തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 530 കിലോമീറ്റർ ദൂരം ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ ഏറ്റെടുത്തും പ്രതികൂലിച്ചും കേരളം രണ്ട് ചേരിയാകുന്നു. ഇപ്പോൾ 12 മണിക്കൂർ എടുക്കുന്ന തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രയെ നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സ്വപ്ന പദ്ധതി എന്ത്കൊണ്ട് അനുകൂലിക്കണം, എന്ത് കൊണ്ട് എതിർക്കണം. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളാണ് ഇതിലൂടെ ഓടുക. പദ്ധതി പൈലറ്റ് ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നിരിക്കെ, സർക്കാരിന് സിൽവർലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ അഭിമാനപ്രശ്നമാണ്.

"വികസനം, സാമ്പത്തിക പുരോഗതി, നിക്ഷേപം എന്നിവ നോക്കിയാൽ അതിവേഗം സഞ്ചരിക്കാനൊരു പാത വാസ്തവത്തിൽ കേരളത്തിന് അനിവാര്യമല്ലേ?"

വന്നാൽ എല്ലാവർക്കും ഗുണമല്ലേ?
എതിർക്കുന്നവർക്കും അവരുടെ തലമുറകൾക്കും നാളെ ഈ പാത ഉപകരിക്കില്ലേ. കേരളത്തിലെ വാഹന സാന്ദ്രത നോക്കിയാൽ സമയബന്ധിതമായി കേരളത്തിന്റെ രണ്ടറ്റങ്ങളിൽ എത്താൻ നാഷണൽ ഹൈവേകൾ പര്യാപ്തമല്ല. ബദൽ‍ യാത്രാമാർഗ്ഗങ്ങൾ കണ്ടെത്തിയേ മതിയാകൂ. ഇഴഞ്ഞ് നീങ്ങുന്ന കാലത്തല്ല നമ്മൾ ജീവിക്കുന്നത്. വികസനം എന്നത് അഡ്ജസ്റ്റ്മെന്റുകളല്ലങ്കിൽ, ഇത്തരം അടിസ്ഥാനസൗകര്യ മാർഗ്ഗങ്ങളിൽ പുതിയ കാഴ്ചപ്പാട് കേരളം എടുത്തേ മതിയാകൂ.

വികസനം വേണ്ടത് നമ്മൾ ഭരിക്കുമ്പോൾ മാത്രമോ?
2003 ൽ 507 കിലോമീറ്റർ expressway കൊണ്ടുവരാൻ ശ്രമിച്ച യുഡിഎഫാണ് ഇന്ന് സിൽവർ ലൈനിനിനെ എതിർക്കുന്നത്. അന്ന് തെക്ക്-വടക്ക് പാത കേരളത്തെ രണ്ടായി മുറിക്കും എന്ന് ആരോപിച്ച എൽഡിഎഫാണ് ഇന്ന് കെറെയിലിനായി നിലകൊള്ളുന്നത്. വികസനം ഞങ്ങളുടെ കാലത്ത് മാത്രം എന്നതാണ് പലപ്പോഴും രാഷ്ട്രീയകക്ഷികളുടെ നിലപാടെങ്കിൽ, ഇടയിൽ പെട്ട് പോകുന്നത് സാധാരണക്കാരും ബിസിനസ് സമൂഹവുമാണ്. 2003ൽ എതിർത്തവരും ഇന്ന് എതിർക്കുന്നവരും ഒരു കാര്യം ആലോചിക്കുന്നത് നന്ന്. എതിർപ്പല്ല രാഷ്ട്രീയം, അസഹിഷ്ണുതയല്ല പൊതുപ്രവർത്തനം.

അന്ന് മലേഷ്യൻ മോഡൽ, ഇന്ന് കേരള മോഡൽ
പൊതുമരാമത്ത് മന്ത്രി ആയിരുന്ന ഡോ എംകെ മുനീർ ഏതാണ്ട് 20 വർഷം മുമ്പ് കൊണ്ടുവരാൻ ശ്രമിച്ച എക്സ്പ്രസ് ഹൈവേ ഒരു മലേഷ്യൻ മോഡലായിരുന്നു. മലേഷ്യയിലെ നോർത്ത്-സൗത്ത് സൂപ്പർ ഹൈവേ മാതൃകയിൽ കേളത്തിന് ഒരു പാത. അത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതും, ഇവിടുത്തെ വ്യവസായ-സംരംഭക വളർച്ചക്ക് അനിവാര്യവുമാണെന്ന കാഴ്ച്ചപ്പാടായിരുന്നു അന്ന് യുഡിഎഫിനും ഇവിടുത്തെ ബിസിനസ് സമൂഹത്തിനും. ഇപ്പോൾ കെ-റെയിൽ പൂർണ്ണമായും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊപ്പോസലാണ്. എന്നാൽ അന്ന് ഡോ മുനീറിന്റെ അനുഭവത്തിലൂടെയല്ല ഇന്ന് പിണറായി കടന്നുപോകുന്നത്. മുനീറിന് അന്ന് അത് ഒറ്റയ്ക്ക് നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കുറവായിരുന്നു. എന്നാൽ പിണറായിവിജയന്റെ പ്ലസ് പോയിന്റ് നടത്താനുള്ള ആർജ്ജവമാണ്. പാർട്ടിയിലോ മുന്നണിയിലോ എതിർശബ്ദം ഉണ്ടാവില്ല എന്നർത്ഥം

എന്താണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് എതിർ വിഭാഗത്തിന്റെ വാദം?
ആരൊക്കെ എതിർത്താലും എത്രയൊക്കെ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ‌ലൈൻ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ചിലർ എതിർത്തു എന്നുപറഞ്ഞ് വികസനം നടപ്പാക്കാതിരിക്കാൻ കഴിയില്ല. ഇപ്പോള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ അതുമൂലമുള്ള നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കില്‍ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകുമെന്നും മുഖ്യമന്ത്രി പറയുന്നു.

"പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞാൽ തന്നെ, ഈ മേഖലയിലെ പ്രഗൽഭനായ മെട്രോമാൻ ശ്രീധരൻ പറയുന്നത് കേൾക്കണം"

തിരക്കിട്ട് നടത്തുന്നത് ആപത്ത്
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നും കൃത്യമായ ആസൂത്രണമില്ലാതെ സർക്കാർ തിരക്കിട്ട് പദ്ധതി നടപ്പാക്കുന്നത് ആപത്തെന്നുമാണ് മെട്രോമാൻ ഇ ശ്രീധരൻ പറയുന്നത്. സംസ്ഥാനത്ത് രൂക്ഷമായ കൊവിഡ് പ്രതിസന്ധിക്കിടെ ഇത്രയും വലിയ പദ്ധതി കൊണ്ടുവരുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുമെന്ന് പറയുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ കടന്നുപോകുന്ന പാതയില്‍ ഏറിയ പങ്കും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ്. പദ്ധതി വന്നാല്‍ അത് ജലാശയങ്ങളുടെ ഒഴുക്കിന് തടസമാകും. ധാരാളം പാരിസ്ഥിതി ദുരന്തങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയാലുണ്ടാകും. പദ്ധതി നടപ്പാക്കിയാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

 

2025ൽ കേരളത്തിന് കെ-റെയിൽ
സിൽവർ ലൈൻ കേരളത്തെ രണ്ടാക്കില്ല. രണ്ട് വർഷത്തിനകം ഭൂമി ഏറ്റെടുക്കും. 2025ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. പരിസ്ഥിതിക്ക് വലിയ ആഘാതമില്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ലോലമേഖലകളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ സിൽവർ ലൈൻ കടന്നുപോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങൾക്കും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റർ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

2025ൽ തീരില്ല, 12 കൊല്ലം എടുക്കും
കേരളത്തിലെ സ്ഥിതി വെച്ച് അഞ്ചുകൊല്ലം കൊണ്ട് പണി തീര്‍ക്കാനാകില്ല. ഭൂമി ഏറ്റെടുക്കാന്‍വരെ 5 കൊല്ലം വേണം. അപ്പോള്‍ ആകെ കുറഞ്ഞത് 12 കൊല്ലമെങ്കിലും ആവശ്യമാണ്. കേരളത്തിന് ഒരു റെയിൽ പാത കൂടി വേണം എന്ന് തന്നെ ആണ് എൻ്റെ അഭിപ്രായം. പക്ഷേ ഇത് ഇത്തരത്തിൽ ഇപ്പോഴത്തെ രീതിയിലല്ല പദ്ധതി നടപ്പാക്കേണ്ടത്.പരിസ്ഥിതി സർവ്വേ , ജിയോ ടെക് സർവ്വേ എന്നിവയെല്ലാം നടത്തേണ്ടതുണ്ട്. വെറും ഏരിയൽ സർവേ മാത്രം ആണ് ഇപ്പോൾ അടിസ്ഥാനമാക്കിയിട്ടുള്ളത്. അതും വെറും 55 ദിവസങ്ങൾ കൊണ്ട്. ഒരു പഠനവും ശാസ്ത്രീയമായി നടത്തിയിട്ടില്ല. പാടങ്ങളിലും ചതുപ്പുനിലങ്ങളിലും കൂടി റെയിൽവേ പാത കടന്നുപോകുന്നത് ശരിയല്ല. അതോടൊപ്പം 20,000 പേരെയെങ്കിലും മാറ്റി പാർപ്പിക്കേണ്ടി വരും. ഇതെല്ലാം കൊണ്ടാണ് പദ്ധതിയെ എതിർക്കുന്നതെന്ന് ഇ ശ്രീധരൻ വ്യക്തമാക്കുന്നു.

365 ദിവസവും 24 മണിക്കൂറും പണി നടക്കും
പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ 1730 കോടിയും 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആകെ 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ തരപ്പെടുത്തും. കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ഇതിലുണ്ടാകും. വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും നിർമാണപ്രവൃത്തികൾ നടക്കും.സംസ്ഥാനത്തിന് വികസന പദ്ധതികള്‍ അനിവാര്യമാണ്. നില്‍ക്കുന്നിടത്ത് മാത്രം നിന്നാല്‍ പോരാ കാലത്തിനൊപ്പം നമ്മളും മാറണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സി ല്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമുണ്ടാക്കും. കാര്‍ബൺ ബഹിര്‍ഗമനം കുറയ്ക്കും. സിൽവർ ലൈനിൽ 100 ശതമാനവും പുനരുപയോഗ ഇന്ധനമാകും ഉപയോഗിക്കുക. റോഡ് ഗതാഗതം ഉപയോഗിക്കുന്ന 46206 പേർ ദിവസേന സിൽവർ ലൈനിലേക്ക് വരും. നിർമാണഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ കിട്ടും. പ്രവർത്തനഘട്ടത്തിൽ 11,000 പേർക്കും തൊഴിൽ കിട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

 

നിങ്ങൾ എന്ത് കരുതുന്നു, വോട്ട് ചെയ്യാം
എന്താണ് നിങ്ങളുടെ അഭിപ്രായം. നിങ്ങൾ സിൽവർലൈൻ വേണമെന്ന് പറയുന്നവരാണോ? അതോ ഇത് കേരളത്തിന് വേണ്ടെന്നോ. ചാനൽ അയാം ആ അഭിപ്രായങ്ങൾ സ്വരൂപിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. വ്യക്തിപരമായ ആക്ഷേപങ്ങളോ, രാജ്യത്തേയോ മതവിശ്വസങ്ങളേയോ ഹനിക്കുന്നവ ഒഴികെ നിങ്ങളുടെ നിലപാട് അറിയിക്കാം. ചാനൽ അയാം ഡോട്ട് കോം നിങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കും.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version