തെങ്ങ് ചതിക്കില്ലെന്നത് ഒരു പഴഞ്ചൊല്ലാണ്. കാരണം അത്ര മാത്രം മൂല്യവർദ്ധിത ഉല്പന്നങ്ങൾക്കുളള സാധ്യത തെങ്ങിൽ നിന്ന് ലഭിക്കും. ഫിലിപ്പീൻസിലെ ഈ അഗ്രിടെക് സ്റ്റാർട്ടപ്പ് നിർമിക്കുന്നതും അത്തരമൊരു പ്രൊഡക്റ്റാണ്. ആ പ്രൊഡക്റ്റ് പ്ലാസ്റ്റികിന് ഒരു ബദലാണ്.
ലോകമെമ്പാടുമുള്ള മാർക്കറ്റുകളിലും ഭക്ഷണ സ്റ്റോറുകളിലും പാക്കേജിംഗിന് ആവശ്യമാണ് സ്റ്റൈറോഫോം കണ്ടെയ്‌നറുകൾ. പക്ഷെ അവ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ട്. അവിടെയാണ്
എന്ന സ്റ്റാർട്ടപ്പ് ശ്രദ്ധേയമാകുന്നതും തെങ്ങിൽ നിന്ന് പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തുകയാണ് ഇവർ. പരമ്പരാഗത സ്റ്റൈറോഫോം കണ്ടെയ്‌നറുകൾക്ക് പകരം ബയോഡീഗ്രേഡബിൾ ആയ ബദൽ ആണ് ഫോർച്യൂണ കൂൾസിന്റെ ആദ്യ പ്രൊഡക്റ്റ്, പേര് കോക്കനട്ട് കൂളർ. 2018-ൽ David Cutler-ഉം Tamara Mekler- ഉം ചേർന്നാണ് മനില ആസ്ഥാനമായി ഈ സ്റ്റാർട്ടപ്പ് സ്ഥാപിച്ചത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ ADB വെഞ്ച്വേഴ്‌സിന്റെ പിന്തുണ ഈ സ്റ്റാർട്ടപ്പിനുണ്ട്.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളെന്ന നിലയിൽ പ്രോജക്റ്റിന്റെ ഭാഗമായാണ് ഫോർച്യൂണ കൂളറുകൾ Cutler-ഉം Mekler- ഉം രൂപകൽപന ചെയ്തത്. Coco Technologies കോർപ്പറേഷനുമായി ചേർന്ന് തേങ്ങയുടെ തൊണ്ടിൽ നിന്നും ഇൻസുലേറ്റഡ് കൂളറുകൾക്കുളള സാങ്കേതികവിദ്യ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്തു. ഫിലിപ്പൈൻസിലെ ചെറുകിട കാർഷിക സംഘങ്ങളിൽ നിന്ന് സമാഹരിച്ച ചകിരിയിൽ നിന്നാണ് കൂളർ നിർമ്മിച്ചത്. റീസൈക്കിൾ ചെയ്ത തുണിത്തരങ്ങൾ ഉപയോഗിച്ചാണ് വാട്ടർപ്രൂഫ് ലൈനർ നിർമ്മിച്ചിരിക്കുന്നത്. 2019-ൽ ഫോർച്യൂണ കൂളറുകൾ വിപണിയിലെത്തിച്ചു. ഭക്ഷ്യ വിതരണക്കാർ, മീൻപിടുത്തക്കാർ, കർഷക സഹകരണ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടുളള കണ്ടെയ്നറുകൾ ജൈവ വിഘടനത്തിന് വിധേയമാണ്. അപ്സൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ, ഫോർച്യൂണ, കാർബൺ ഡയോക്സൈഡ് എമിഷനും അനാരോഗ്യകരമായ പുകയും തടയുന്നു.
ലോകത്തിലെ നാളികേരത്തിന്റെയും നാളികേര ഉൽപന്നങ്ങളുടെയും മുൻനിര ഉൽപ്പാദകരിൽ ഒന്നാണ് ഫിലിപ്പീൻസ്. ഓരോ വർഷവും ഏകദേശം 9 ബില്യൺ തൊണ്ടുകൾ കത്തിക്കുകയോ പാടത്ത് ഉപേക്ഷിക്കുകയോ ചെയ്യുന്നു. അവ ജൈവനാശത്തിന് വർഷങ്ങളെടുക്കും. ചെറുകിട നാളികേര കർഷകർക്ക് തൊണ്ടുകൾ കത്തിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കട്‌ലർ പറയുന്നു. ഈ സംരംഭത്തിലൂടെ കർഷകർക്ക് മാന്യമായ വിലയും ലഭിക്കും. പരിസ്ഥിതിക്ക് ഹാനികരമാകാത്ത കൂളറുകളുടെ നിർമാണത്തിനുള്ള റോമെറ്റീരിയൽ ലഭിക്കുകയും ചെയ്യും.
Kickstarter.com വഴിയാണ് ഓഗസ്റ്റിൽ കൂളറുകൾ വിപണിയിലെത്തിക്കുന്നത്. ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തുന്ന Nutshell 2.0 ആണ് കമ്പനി അടുത്തതായി പുറത്തിറക്കുന്നത്. റീസൈക്കിൾഡ് പോളിയെസ്റ്റർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കൂളർ ഇൻസുലേറ്റ് ചെയ്തിരിക്കുന്നത് ചകിരി നാരുകൾ ഉപയോഗിച്ചാണ്. കൂടുതൽ സമയം കൂളും ഫ്രഷുമായി നില നിർത്തുന്ന രീതിയിലാണ് രൂപകൽപന. നാളികേരത്തിന്റെ നാടായ കേരളത്തിന് മാതൃകയാണ് ഇത്തരം ഇന്നവേഷനുകൾ