മാളവിക ഹെഗ്‌ഡെ എങ്ങിനെ കഫേ കോഫി ഡേ ചുമതലക്കാരിയായി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ തിരയുന്ന പേരാണ് മാളവിക ഹെഗ്‌ഡെ. ആരാണ് മാളവിക ഹെഗ്‌ഡെ? മാളവിക ഹെഗ്‌ഡെ ഇന്ത്യൻ വ്യവസായ ലോകത്തെ കരുത്തുറ്റ വനിത ആയതെങ്ങനെയാണ്? ആ പേരിനും ഇപ്പോഴത്തെ പ്രശസ്തിക്കും പിന്നിലൊരു ചരിത്രമുണ്ട്. 2019 ജൂലൈ 29 ന് ആത്മഹത്യ ചെയ്ത ഇന്ത്യയിലെ കോഫി കിംഗ് -പ്രമുഖ കോഫീഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ സ്ഥാപകൻ V.G. സിദ്ധാർത്ഥയുടെ ഭാര്യയാണ് മാളവിക. അതിലുപരി മുൻ കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ S.M കൃഷ്ണയുടെ മകളാണ്. ഇനി ഇപ്പോഴത്തെ മാളവിക ഹെഗ്ഡെ ഇന്ത്യയിലെ കഫേ കോഫി ഡേ റെസ്റ്റോറന്റുകളുടെ ശൃംഖല നയിക്കുന്ന കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒ ആണ്. 2020 ഡിസംബർ 7 നാണ് മാളവിക ഹെഗ്‌ഡെ CDEL സിഇഒ ആയി ചുമതലയേറ്റെടുത്തത്. സിദ്ധാർത്ഥയുടെ അപ്രതീക്ഷിത മരണം സൃഷ്ടിച്ച ആഘാതത്തിനൊപ്പം കനത്ത കടബാധ്യതകളും കൂടിയാണ് മാളവികയുടെ ചുമലിലേക്കെത്തിയത്. SM കൃഷ്ണയുടെയും സാമൂഹിക പ്രവർത്തകയായ പ്രേമ കൃഷ്ണയുടെയും മകൾക്ക് പ്രതിസന്ധികളെ അതിജീവിക്കുന്നത് എങ്ങനെയെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. കടബാധ്യതകൾ വരുമ്പോൾ രാജ്യം വിടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്ന സംരംഭകരിൽ നിന്ന് വ്യത്യസ്തമായി ആ കടം വീട്ടാനുളള മാർഗങ്ങളാണ് മാളവിക CDEL-ൽ നടപ്പാക്കിയത്.
CCDയിൽ സിദ്ധാർത്ഥയ്‌ക്കൊപ്പം തുടങ്ങിയ സംരംഭക പാഠങ്ങൾ
1969ൽ ബെംഗളൂരുവിലാണ് മാളവിക ഹെഗ്‌ഡെ ജനിച്ചത്. ബെംഗളൂരുവിലെ ഒരു പ്രാദേശിക സ്കൂളിൽ നിന്നാണ് മാളവിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. 1991-ൽ വിജി സിദ്ധാർത്ഥയെ വിവാഹം കഴിച്ചു. സിദ്ധാർത്ഥ കഫെ കോഫി ഡേയ്ക്ക് രൂപം കൊടുത്ത നാൾ മുതൽ ആ സംരംഭം മാളവികയുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. CCD ബോർഡിൽ മാളവിക നോൺ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു. ഒരു കോഫീ ഷോപ്പിൽ മാളവികക്കൊപ്പം പോയ അവസരത്തിലാണ് സിദ്ധാർത്ഥ കഫേ കോഫീ ഡേയുടെ ആശയം ആദ്യം അവതരിപ്പിക്കുന്നത്. 5 രൂപയ്ക്ക് വിൽക്കുന്ന കോഫി 25 രൂപയ്ക്ക് നൽകിയാൽ വാങ്ങാൻ ആളുണ്ടാകുമോ എന്ന മാളവികയുടെ ചോദ്യത്തിന് കാപ്പിയ്‌ക്കൊപ്പം ഇന്റർനെറ്റ് സർഫിംഗ് എന്ന വാഗ്ദാനമായിരുന്നു സിദ്ധാർത്ഥയുടെ മറുപടി. 1996ൽ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിൽ ആദ്യത്തെ CCD ഔട്ട്‌ലെറ്റ് തുറന്നപ്പോൾ വിജി സിദ്ധാർത്ഥയ്‌ക്കൊപ്പം മാളവികയും ഉണ്ടായിരുന്നു. 2008 മുതൽ CCDയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മാളവികയും ഭാഗമായിരുന്നു.
കടബാധ്യത ധൈര്യമായി ഏറ്റെടുത്ത് CCDയെ നയിക്കുന്നു
സിദ്ധാർത്ഥ മരിക്കുമ്പോൾ ബാക്കിയായ കമ്പനിയുടെ കടബാധ്യത 7231 കോടി രൂപയായിരുന്നു. ഇന്നത് 1899 കോടി രൂപയായി കുറയ്ക്കാൻ കഴിഞ്ഞത് മാളവിക ഹെഗ്ഡെ എന്ന സമർത്ഥയായ സിഇഒയുടെ കൂടി കഴിവാണ്. കമ്പനി പാപ്പരായി എന്ന് എല്ലാവരും കരുതിയിടത്തു നിന്നും ഒരു തിരിച്ചുവരവ്. ഏകദേശം 25,000 തൊഴിലാളികളുടെ ഉപജീവനമാർഗം കൂടി കണക്കിലെടുത്താണ് മാളവിക കഫെ കോഫീ ഡേയെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തിൽ ശമ്പളത്തിനായി ജീവനക്കാർ സമരത്തിനിറങ്ങി. ആ സമയത്ത് മാളവിക ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെ എല്ലാ വേദനകളും മാറ്റിവെച്ച് ജീവനക്കാരെ അഭിസംബോധന ചെയ്തു. ആ കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജീവനക്കാരിൽ ആത്മവിശ്വാസം പകർന്നു. നിക്ഷേപകർക്ക് ഉറപ്പ് നൽകി. ഇന്ന് കഫേ കോഫി ഡേ സാമ്രാജ്യത്തിന്റെ പുനർനിർമ്മാണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ.
ഭർത്താവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് സധൈര്യം മുന്നോട്ട്
CCDക്ക് ഏകദേശം 572 കഫേകളും 36,326 വെൻഡിംഗ് മെഷീനുകളും 532 കിയോസ്കുകളും 403 ഗ്രൗണ്ട് കോഫി വിൽപ്പന ശാലകളും ഉണ്ട്. സ്ഥാപനമായിരുന്നു സിദ്ധാർത്ഥയുടെ ലോകം. ജീവനക്കാർ കുടുംബാംഗങ്ങളായിരുന്നു. അദ്ദേഹം കെട്ടിപ്പടുത്ത സാമ്രാജ്യത്തിന്റെ നടത്തിപ്പ് ചുമതല ഞാൻ ഏറ്റെടുത്തു. അദ്ദേഹം വിട്ടുപോയ ഉത്തരവാദിത്തം ശരിയായി നിർവഹിക്കണം, ഒരു അഭിമുഖത്തിൽ മാളവിക പറഞ്ഞ വാക്കുകൾ ഇപ്പോൾ അവർ പ്രവർത്തിപഥത്തിൽ എത്തിച്ചിരിക്കുകയാണ്. കമ്പനിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഭർത്താവിന്റെ സഫലീകരിക്കപ്പെടാതെ പോയ സ്വപ്നങ്ങൾ പൂർത്തിയാക്കാനുമുളള ശ്രമത്തിലാണ് മാളവിക ഹെഗ്ഡെ എന്ന കരുത്തുറ്റ വനിത.