പ്ലാസ്റ്റിക് ഒരു ആഗോള പ്രശ്നമാകുമ്പോൾ രാജസ്ഥാനിലെ ഈ സ്റ്റാർട്ടപ്പ് പ്ലാസ്റ്റിക്ക് കൊണ്ട് പുതിയ ബിസിനസ് മോഡൽ കണ്ടെത്തുകയാണ്. Trash to Treasure എന്ന സ്റ്റാർട്ടപ്പിനെ മുന്നോട്ട് നയിക്കുന്നത് തന്നെ പ്ലാസ്റ്റിക് ആണ്. ടെക്സ്റ്റൈൽ നിർമ്മാണ കുടുംബത്തിൽ നിന്നുള്ള 17കാരൻ Aditya Banger ആണ് Trash to Treasure എന്ന ഈ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. സ്റ്റാർട്ടപ്പിന്റെ പേര് പോലെ കുപ്പയിൽ നിന്നും സമ്പത്ത് നേടുകയാണ് Aditya Banger. പ്ലാസ്റ്റിക് കുപ്പികൾ, പൊതികൾ, കവറുകൾ എന്നിവ റീസൈക്കിൾ ചെയ്ത് തുണിയായി പരിവർത്തനം ചെയ്യുകയാണ് Trash to Treasure.
രാജസ്ഥാനിലെ Mayo കോളേജിലെ 12 -ാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യ Trash to Treasure എന്ന കമ്പനിക്ക് തുടക്കമിട്ടത് 2021 ജനുവരിയിലാണ്. പ്രതിദിനം 10 ടൺ പ്ലാസ്റ്റിക് വരെ റീസൈക്കിൾ ചെയ്ത് തുണി ഉണ്ടാക്കുന്നു. തുണിയായി മാറ്റുന്ന പ്രോസസിന് ഒന്നോ രണ്ടോ ദിവസമെടുക്കും, പക്ഷേ നിർമ്മിച്ച തുണിത്തരങ്ങൾ സാധാരണ പരുത്തിയെക്കാൾ ശക്തവും കൂടുതൽ ഭംഗിയുളളതുമാണെന്ന് ആദിത്യ പറയുന്നു.
രണ്ട് വർഷം മുമ്പ്, ആദിത്യ ചൈനയിലേക്ക് ഒരു ബിസിനസ് യാത്ര പോയി. Kanchan India Limited ഉടമയായ അമ്മാവനോടൊപ്പം ഫാബ്രിക് ഉത്പാദിപ്പിക്കാനുള്ള പുതിയ നിർമ്മാണ സാങ്കേതിക വിദ്യകൾ കാണാനായിരുന്നു യാത്ര. വലിയ അളവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫാബ്രിക്കാക്കി മാറ്റുന്ന ഒരു യൂണിറ്റ് യാത്രയിൽ കണ്ടു. ഇത് മാലിന്യം ലാൻഡ്‌ഫില്ലുകളിലേക്ക് പോകുന്നത് കുറയ്ക്കുക മാത്രമല്ല, നല്ല നിലവാരമുള്ള വസ്തുക്കൾ ഉത്പാദിപ്പിക്കുകയും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ആദിത്യ മനസിലാക്കി.
ഇന്ത്യയിൽ തിരിച്ചെത്തിയ ആദിത്യ ഇത്തരമൊരു സംരംഭം തുടങ്ങണമെന്ന ആശയത്തിലേക്ക് എത്തി. കുടുംബവും പിന്തുണച്ചതോടെ ഒരു വിദേശ കമ്പനിയുമായി സഹകരിച്ച് ഭിൽവാരയിൽ ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. പദ്ധതിക്ക് ധനസഹായം നൽകിയത് മാതൃ കമ്പനിയായ Kanchan India Limited ആണ്.
ജനുവരിയിലാണ് റീസൈക്കിൾ ചെയ്യാനായി രാജ്യത്തുടനീളമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. ആദ്യം പ്രാദേശിക മാലിന്യ ശേഖരണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയും 40 രൂപയ്ക്ക് PET ഗ്രേഡ് പ്ലാസ്റ്റിക് വാങ്ങുകയും ചെയ്തു.പ്ലാസ്റ്റിക് PET ഗ്രേഡ് ആയിരിക്കണം, അത് കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യേണ്ടതില്ല. യൂണിറ്റിലേക്ക് അയച്ചാൽ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കും, ആദിത്യ പറയുന്നു.
ട്രാഷ് ടു ട്രെഷറിനെ സഹായിക്കാൻ PET ഗ്രേഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ കമ്പനിയുടെ ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കാം. നിങ്ങൾക്കും സംഭാവന ചെയ്യാം. ഐഡിയ വ്യത്യസ്തമെങ്കിൽ മാലിന്യവും പണം കൊണ്ടുവരുമെന്ന് Trash to Treasure നമുക്ക് കാട്ടിത്തരുന്നു