സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഡിജിറ്റല്‍ ഹബ് ഒരുക്കി കേരള സ്റ്റാർട്ടപ് മിഷൻ. കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള ഡിജിറ്റൽ ഹബ് യാഥാർത്ഥ്യമായത്. ന്യൂ ടെക്നോളജി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായുള്ള ഇന്‍കുബേറ്ററുകള്‍, ആക്സിലറേറ്ററുകള്‍, സെന്റർ ഓഫ് എക്സലെൻസ് എന്നിവയാണ് ഹബ്ബിൽ ഉണ്ടാവുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഓഗ്മെന്‍റഡ് റിയാലിറ്റി, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ലാംഗ്വേജ് പ്രൊസസിംഗ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകളില്‍ ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കും. ലോകോത്തര പ്രോഡക്റ്റ് ഡെവലപ്മെന്റ് സെന്ററുകളും, അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂഷനുകളും കേരളത്തിലേക്ക് എത്തണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഡിയേഷൻ സ്റ്റേജ് മുതല്‍ പ്രോഡക്റ്റിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള പ്രോട്ടോടൈപ്പ് രൂപകല്‍പ്പന വരെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഡിജിറ്റല്‍ ഹബിന് പിന്നിലുള്ളത്.
ഡിസൈന്‍ ഇന്‍കുബേറ്റര്‍, ഹെല്‍ത്ത്കെയര്‍ ഇന്‍കുബേറ്റര്‍, Center of Excellence (CoE) for Mouser Electronics, ഡിസൈന്‍ സ്റ്റുഡിയോകള്‍, ഇൻവെസ്റ്റേഴ്സിനുള്ള പ്രത്യേക സംവിധാനം, ഇന്നവേഷന്‍ കേന്ദ്രം, എന്നിവയടങ്ങുന്നതാണ് ഡിജിറ്റല്‍ ഹബ്. നിലവിലുള്ള ഫാബ് ലാബ്, മിനി ഫാബ് ലാബ് എന്നിവയുടെ സഹായത്തോടെ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം പുതുതായി വരുന്ന സ്റ്റുഡിയോകള്‍ക്ക് ഉപയോഗപ്പെടുത്താം.
നിലവില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലുള്ള 165 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ 200 സ്റ്റാര്‍ട്ടപ്പുകൾ പുതിയ കെട്ടിടത്തില്‍ പ്രവർത്തനക്ഷമമാകും. തുടക്കത്തില്‍ 2500 പേര്‍ക്ക് നേരിട്ട് തൊഴിലവസരം ഉണ്ടാകും. ആകെ നാല് ലക്ഷം സ്ക്വയർ ഫീറ്റാണ് സോണിന്‍റെ വലുപ്പം. 2.3 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സ്, ബയോടെക്നോളജി ഇന്‍കുബേഷന്‍ സെന്‍റര്‍ എന്നിവയാണ് നിലവില്‍ ഇവിടെയുള്ളത്. സംസ്ഥാനത്തെ സംരംഭകരെ സഹായിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സാധ്യമാക്കുന്നതിനും ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ടെക്നോളജി ഇന്നവേഷൻ സോണിലൂടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യമിടുന്നു.