ആരാണ് പെഗാസിസിന് പിന്നിൽ
ഇസ്രായേലി കമ്പനിയായ NSO Group ന്റെ മിലിട്ടറി ഗ്രേഡ് സ്പൈവെയറായ Pegasus ഉപയോഗിച്ച് ഇന്ത്യയിലേതുൾപ്പടെയുള്ള പ്രമുഖവ്യക്തികളുടെ ഫോണുകൾ ഹാക്ക് ചെയ്തെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമ്പോൾ, എല്ലാവരും തിരയുന്നത് പെഗാസിസിനെക്കുറിച്ചാണ്.
ലോകം കണ്ടെതിൽ വച്ച് ഏറ്റവും ശക്തമായ സ്പൈവെയറാണ് Pegasus. നിങ്ങളുടെ ഫോണിലേക്ക് ഇതെത്തിക്കഴിഞ്ഞാൽ നിങ്ങൾ പോലും അറിയാതെ ഇതൊരു 24 മണിക്കൂർ നിരീക്ഷണ ഉപകരണമായി മാറും. ഇതിന്, നിങ്ങൾ അയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ സന്ദേശങ്ങൾ പകർത്താനും ഫോട്ടോകൾ കോപ്പി ചെയ്യാനും കോളുകൾ റെക്കോർഡുചെയ്യാനും കഴിയും. ആരാണ് ഈ ചാരക്കണ്ണുകൾ സൃഷ്ടിച്ചത്.
Kashoggi വധക്കേസിൽ സൗദിയും ഈ ഇസ്രായേൽ ആയുധം ഉപയോഗിച്ചോ?
2010ൽ ഇസ്രേയലിലെ ടെൽ അവീവിലുള്ള Herzliya-യിലാണ് NSO Group Technologies അവരുടെ സ്പൈ പ്രൊഡക്റ്റുകൾ നിർമ്മിച്ചു തുടങ്ങിയത്. 500ഓളം സ്പൈ ടെക്നോളജി എഞ്ചിനീയർമാരാണ് NSO യ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നത്. ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാൻ അംഗീകൃത ഗവൺമെന്റുകളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് NSO Group വ്യക്തമാക്കുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകനും സൗദി വിമർശകനുമായ Jamal Kashoggi തുർക്കിയിലെ ഇസ്താംബൂളിൽ വധിക്കപ്പെട്ടപ്പോൾ സൗദി അറേബ്യയും Pegasus ചാരസോഫ്റ്റ് വെയർ ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു. 2019 ൽ US Computer Fraud and Abuse Act പ്രകാരം ഫേസ്ബുക്ക് ഈ ഇസ്രായേലി കമ്പനിയെ കോടതി കയറ്റിയിരുന്നു. പക്ഷെ തങ്ങളുടെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്നോട്ട് പോയില്ല, Niv Carmi, Omri Lavie, Shalev Hulio എന്നീ മൂവർ സംഘം. വെപ്പൺ അഥവാ ആയുധം എന്ന ഗണത്തിലാണ് ഇസ്രേയൽ ഗവൺമെന്റ് പെഗാസിസിനെ ക്ലാസിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഈ ചാര സോഫ്റ്റ്വെയർ ലോകത്ത് ഏത് ഗവൺമെന്റിന് വിൽക്കണമെങ്കിലും ഇസ്റേയിലി സർക്കാരിന്റെ അനുമതി വേണം. പ്രൈവറ്റ് ആവശ്യങ്ങൾക്കായി ഈ സ്പൈ സോഫ്റ്റ് വെയർ വിൽക്കാൻ പാടില്ല എന്നും എഗ്രിമെന്റുണ്ട്. അതായത് ലോകത്ത് എവിടെ പെഗാസിസ് ഉപയോഗിച്ചാലും അത് ഇസ്രേയേൽ സർക്കാരിന്റെ അനുമതിയോടെ മാത്രമേ നടക്കൂ…
ആരാണ് ആ മൂവർ സംഘം?
ആരാണ് ഈ ചാര സോഫ്റ്റ് വെയർ നിർമ്മിച്ചിരിക്കുന്ന മൂവർ സംഘം. Israeli Intelligence ഗ്രൂപ്പായ Unit 8200 ലെ എക്സ് മെമ്പേഴ്സാണ് പെഗാസിസ് ഫൗണ്ടേഴ്സ്. മെക്സിക്കോ, പനാമ, UAE തുടങ്ങി വിവിധ ഇടങ്ങളിൽ അതാത് സർക്കാരുകൾ പെഗാസിസ് ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു. Jamal Kashoggiയുടെ വധം ഇസ്രായേൽ കമ്പനിയായ NSOയേയും സൗദി അറേബ്യയേയും ഒരേപോലെ പ്രതിക്കൂട്ടിലാക്കി.
സ്പിയർ-ഫിഷിംഗോ സീറോ-ക്ലിക്ക് ആക്രമണങ്ങളോ വിജയിക്കാത്ത സാഹചര്യത്തിൽ, ടാർഗെറ്റിന് സമീപം സ്ഥിതിചെയ്യുന്ന വയർലെസ് ട്രാൻസ്സിവറിലൂടെയും Pegasus ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഒരു ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, Pegasus ന് ഏതു വിവരവും ഏതാണ്ട് പൂർണ്ണമായും പകർത്താനാകും. ഫയൽ എക്സ്ട്രാറ്റ് ചെയ്യാം, SMS സന്ദേശങ്ങൾ, അഡ്രസ് ബുക്ക്, കോൾ ഹിസ്റ്ററി, കലണ്ടർ, ഇമെയിലുകൾ, ഇൻറർനെറ്റ് ബ്രൗസിംഗ് ചരിത്രം എന്നിവയെല്ലാം ഊറ്റിയെടുക്കാം. അത് തന്നെയാണ് ഗവൺമെന്റുകൾ പെഗാസിസിന്റെ ആരാധകരാകുന്നത്.