മുകേഷ് അംബാനിയെ പിന്തള്ളിയത് ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ബിനാൻസ് സിഇഒ Changpeng Zhao ഏഷ്യയിലെ ഏറ്റവും ധനികനായി മാറുമ്പോൾ അറിയാം Changpeng Zhao ആരെന്ന്. Bloomberg Billionaires Index കണക്കുകൾ പ്രകാരം, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാൻസ് സിഇഒ Changpeng Zhao 96 ബില്ല്യൺ ഡോളർ (ഏകദേശം 7,10,755 കോടി രൂപ) ആസ്തിയുമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചെന്നാണ് CNN റിപ്പോർട്ട് ചെയ്യുന്നത്. അംബാനിയുടെ ആസ്തി ഏകദേശം 92.6 ബില്യൺ ഡോളറാണ് (ഏകദേശം 6,85,418 കോടി രൂപ). ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം, Zhao ഇപ്പോൾ ഔദ്യോഗികമായി ലോകത്തിലെ 11-ാമത്തെ ധനികനാണ്. ക്രിപ്‌റ്റോ ലോകത്ത് നിന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ പ്രവേശിക്കുന്ന ആദ്യ വ്യക്തിയും Changpeng Zhao ആണ്. സ്വകാര്യ ക്രിപ്‌റ്റോ ആസ്തികൾ ഉൾപ്പെടെയുള്ളവയുടെ മൂല്യനിർണ്ണയം കൂടാതെ തന്നെ 11-ാം സ്ഥാനം നേടിയിരിക്കുന്നതിനാൽ ആ മൂല്യം കൂടി ചേരുമ്പോൾ Zhao യുടെ ആസ്തി വളരെ വലുതായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ബ്ലൂംബർഗിന്റെ കണക്കനുസരിച്ച്, ഒറാക്കിൾ സഹസ്ഥാപകൻ ലാറി എല്ലിസണിന്റെ തൊട്ടുപിന്നിലാണ് ഷാവോയുടെ സ്ഥാനം. എല്ലിസണിന്റെ ആസ്തി ഏകദേശം 107 ബില്യൺ ഡോളർ (ഏകദേശം 7,90,623 കോടി രൂപ) ആണ്.
ക്രിപ്‌റ്റോകറൻസിക്ക് ഉൻമേഷം പകർന്ന് Zhao
ഒരു ക്രിപ്‌റ്റോകറൻസി കമ്പനിയുടെ CEO അതിസമ്പന്നരിൽ ഒരാളായി മാറിയത് ക്രിപ്റ്റോ ലോകത്ത് നവോന്മേഷം പകരുന്ന വാർത്തയായി. 45 കാരനായ ഈ ചൈനീസ്-കനേഡിയൻ സംരംഭകന്റെ കുതിച്ചുയരൽ ഡിജിറ്റൽ കറൻസികളുടെ ലോകത്ത് സമ്പത്തിന്റെ ദ്രുതഗതിയിലുള്ള സൃഷ്ടിയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.
ആരാണ് Changpeng Zhao
ചൈനയില്‍ അധ്യാപപക ദമ്പതികളുടെ മകനായി 1977ല്‍ ജനിച്ച Zhao, 1980കളിൽ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറി.മക്ഗിൽ യൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിച്ച ശേഷം ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്ത Zhao ബ്ലൂംബർഗ് ട്രേഡിംഗ് സോഫ്‌റ്റ്‌വെയറിലും ജീവനക്കാരനായിരുന്നു. കമ്പനി ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, തന്റെ കുടുംബത്തെ സഹായിക്കാൻ ആദ്യകാലങ്ങളിൽ മക്ഡൊണാൾഡ്സിലും Zhao ജോലി ചെയ്തിരുന്നു. 2017-ലാണ് Zhao ബിനാൻസ് ആരംഭിച്ചത്. ക്രമേണ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി അതിനെ വളർത്തിയെടുക്കാനായി. ബിനാൻസ്, സമീപ വർഷങ്ങളിൽ, ട്രേഡിംഗ് വോളിയത്തിന്റെ കാര്യത്തിൽ ഈ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം നേടിയിരുന്നു.
സംരംഭത്തിലൂടെ സാമൂഹിക സേവനവും
മറ്റ് സുപ്രധാന സംരംഭകരെ പോലെ Zhao തന്റെ സമ്പത്തിന്റെ 99% പോലും ദാനം നൽകാൻ ഉദ്ദേശിക്കുന്നു എന്ന് ഒരു ബിനാൻസ് വക്താവ് CNN ബിസിനസ്സിനോട് പറഞ്ഞു. എത്ര പേരെ നിങ്ങൾക്ക് സഹായിക്കാനാകുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് Zhao ട്വിറ്ററിൽ കുറിച്ചത്. ബിറ്റ്കോയിൻ വാങ്ങാൻ സ്വന്തം അപ്പാർട്ട്മെന്റ് പോലും വിറ്റുവെന്ന രസകരമായ വസ്തുതയും Zhaoയെക്കുറിച്ചുളള റിപ്പോർട്ടുകളിലുണ്ട്.
നിയന്ത്രണങ്ങൾക്കിടയിലും ക്രിപ്റ്റോ വളരും:Zhao
യുകെയിലെ നിരോധനവും കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നേരിടുന്ന നിയന്ത്രണ നടപടികളും അടക്കം ലോകമെമ്പാടും ബിനാൻസ് കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാൽ നിരന്തരമുളള വളർച്ചയ്ക്ക് വ്യക്തമായ നിയന്ത്രണങ്ങൾ നിർണായകമാണെന്ന് Zhao പറയുന്നു. കൂടുതൽ നിയന്ത്രണങ്ങൾ, ഒരു വ്യവസായം പക്വത പ്രാപിക്കുന്നതിന്റെ സൂചനയാണെന്നും ക്രിപ്‌റ്റോയിൽ നിക്ഷേപിക്കുന്നതും സുരക്ഷിതമാണെന്ന ബോധ്യം ജനങ്ങൾക്ക് നൽകുമെന്നും Zhao അഭിപ്രായപ്പെടുന്നു