2020-ൽ രാജ്യത്തെ എഡ്ടെക് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മുംബൈ ആസ്ഥാനമായുള്ള LessonLeap പാഠ്യേതര കോഴ്‌സുകളിൽ തത്സമയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. രസകരമായ തത്സമയ ക്ലാസുകളിലൂടെ വിദ്യാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗ്, ലാംഗ്വേജ് കമാൻഡ് സ്കിൽസ്, റൈറ്റിംഗ് ഇവയിൽ പരിശീലനം നൽകുന്നതാണ് LessonLeap എന്ന പ്ലാറ്റ്ഫോം.
ലോക്ക്ഡൗൺ കാരണം പാഠ്യേതര പ്രവർത്തനങ്ങൾ തുടരാൻ കഴിയാതെ വന്ന തന്റെ പെൺമക്കളാണ്, അനുഷ മഹാലിംഗം എന്ന വനിതാ സംരംഭകയെ LessonLeap തുടങ്ങാൻ പ്രേരിപ്പിച്ചത്. ഹാർവാർഡ് ബിസിനസ് സ്കൂളിലെ ബാച്ച്മേറ്റും സുഹൃത്തുമായ ദീപ്തി സാഹിക്കൊപ്പം 2020 ഒക്ടോബറിൽ LessonLeap സ്ഥാപിച്ചു. കിന്റർഗാർഡൻ മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയാണ് LessonLeap ലക്ഷ്യമിടുന്നത്. കോഫൗണ്ടറും സിഇഒയുമായ ദീപ്തി സാഹിയും മറ്റു ആറ് ടീം അംഗങ്ങളും നെതർലണ്ടിൽ നിന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. തുടക്കത്തിൽ തന്നെ ബെർലിൻ ആസ്ഥാനമായുള്ള Point Nine Capital ലിൽ നിന്നും ഏയ്ഞ്ചൽ ഇൻവെസ്റ്റർമാരിൽ നിന്നും വെളിപ്പെടുത്താത്ത തുക പ്രീ-സീഡ് ഫണ്ടിംഗ് ആയി സ്റ്റാർട്ടപ്പിലേക്കെത്തിയിരുന്നു.
നിലവിൽ, 20 ലധികം അധ്യാപകർ ലെസൻലീപ്പിന്റെ കോഴ്‌സുകൾ തത്സമയം പഠിപ്പിക്കുന്നു. ഒരോ സെഷനും 500 മുതൽ 1,200 രൂപ വരെയാണ് സ്റ്റാർട്ടപ്പ് ഈടാക്കുന്നത്. പ്രായപരിധി അടിസ്ഥാനമാക്കിയാണ് കോഴ്‌സുകൾ വിഭജിച്ചിരിക്കുന്നത്. സെഷനുകൾ ആഴ്ചയിൽ ഒന്ന് മുതൽ നാല് തവണ വരെ 45 മുതൽ 90 മിനിറ്റ് വരെ നീണ്ടുനിൽക്കും. ഒരു ബാച്ചിൽ മൂന്ന് മുതൽ എട്ട് വരെ കുട്ടികളുണ്ട്. കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുന്നത് പലപ്പോഴും സ്കൂൾ കരിക്കുലത്തിലൂടെ സാധ്യമാകുന്ന ഒന്നല്ല. കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് പാഠ്യേതര പ്രവർത്തനങ്ങളെന്ന് അനുഷ വിശ്വസിക്കുന്നു. വരയും വായനയും എഴുത്തും നാടകവും സംവാദവുമായി കുട്ടികളിലെ പാഠ്യേതര കഴിവുകൾ പരമാവധി പുറത്ത് കൊണ്ടുവരാൻ പ്ലാറ്റ്ഫോം ശ്രമിക്കുന്നു. സെഷനുകൾ തത്സമയം നടത്തുന്നതിനാൽ കുട്ടികൾക്ക് അധ്യാപകരുമായി ഇടപഴകാൻ സാധിക്കുന്നു. ആദ്യഘട്ടത്തിൽ തന്നെ മൂവായിരത്തിലധികം കുട്ടികൾ ലെസൺ ലീപ്പിന്റെ കോഴ്സുകളിൽ ചേർന്നതായി അനുഷ പറയുന്നു.
വരും മാസങ്ങളിൽ, ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ഇറങ്ങാനും സിംഗപ്പൂർ, യുഎഇ, ലണ്ടൻ എന്നിവിടങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ലെസൺ ലീപ്പ് പദ്ധതിയിടുന്നു. മെട്രോ നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റാർട്ടപ്പിന്റെ പദ്ധതി. ഇംഗ്ലീഷ് പ്രാഥമിക ഭാഷയല്ലാത്ത ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കോൺവർസേഷണൽ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പുതിയ പ്രോഗ്രാമും പ്ലാറ്റ്ഫോം കൊണ്ടു വരുന്നു.
ദീപ്‌തിയും അനുഷയും ഇതിന് മുമ്പ് വിവിധ സ്റ്റാർട്ടപ്പുകളിൽ നേതൃതലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ആംസ്റ്റർഡാം ആസ്ഥാനമായുള്ള ഓഫീസ് ബുക്കിംഗ് പ്ലാറ്റ്‌ഫോം Deskbookers CEO ആയിരുന്നു ദീപ്‌തി. കിഡ്സ് ക്ലോത്തിംഗ് പ്ലാറ്റ്ഫോം Hopscotch ൽ കാറ്റഗറി മാനേജ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റായിരുന്നു അനുഷ. ലെസൻലീപ്പ് ഒരു ഗ്ലോബൽ ബ്രാൻഡ് ആക്കി മാറ്റുകയാണ് ഇപ്പോൾ ഇരുവരുടെയും ലക്ഷ്യം.