channeliam.com

അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായി, എന്നാൽ കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു

അന്ധത, IIT സ്വപ്നത്തിന് വിലങ്ങുതടിയായെങ്കിലും കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ശ്രീകാന്ത് ബൊല്ലയെ പരിചയപ്പെടാം. അന്ധനായി ജനിച്ച ശ്രീകാന്തിനെ അനാഥാലയത്തിൽ വിടാൻ ബന്ധുക്കളും അയൽക്കാരുമൊക്കെ മാതാപിതാക്കളെ ഉപദേശിച്ചിരുന്നു. കുഞ്ഞിനെ മരിക്കാൻ അനുവദിക്കണമെന്ന് വരെ ചിലർ മാതാപിതാക്കളെ ഉപദേശിച്ചു. കുട്ടിക്കാലത്ത് അധ്യാപകരും ക്ലാസ്സിൽ പുറകിൽ ഇരുത്തി അവനെ അവഗണിച്ചു. എന്നാൽ ശ്രീകാന്തിന്റെ മാതാപിതാക്കൾ മകനുവേണ്ടി എല്ലാവരോടും പോരാടുകയും അതേ പോരാട്ട വീര്യം അവനിൽ വളർത്തുകയും ചെയ്തു. ആ ശ്രീകാന്ത് ബൊല്ല ഇന്ന് നൂറ് കോടി വിറ്റുവരവുളള ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണ്.

പ്രചോദനമായത് ശ്രീകാന്തിന്റെ മാതാപിതാക്കൾ

ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലെ സീതാരാമപുരം ഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിലാണ് ശ്രീകാന്ത് ജനിച്ചത്. ശ്രീകാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു, എന്റെ മാതാപിതാക്കളായ ദാമോദർ റാവുവും വെങ്കിടമ്മയും തങ്ങളുടെ കുഞ്ഞ് അന്ധനായി ജനിച്ചതിൽ തകർന്നിരുന്നു. ഗ്രാമപ്രദേശത്തെ ഒരു സ്‌കൂളിൽ എന്നെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ എല്ലാ ഘട്ടങ്ങളിലും അവർക്ക് വ്യവസ്ഥിതിയോട് പോരാടേണ്ടിവന്നു. എന്റെ വിദ്യാഭ്യാസ കാലത്ത് ഓരോ ഘട്ടത്തിലും വെല്ലുവിളികൾ നേരിട്ട എനിക്ക്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ആആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു.

MITയിലെ ആദ്യ ഇന്ത്യൻ അന്ധവിദ്യാർത്ഥി

സയൻസ് പഠിക്കാനുള്ള അവകാശം ശ്രീകാന്ത് പോരാടി നേടിയതാണ്. 12-ാം ക്ലാസ് പരീക്ഷയിൽ 98% മാർക്ക് നേടി ശ്രീകാന്ത് എല്ലാവരുടെയും പ്രതീക്ഷകളെ മറികടന്നിട്ടും ആ കഴിവിൽ വിശ്വസിക്കാൻ സമൂഹം വിസമ്മതിച്ചു. പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകൾ പൂർത്തിയാക്കിയ ശ്രീകാന്ത് IIT സ്വപ്നത്തിന് പിന്നാലെയായിരുന്നു. പക്ഷേ കഠിനമായ JEE പ്രവേശന പരീക്ഷയെ മറികടക്കാൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ശ്രീകാന്തിന് അവസരം നിഷേധിച്ചു. തിരിച്ചടികളിൽ തളരാത്ത ശ്രീകാന്ത്, യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ടെക്‌നോളജി സ്‌കൂളായ MITയിലേക്ക് അപേക്ഷിച്ചു, MITയിലെ ആദ്യ ഇന്ത്യൻ അന്ധവിദ്യാർത്ഥി മാത്രമല്ല, സ്‌കൂളിലെ ആദ്യത്തെ അന്താരാഷ്‌ട്ര അന്ധവിദ്യാർത്ഥി കൂടിയായിരുന്നു ശ്രീകാന്ത്.

നാടിനെ സേവിക്കാൻ Bollant Industries തുടങ്ങി

പഠനം പൂർത്തിയാക്കിയ ശേഷം, ശ്രീകാന്തിന് യുഎസിൽ തുടരാനും അവിടുത്തെ അവസരങ്ങൾ ഉപയോഗിക്കാനും അവസരമുണ്ടായിരുന്നു. എന്നാലും തിരിച്ചുവന്ന് തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ശ്രീകാന്ത് ആഗ്രഹിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ ശ്രീകാന്ത് 2012-ൽ തന്റെ കമ്പനിയായ Bollant Industries സ്ഥാപിച്ചു. സംരംഭകത്വത്തിലുളള ശ്രീകാന്തിന്റെ കഴിവും അഭിനിവേശവും രത്തൻ ടാറ്റ തിരിച്ചറിഞ്ഞു. മെന്ററിങ്ങിന് പുറമേ ശ്രീകാന്തിന്റെ കമ്പനിയിൽ അദ്ദേഹം നിക്ഷേപിക്കുകയും ചെയ്തു. പാക്കേജിംഗ് സൊല്യൂഷനുകൾ നിർമ്മിക്കുന്ന ബൊല്ലന്റ് ഇൻഡസ്ട്രീസ് വളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കുതിച്ചു. വളർന്നു. 2018-ഓടെ കമ്പനി 150 കോടി രൂപയുടെ വിറ്റുവരവിലേക്ക് ഉയർന്നിരുന്നു. ശ്രീകാന്തിന്റെ വ്യാവസായിക സാമ്രാജ്യത്തിന് കർണാടകയിലും തെലങ്കാനയിലുമായി 5 പ്രൊഡക്ഷൻ പ്ലാന്റുകളും 650-ലധികം ജീവനക്കാരുമുണ്ട്.

കാഴ്ചവൈകല്യമുള്ള ആദ്യത്തെ രാഷ്ട്രപതിയാകണം: Sriknanth Bolla

2017-ൽ, ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യാ ലിസ്റ്റിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായി ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പുരസ്കാരങ്ങൾ‌ പിന്നെയും ശ്രീകാന്തിനെ തേടിയെത്തി. 2006-ൽ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഒരു പ്രസംഗത്തിനിടെ അഭിസംബോധന ചെയ്ത വിദ്യാർത്ഥികളിൽ ശ്രീകാന്തും ഉണ്ടായിരുന്നു. ജീവിതത്തിൽ നിങ്ങൾ എന്തായിത്തീരാനാണ് ആഗ്രഹിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശ്രീകാന്ത് ബൊല്ലയുടെ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് ഇന്ത്യയുടെ കാഴ്ചവൈകല്യമുള്ള ആദ്യത്തെ രാഷ്ട്രപതിയാകണം. ജനസംഖ്യയുടെ ഏകദേശം 2.21% ഭിന്നശേഷിക്കാരുള്ള രാജ്യത്ത്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വിജയം നേടിയ ശ്രീകാന്ത് ബൊല്ല പ്രചോദിപ്പിക്കുന്ന ഒരു പ്രതീകവും ഉദാഹരണവുമാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com