ഡച്ച്കാരനായ ഒലിവർ ഡെമെനുമായിരുന്നു മറ്റു യാത്രികർ. ന്യൂ ഷെപ്പേർഡ് ദൗത്യത്തിൽ പങ്കെടുത്തതോടെ ഡെമെൻ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശയാത്രികനായി.
ലിഫ്റ്റ് ഓഫ് ചെയ്തശേഷം ന്യൂ ഷെപ്പേർഡ് 3,700 കിലോമീറ്റർ വേഗതയിലാണ് ബഹിരാകാശത്തേക്ക് കുത്തിച്ചത്. ലിക്വിഡ് ഹൈഡ്രജൻ-ലിക്വിഡ് ഓക്സിജൻ എൻജിനാണ് വാഹനത്തിനു കരുത്ത് പകർന്നത്. നീരാവി മാത്രമാണ് ബൈപ്രോഡക്ട്. യാത്രികർ മൂന്ന്-നാല് മിനിറ്റ് ബഹിരാകാശത്ത് ചെലവഴിച്ചു.
ഈ വർഷം രണ്ട് ഫ്ലൈറ്റുകൾ കൂടി കമ്പനി ആലോചിക്കുന്നുണ്ട്. അടുത്ത വർഷം അതിലും കൂടുതൽ. അടുത്ത വിക്ഷേപണം സെപ്റ്റംബറിലോ ഒക്ടോബറിലോ നടക്കുമെന്ന് സിഇഒ ബോബ് സ്മിത്ത് അറിയിച്ചു. പണം നൽകാൻ കൂടുതൽ ആളുകൾ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ ജൂലൈ 11 ന് സ്‌പേസിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാൽ വിർജിന്റെ മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലൂ ഒറിജിന്റെ ഉദ്ദേശങ്ങൾ കുറേക്കൂടെ ബൃഹത്തായിരുന്നു, ഉയരത്തിന്റെ കാര്യത്തിലും ലക്ഷ്യത്തിന്റെ കാര്യത്തിലും.
ബെസോസും ബ്ലൂ ഒറിജിനും ബ്രാൻസന്റെ നേട്ടം പൂർണ്ണമായും അംഗീകരിച്ചിട്ടില്ല. വിർജിൻ ദൗത്യം പിന്നിട്ട 53.5 മൈൽ ഉയരം യഥാർത്ഥ സ്പേസിൽ എത്താൻ പര്യാപ്തമല്ലെന്നാണ് ഇവരുടെ വാദം.