ഏതൊരു സംരംഭകർക്കും അഭിമാനം പകരുന്നതായിരുന്നു പത്മ പുരസ്കാരദാന ചടങ്ങിൽ വീൽചെയറിലെത്തി രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങിയ ഒരു തൊണ്ണൂറ്റിയൊന്നുകാരി.. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലെ മികച്ച പ്രവർത്തനത്തിനാണ് Jaswantiben Jamnadas Popat-നെ രാഷ്ട്രപതി ആദരിച്ചത്. വനിതാ സഹകരണ സ്ഥാപനമായ Shri Mahila Griha Udyog Lijjat Papad ന്റെ സ്ഥാപകരിൽ ഒരാളാണ് Popat. പ്രാരംഭ സ്ഥാപകരിൽ, ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക അംഗവും Jaswantiben ആണ്.
80 രൂപ മുതൽമുടക്കിൽ ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ജസ്വന്തിബെൻ സംരംഭകത്വ യാത്ര തുടങ്ങിയത്. 1959-ൽ മഹാരാഷ്ട്രയിലെ Girgaumലെ വീടിന്റെ ടെറസിൽ ആറ് സുഹൃത്തുക്കളോടൊപ്പം കടം വാങ്ങിയ 80 രൂപ ഉപയോഗിച്ച് പപ്പടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. Lijjat എന്നാൽ ഗുജറാത്തി ഭാഷയിൽ രുചിയുള്ളത് എന്നാണ്. ഇന്ന് Lijjat Papad എന്ന ബ്രാൻഡ് 1,600 കോടി രൂപയുടെ ബിസിനസ്സായി വളർന്നു. 81 ശാഖകളുള്ള പ്രസ്ഥാനത്തിൽ രാജ്യത്തുടനീളമായി 45,000 സ്ത്രീകൾ ജോലി ചെയ്യുന്നു. അവരെല്ലാവരെയും എന്റർപ്രൈസസിന്റെ സഹ ഉടമകളായി കണക്കാക്കുന്നു. പേര് കൊണ്ട് ജസ്വന്തി ബെന്നിനെ തിരിച്ചറിയാത്തവർ പോലും Lijjat Papad എന്ന ബ്രാൻഡ് തിരിച്ചറിയുന്നു. തൊണ്ണൂറുകളിൽ ടെലിവിഷൻ സ്ക്രീനുകളിൽ സുപരിചിതമായിരുന്ന ക്രിസ്പി പപ്പടത്തിന്റെ പരസ്യം ആ തലമുറയുടെ മനസിലും രുചി നാവിലുമുണ്ടെന്നതാണ് ഇന്നത്തെ വൻകിട ബ്രാൻഡിലേക്കുളള യാത്രയിലെ വിജയരഹസ്യം.
കുടുംബവരുമാനത്തിൽ തന്റേതായ ഒരു വിഹിതം എന്ന ലക്ഷ്യമിട്ടാണ് ബിസിനസിന്റെ ബാലപാഠങ്ങളറിയാത്ത ജസ്വന്തിബെൻ സംരംഭകയായി തന്റെ യാത്ര ആരംഭിച്ചത്. കഠിനാധ്വാനവും ധൈര്യവും മാത്രമായിരുന്നു ഈ സംരംഭം ആരംഭിക്കുന്നതിനുളള അവരുടെ കൈമുതൽ. പപ്പടങ്ങൾ നിർമ്മിക്കുന്നതിന് വിദ്യാഭ്യാസം ആവശ്യമില്ല, അതിനാലാണ് ഞങ്ങൾ Lijjat ആരംഭിച്ചത്, ഒരു അഭിമുഖത്തിൽ ജസ്വന്തിബെൻ പറഞ്ഞു. സംഘം ആദ്യം നാല് പാക്കറ്റ് പപ്പടങ്ങൾ ഉണ്ടാക്കി ഒരു വ്യവസായിക്ക് വിറ്റു. വൈകാതെ, ഗ്രൂപ്പ് ഏഴ് അംഗങ്ങളിൽ നിന്ന് ഇരുപത്തഞ്ചായി വളർന്നു. പിന്നീട് Shri Mahila Griha Udyog Lijjat Papad എന്ന പേരിൽ ഗ്രൂപ്പ് രജിസ്റ്റർ ചെയ്യുകയും 1962-ൽ അത് Lijjat Papad എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. നിലവിൽ പപ്പടങ്ങൾ രാജ്യത്തുടനീളം വിൽക്കുകയും യുഎസ്, സിംഗപ്പൂർ, യുകെ, തായ്‌ലൻഡ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. പപ്പടം മാത്രമല്ല, മസാലകളും ആട്ടയും ചപ്പാത്തിയും ഡിറ്റർജന്റും വരെ ഇപ്പോൾ Lijjat വിൽക്കുന്നു. കോട്ടേജ് ലെതർ, തീപ്പെട്ടി, സാമ്പ്രാണികൾ എന്നിവ നിർമിച്ചുവെങ്കിലും ആ ബിസിനസ് പരാജയമായതിനാൽ ഒടുവിൽ ഉപേക്ഷിച്ചു.
Lijjat Papadന്റെ ക്രെഡിറ്റ് ഇവിടെ ജോലി ചെയ്യുന്ന ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ്. അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ അംഗീകാരം,പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം ജസ്വന്തിബെൻ പ്രതികരിച്ചു. സ്വാശ്രയ തത്വത്തിൽ വിശ്വസിക്കുന്നതിനാൽ Lijjat Papad ഡൊണേഷനുകൾ സ്വീകരിക്കുന്നില്ല. അംഗങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്പനി യന്ത്രങ്ങളും ഉപയോഗിക്കുന്നില്ല. ഓരോ വർഷവും 4.5 ബില്യൺ പപ്പടങ്ങൾ വരെ നിർമ്മിക്കുമ്പോഴും കൈകൾ ഉപയോഗിച്ചാണ് പപ്പടങ്ങൾ ഉരുട്ടുന്നത്. Lijjatത്തിൽ ചേരുന്ന എല്ലാ സ്ത്രീകൾക്കും ലാഭത്തിൽ തുല്യമായ പങ്ക് നൽകുകയും ചെയ്യുന്നു. ലാഭത്തിനനുസരിച്ച് 5ഗ്രാമിന്റെയോ 10 ഗ്രാമിന്റെയോ സ്വർണനാണയങ്ങളാണ് പലപ്പോഴും വിതരണം ചെയ്യുന്നത്.
സ്ത്രീ ശക്തീകരണത്തിന്റെ സ്വാശ്രയത്വത്തിന്റെ സഹകരണത്തിന്റെ സമാനതകളില്ലാത്ത വിജയഗാഥയാണ് Lijjat Papad നൽകുന്നത്. ജസ്വന്തി ബെന്നിലൂടെ സമ്മാനിതയായത് ഒരു പ്രസ്ഥാനം മാത്രമല്ല, സ്ത്രീ സംരംഭകരൊന്നാകെയാണ്.