യൂറോപ്യൻ യൂണിയനും (EU) ബ്രിട്ടനും കഴിഞ്ഞവർഷം ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പൽ ദ് സ്പാർട്ടൻ (The Spartan) റഷ്യൻ എണ്ണയുമായി അദാനി ഗ്രൂപ്പ് (Adani Group) നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി (Mundra port). റഷ്യൻ ക്രൂഡ് ഓയിൽ ഇനമായ യൂറൽസിന്റെ (Urals crude) ഒരു മില്യൺ ബാരലുമായാണ് കപ്പൽ മുന്ദ്രയിലെത്തിയിരിക്കുന്നത്.

ഇയു, യുഎസ്, ബ്രിട്ടൻ എന്നിവയുടെ ഉപരോധമുള്ള എണ്ണ ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയതിനാൽ ഇത്തരത്തിൽ തുറമുഖത്തെത്തുന്ന അവസാന കപ്പലാകും സ്പാർട്ടൻ. അതേസമയം വിലക്ക് പ്രഖ്യാപിക്കുന്നതിന് മുൻപ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലായതിനാൽ സ്പാർട്ടന് നിയന്ത്രണ നടപടി നേരിടേണ്ടി വരില്ല. ഇക്കാര്യം അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. റഷ്യൻ എണ്ണ കയറ്റുമതി സുഗമമാക്കാൻ സഹായിച്ചുവെന്നാരോപിച്ചാണ് യൂറോപ്യൻ യൂണിയനും യുകെയും കഴിഞ്ഞ വർഷം കപ്പലിന് വിലക്കേർപ്പെടുത്തിയത്.
സെപ്റ്റംബർ 11 മുതലാണ് അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കർകപ്പലുകൾ തങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളിൽ എത്തുന്നതിൽനിന്നും അദാനി പോർട്സ് വിലക്കിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്സ് ഗുജറാത്തിലെ മുന്ദ്രയടക്കം പതിന്നാലോളം തുറമുഖങ്ങളാണ് ഇന്ത്യയിൽ നടത്തിവരുന്നത്. നടപടി ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
An EU- and UK-sanctioned oil tanker, ‘The Spartan,’ carrying Russian oil arrived at Adani’s Mundra port, despite the group’s recent ban on such vessels.