channeliam.com

കേരള സ്റ്റാർട്ടപ് മിഷനും മലബാർ കാൻസർ സെൻററും ധാരണാപത്രം ഒപ്പിട്ടു

സ്റ്റാർട്ടപ്പുകളുടെ ടെക്നോളജിയും സേവനവും ഉപയോഗപ്പെടുത്തി കാൻസർ പരിചരണവും ചികിത്സയും ശക്തിപ്പെടുത്താൻ കേരള സ്റ്റാർട്ടപ് മിഷനും മലബാർ കാൻസർ സെൻററും കൈകോർക്കുന്നു. കൊച്ചി ഇൻഫോപാർക്കിൽ മലബാർ കാൻസർ സെൻറർ ഡയറക്ടർ ഡോ.ബി.സതീശനും കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ജോൺ എം. തോമസും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കാൻസർ ഗവേഷണം, അനുബന്ധ സേവനങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികസനം, ക്ലിനിക്കൽ മൂല്യനിർണ്ണയം എന്നിവയിലേർപ്പെടുന്ന സ്റ്റാർട്ടപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ കാൻസറിനെക്കുറിച്ചുള്ള ഗവേഷണ, ചികിത്സാ മേഖലകളിൽ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുകയും ചികിത്സയ്ക്കും ക്ലിനിക്കൽ മൂല്യനിർണയത്തിനും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യും.

കാൻസർ പരിപാലന സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊർജ്ജം പകരും

ഇൻകുബേഷൻ, മെന്റർഷിപ്പ്, നിക്ഷേപങ്ങൾ തുടങ്ങിയവ ലഭ്യമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ ‌കാൻസർ പരിപാലന സ്റ്റാർട്ടപ് അന്തരീക്ഷത്തിന് ഊർജ്ജം പകരും. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സംരംഭങ്ങൾ രൂപീകരിക്കാനും പ്രശ്നപരിഹാരത്തിനും സ്റ്റാർട്ടപ് മിഷന് കഴിയും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഫണ്ടിംഗും ലഭ്യമാക്കുകയും ചെയ്യും. കാൻസർ ഗവേഷണത്തിനുള്ള മെഡിക്കൽ ഇൻകുബേറ്റർ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് മേഖലയിലെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് ജോൺ എം. തോമസ് പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മലബാർ ക്യാൻസർ സെന്ററിന്റെ മെഡിക്കൽ വൈദഗ്ധ്യം മുതൽക്കൂട്ടാകും. അർബുദം കേന്ദ്രീകരിച്ചുളള ഇൻകുബേറ്ററാണ് ബ്രിക്. ഇത് ഓങ്കോളജിസ്റ്റുകളെയും സാങ്കേതിക വിദഗ്ധരെയും ഒരുമിപ്പിച്ച് നേരത്തേ കണ്ടെത്തുന്നതിനും രോഗനിർണയത്തിനുമുള്ള പരിഹാരങ്ങൾ വികസിപ്പിക്കും. കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിലെ കേരള ടെക്നോളജി ഇന്നവേഷൻ സോണിലാണ് ഇൻകുബേറ്റർ സ്ഥിതിചെയ്യുന്നത്. ഇൻകുബേറ്ററിന് പൊതുവായ ഗവേഷണ, പരിശോധനാ സൗകര്യങ്ങൾ ഉണ്ടായിരിക്കും. അവരെ മാർഗനിർദേശക ശൃംഖലയിലും മൂലധന നിക്ഷേപകർ, എച്ച്എൻഐകൾ ഉൾപ്പെടെയുള്ള വിവിധ ഫണ്ടിംഗ് സ്രോതസ്സുകളിലേക്കും ബന്ധിപ്പിക്കും. നൂതന പ്രതിവിധികൾ ദേശീയതലത്തിലും ആഗോളതലത്തിലും വിപണനം ചെയ്യുന്നതിന് KSUM സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും ജോൺ എം. തോമസ് പറഞ്ഞു.

അർബുദ നിർണയത്തിനും ചികിത്സയ്ക്കും സഹായകരമാകും

ശ്വാസകോശാർബുദം, സ്തനാർബുദം തുടങ്ങിയവ വർധിക്കുന്ന സാഹചര്യത്തിൽ ഇവ നേരത്തേ നിർണയിക്കാനും ചികിത്സ ലഭ്യമാക്കാനും കഴിയണമെന്ന് ഡോ.ബി.സതീശൻ പറഞ്ഞു. ഇതിലൂടെ ഇത്തരം അർബുദങ്ങൾ മൂലമുളള രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കാനാകും. സെർവിക്കൽ കാൻസറുകളുടെ നിർമാർജനവും MCC ലക്ഷ്യമിടുന്നു. സെർവിക്കൽ കാൻസറിനുള്ള പരിശോധനയും ചികിത്സയും ജനങ്ങൾക്കരികിലേക്ക് എത്തിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ രോഗികൾക്ക് ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാനാകും. ക്യാൻസർ നിർമാർജനത്തിന് ഫലപ്രദമാകുന്ന സസ്യങ്ങളെ കുറിച്ചുളള ഗവേഷണം പ്രോത്സാഹിപ്പിക്കാനും മലബാർ ക്യാൻസർ സെന്ററിന് പദ്ധതിയുണ്ട്. രോഗനിർണയം വേഗത്തിലാക്കാനും പിശകുകൾ കുറയ്ക്കാനും ആശ്രയിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റൊരു സാധ്യതയുള്ള മേഖലയാണെന്ന് ഡോ.ബി.സതീശൻ പറഞ്ഞു.

ആരോഗ്യമേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമാകും

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും എക്കോസിസ്റ്റവും സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് 2006 ൽ KSUM സ്ഥാപിതമായത്. രജിസ്റ്റർ ചെയ്ത 3100 ലധികം സ്റ്റാർട്ടപ്പുകൾ, 10 ലക്ഷത്തിലധികം ചതുരശ്ര അടി ഇൻകുബേഷൻ സ്പേസ്, 40 ലധികം ഇൻകുബേറ്ററുകൾ, 300 ലധികം ഇന്നൊവേഷൻ സെൻററുകൾ എന്നിവ കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുണ്ട്.തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്റർ ക്യാൻസർ ചികിത്സയിൽ സമഗ്രമായ പരിപാലനം പ്രദാനം ചെയ്യുന്ന സ്ഥാപനമാണ്. സംസ്ഥാന സർക്കാർ ധനസഹായത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. കേരളത്തിൻറെ വടക്കൻ മേഖലയിലും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും മാഹിയിലെയും ജനങ്ങളാണ് മലബാർ ക്യാൻസർ സെന്ററിനെ ആശ്രയിക്കുന്നത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com