channeliam.com

ടെസ്‌ല നിർമാണപ്ലാന്റ് തുടങ്ങാൻ ഇലോൺ മസ്കിനെ ക്ഷണിച്ച് കർണാടക സർക്കാർ

മസ്കിനെ ക്ഷണിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു

ഇലോൺ മസ്കിന്റെ ടെസ്‌ലയെ നിർമാണ പ്ലാന്റ് തുടങ്ങാൻ മാറി മാറി ക്ഷണിക്കുകയാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളും. തെലങ്കാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ നിർമാണ യൂണിറ്റ് തുടങ്ങാൻ മസ്കിനെ ക്ഷണിച്ചിട്ടുണ്ട്. ആ പട്ടികയിൽ ഇപ്പോൾ കർണാടക സർക്കാരും ഇടം പിടിച്ചു. ഇന്ത്യയുടെ ടെക്നോളജി ഹബ്ബായി തുടരുന്ന കർണാടക ഇന്ത്യയുടെ ഇലക്ട്രിക് ഹബ്ബാകാനും ലക്ഷ്യമിടുന്നു. ടെസ്‌ലയുടെ ഇന്ത്യയിലെ രജിസ്ട്രേഡ് ഓഫീസ് ബംഗളുരുവിലാണെന്നതും കർണാകയുടെ ക്ഷണത്തിന് പ്രാധാന്യം നൽകുന്നു. ടെസ്‌ല വരുമോ? എന്ന് ചോദിച്ചാൽ വരുമെന്നോ ഇല്ലെന്നോ പറയാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. മസ്ക് തന്നെ ട്വിറ്ററിലൂടെ പല തവണ ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞു. നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ യുഎസ് ആസ്ഥാനമായുള്ള ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും സർക്കാരുമായി അനുനയ ചർച്ചകൾ തുടരുകയാണെന്നും പലകുറി അറിയിച്ചു കഴിഞ്ഞു.

ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം

2021 ജനുവരിയിൽ, കമ്പനി രാജ്യത്തെ ഓട്ടോമൊബൈൽ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു എന്ന സൂചനകൾക്കിടയിൽ ടെസ്‌ല അതിന്റെ ഇന്ത്യൻ കമ്പനി രജിസ്റ്റർ ചെയ്തു. റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവിലാണ് രജിസ്റ്റർ ചെയ്തത്. ഒരു ലക്ഷം രൂപ പെയ്‍ഡ് അപ്പ് ക്യാപിറ്റലുമായി അൺലിസ്റ്റഡ് പ്രൈവറ്റ് സ്ഥാപനമായി കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ഫെബ്രുവരിയിൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ടെസ്‌ല കർണാടകയിൽ കാർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു.

എന്താണ് ടെസ്‌ല നേരിടുന്ന പ്രശ്നം

കഴിഞ്ഞ വർഷം, ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ടെസ്‌ല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നികുതിയിളവുകൾ പരിഗണിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കാനായിരുന്നു കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഇലക്ട്രിക് കാർ മേക്കറോട് ആവശ്യപ്പെട്ടത്. ഒരു ഓട്ടോമോട്ടീവ് കമ്പനിക്കും ഇത്തരം ഇളവുകൾ നൽകുന്നില്ലെന്നും ടെസ്‌ലയ്ക്ക് ഡ്യൂട്ടി ആനുകൂല്യങ്ങൾ നൽകുന്നത് ഇളവുകളില്ലാതെ ഇന്ത്യയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിച്ച മറ്റ് കമ്പനികൾക്ക് നല്ല സൂചന നൽകില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. നിലവിൽ, പൂർണ്ണമായി നിർമ്മിച്ച യൂണിറ്റുകളായി (CBUs) ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് എഞ്ചിൻ വലുപ്പവും ചെലവും ഇൻഷുറൻസ്, ഫ്രൈറ്റ് (CIF) വാല്യു 40,000 ഡോളറിൽ കുറവോ അതിൽ കൂടുതലോ ആണെങ്കിൽ അതനുസരിച്ച് 60 മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ നൽകണം. രാജ്യത്ത് വാർഷിക കാർ വിൽപ്പനയുടെ 1% മാത്രമാണ് EV- കൾ എന്നതിനാൽ വിലയേറിയ ടെസ്‌ലയുടെ വിപണി പ്രവേശം ചെലവേറിയ താണെന്നതാണ് മസ്കിനെ നിരന്തര ചർച്ചകൾക്ക് പ്രേരിപ്പിക്കുന്നത്. പൂർണ്ണമായും നിർമിച്ച ഇലക്ട്രിക് കാറുകൾ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് പരസ്യമായ ഒരു പ്രഖ്യാപനവും ടെസ്‌ല ഇതുവരെ നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ നിർമിക്കുന്നതിനോ ടെസ്‌ലക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ടെസ്‌ലക്ക് നേരത്തെ ലഭിച്ചിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com