ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) നവംബർ രണ്ടിന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. 4400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03 ഇന്ത്യയിൽനിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാർത്താവിനിമയ ഉപഗ്രഹമാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്ര, ഡിജിറ്റൽ ആശയവിനിമയ മേഖലയിക്ക് വലിയ ഉത്തേജനം നൽകാൻ ദൗത്യം ഉപകരിക്കും.

വിക്ഷേപണം പൂർത്തിയായാൽ ഇന്ത്യൻ മണ്ണിൽ നിന്ന് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) വിക്ഷേപിക്കപ്പെടുന്ന ഏറ്റവും വലിയ ആശയവിനിമയ ഉപഗ്രഹമായി സിഎംഎസ്-03 മാറും. ഇന്ത്യയുടെ പ്രതിരോധ, സിവിലിയൻ ആശയവിനിമയ ആവശ്യങ്ങൾക്കുള്ള GSAT-7 മാറ്റിസ്ഥാപിക്കുകയാണ് സിഎംഎസ്-03 ഉപഗ്രഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. സമുദ്രമേഖലയിൽ ഉയർന്ന ബാൻഡ്‌വിഡ്ത്തും അത്യാധുനികവും സുരക്ഷിതവുമായ വോയ്‌സ്, ഡാറ്റ, വീഡിയോ ആശയവിനിമയങ്ങൾ എന്നിവയുള്ള ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ ഉപഗ്രഹം പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്നത്. ഈ വർധിച്ച കണക്റ്റിവിറ്റി നാവിക കമാൻഡും നിയന്ത്രണവും ഗണ്യമായി വർധിപ്പിക്കുന്നിതിനും, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപരമായ സമുദ്ര നിരീക്ഷണം കൂട്ടുന്നതിനും, നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധ ശേഷികൾ പ്രാപ്തമാക്കുന്നതിനും സഹായിക്കും.
CMS-03ലെ C, എക്സ്റ്റെൻഡഡ് C, Ku ബാൻഡുകളിൽ പ്രവർത്തിക്കുന്ന നൂതന പേലോഡ് ട്രാൻസ്‌പോണ്ടറുകൾ ഇന്ത്യയുടെ സുരക്ഷിത ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തും. ഇതിനുപുറമേ വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ടെലികമ്മ്യൂണിക്കേഷൻ വ്യാപ്തി വർധിപ്പിക്കാനും സഹായകരമാകും.
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണവാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3യിൽ (LVM) ഏറിയാണ് സിഎംഎസ്-03 ഭ്രമണപഥത്തിലെത്തുക. ഭാരമേറിയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനു വികസിപ്പിച്ച ജിഎസ്എൽവി റോക്കറ്റിന്റെ പരിഷ്‌കൃത രൂപമാണ് എൽവിഎം 3. എൽവിഎം 3യുടെ അഞ്ചാമത്തെ വിക്ഷേപണമായതുകൊണ്ട് എൽവിഎം3-എം5 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണമായിരുന്നു ഇതിനുമുൻപ് എൽവിഎം3യുടെ പ്രധാന ദൗത്യം
isro prepares to launch cms-03, india’s heaviest communication satellite, to strengthen digital and naval connectivity across the nation.