ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ സമ്മാനിതരായത് 46 സ്റ്റാർട്ടപ്പുകൾ;ബംഗളുരുവിന് ആധിപത്യം
46 ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ 14 എണ്ണവും നേടി കർണാടക
2021 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ ആധിപത്യം നേടി കർണാടക. അതത് മേഖലകളിലെ സംഭാവനകൾക്ക് ആകെ 46 സ്റ്റാർട്ടപ്പുകൾ ദേശീയ പുരസ്കാരം നേടി. 14 അവാർഡുകളാണ് ബംഗളുരു ആസ്ഥാനമായ സ്റ്റാർട്ടപ്പുകൾ കരസ്ഥമാക്കിയത്. ബംഗളുരു ആസ്ഥാനമായ നാഫാ ഇന്നവേഷൻസ് ( ToneTag) ആണ് ഫിൻടെക് മേഖലയിൽ പുരസ്കാരത്തിന് അർഹമായത്. ഇന്റർനെറ്റില്ലാതെ ശബ്ദവും നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷനും (NFC) ഉപയോഗിച്ച് മൊബൈൽ പേയ്‌മെന്റുകൾ സാധ്യമാക്കുന്ന സ്റ്റാർട്ടപ്പാണ്. ഫിൻടെക് വിഭാഗത്തിൽ ഇൻഷുറൻസ് ഉപമേഖലയിലെ മറ്റൊരു വിജയി Umbo Idtech പ്രൈവറ്റ് ലിമിറ്റഡാണ്. 2018-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് ക്ലയന്റുകൾക്ക് ഓമ്‌നിചാനൽ ഇൻഷുറൻസ് വിതരണം സാധ്യമാക്കുന്ന ഒരു ഫുൾ-സ്റ്റാക്ക് പ്ലാറ്റ്‌ഫോം നിർമ്മിച്ചു. റോബോട്ടിക്‌സ് ഉപമേഖലയിൽ സാഗർ ഡിഫൻസ് ജേതാക്കളായി. മൃദുൽ ബബ്ബറും നികുഞ്ച് പരാശറും ചേർന്ന് 2015-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പ്, ഓട്ടോണമസ് നാവിഗേഷൻ സിസ്റ്റംസ്, അൺമാൻഡ് മറൈൻ, ഏരിയൽ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്നു. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ മാർക്കറ്റ്‌സിനെ ‘വിമൻ ലെഡ് സ്റ്റാർട്ടപ്പ്’ വിഭാഗത്തിൽ സമ്മാനിതരായി. 2011-ൽ അജൈത സിംഗ് സ്ഥാപിച്ച സ്റ്റാർട്ടപ്പ്, ഗ്രാമീണ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഒരു സോഷ്യൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്. ഇൻകുബേറ്റർ വിഭാഗത്തിൽ ആക്‌സസ് ലൈവ്‌ലിഹുഡ്‌സ് ഫൗണ്ടേഷനും ആക്‌സിലറേറ്റർ വിഭാഗത്തിൽ ഇന്ത്യ ആക്‌സിലറേറ്ററും പുരസ്കാരങ്ങൾ നേടി.
അവാർഡ് 15 സെക്ടറുകളിൽ നിന്നും 49 ഉപമേഖലകളിൽ നിന്നും
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിന്റെ രണ്ടാം പതിപ്പാണിത്. 15 സെക്ടറുകളിൽ നിന്നും 49 ഉപമേഖലകളിൽ നിന്നും കേന്ദ്രം അപേക്ഷ ക്ഷണിച്ചിരുന്നു. രാജ്യത്ത് 49 ഉപമേഖലകളിലെ സ്റ്റാർട്ടപ്പുകളിൽ നിന്ന് 2,177 അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. കൃഷി മുതൽ മൃഗസംരക്ഷണം വരെയും എന്റർപ്രൈസ് ടെക്നോളജി മുതൽ ഫിൻടെക് വരെയുമുളള മേഖലകൾ അവാർഡിന് പരിഗണിച്ചു. ഇക്കോസിസ്റ്റം എനേബിളേഴ്‌സ് എന്ന വിഭാഗത്തിൽ അവാർഡിന് പരിഗണിക്കുന്നതിന് 53 ഇൻകുബേറ്ററുകളിൽ നിന്നും 6 ആക്‌സിലറേറ്ററുകളിൽ നിന്നും അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ 863 എണ്ണം സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളും 253 എണ്ണം രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുമായിരുന്നു. കൊവിഡ്-19-നെ പ്രതിരോധിക്കുന്നതിനുള്ള 414 ഇന്നവേഷനുകളും ഉൾപ്പെട്ടിരുന്നു. ഇന്നൊവേഷൻ, സ്കേലബിലിറ്റി, ഇക്കണോമിക് ഇംപാക്ട്, സോഷ്യൽ ഇംപാക്ട്, എൻവയൺമെന്റൽ ഇംപാക്ട്, ഇൻക്ലുസീവ്നെസ്, ഡൈവേഴ്സിറ്റി എന്നീ ആറ് പാരാമീറ്ററുകൾ വിജയികളെ തീരുമാനിക്കാൻ ഉപയോഗിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
സ്റ്റാർട്ടപ്പുകൾ പുതിയ ഇന്ത്യയുടെ നട്ടെല്ല്
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചിരുന്നു. സ്റ്റാർട്ടപ്പുകളെ പുതിയ ഇന്ത്യയുടെ നട്ടെല്ല് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥ തകർച്ചയിലായിട്ടും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ചു. 1,583 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം 42 ബില്യൺ ഡോളറിലധികം നേടി. 2021-ൽ 11 സ്റ്റാർട്ടപ്പുകൾ പബ്ലിക് ലിസ്റ്റിംഗ് ചെയ്യുകയും 42 സ്റ്റാർട്ടപ്പുകൾ യൂണികോൺസ് ആകുകയും ചെയ്തു. ദേശീയ സ്റ്റാർട്ടപ്പ് അവാർഡിലൂടെയുളള അഭിനന്ദനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ സ്റ്റാർട്ടപ്പുകൾ നൽകുന്ന സംഭാവന രാജ്യത്തോട് പറയുന്നതിനും സാമൂഹിക മാറ്റത്തിനായി ഒരു സംരംഭക തലമുറയെ സൃഷ്ടിക്കുന്നതിനും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.