channeliam.com

ചിപ്പ് രൂപകൽപനയ്‌ക്കായി ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുമായി കേന്ദ്രസർക്കാർ

ചിപ്പ് ഡിസൈൻ ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും ക്ഷണം

രാജ്യത്ത് അർദ്ധചാലക ചിപ്പ് രൂപകൽപനയ്‌ക്കായി ഊർജ്ജസ്വലമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതിക്ക് കീഴിൽ ആഭ്യന്തര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ എന്നിവയിൽ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു.

76,000 കോടി പാക്കേജിന്റെ ഭാഗമായ പദ്ധതി
സെമികണ്ടക്ടർ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് ആഭ്യന്തര ചിപ്പ് ഡിസൈൻ സ്ഥാപനങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബറിൽ കേന്ദ്രം പ്രഖ്യാപിച്ച 76,000 കോടി (10 ബില്യൺ ഡോളർ) പാക്കേജിന്റെ ഭാഗമായ ഈ പദ്ധതി, അർദ്ധചാലക ഡിസൈനിംഗിൽ ഏർപ്പെട്ടിരിക്കുന്ന കുറഞ്ഞത് 20 ആഭ്യന്തര കമ്പനികളെയെങ്കിലും പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ 1500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവ് കൈവരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.

C-DAC നോഡൽ ഏജൻസിയായി പ്രവർത്തിക്കും

ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന
C-DAC (Centre for Development of Advanced Computing) DLI സ്കീം നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കും.ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ICs), ചിപ്‌സെറ്റ്സ്, സിസ്റ്റം ഓൺ ചിപ്‌സ് (SoCs), സിസ്റ്റംസ് & IP കോർസ്, സെമികണ്ടക്ടർ ലിങ്ക്ഡ് ഡിസൈൻ എന്നിവയ്‌ക്കായുള്ളതാണ് പദ്ധതി. ആഭ്യന്തര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്‌എംഇകൾ എന്നിവയ്ക്ക് പദ്ധതിയുടെ ഭാഗമാകാം.

മൂന്ന് ഘടകങ്ങളാണ് സ്കീമിന് ഉള്ളത്

ചിപ്പ് ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ട്, പ്രൊഡക്റ്റ് ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ്, ഡിപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ഈ സ്കീമിന് ഉള്ളത്. ചിപ്പ് ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ സപ്പോർട്ടിന് കീഴിൽ, ചിപ്പ് സെന്റർ സി-ഡാക് സജ്ജീകരിക്കും.
ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ, അർദ്ധചാലക രൂപകൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന അംഗീകൃത അപേക്ഷകർക്ക് ധനസഹായമായി 15 കോടി രൂപ പരിധിക്ക് വിധേയമായി അർഹമായ ചെലവിന്റെ 50% വരെ റീഇംബേഴ്സ്മെന്റ് നൽകും. ഡിപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് കീഴിൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ICകൾ), ചിപ്‌സെറ്റുകൾ, സിസ്റ്റം ഓൺ ചിപ്‌സ് (SoCs) എന്നിവയ്‌ക്കായുള്ള അർദ്ധചാലക രൂപകൽപ്പനയുള്ള അംഗീകൃത അപേക്ഷകർക്ക് 30 കോടി രൂപ പരിധിക്ക് വിധേയമായി 5 വർഷത്തെ മൊത്തം വിൽപ്പന വിറ്റുവരവിന്റെ 6% മുതൽ 4% വരെ ഇൻസെന്റീവ് നൽകും. സ്‌കീമിന് കീഴിൽ ഇൻസെന്റീവ് ക്ലെയിം ചെയ്യുന്ന അംഗീകൃത അപേക്ഷകരെ
അവരുടെ ആഭ്യന്തര പദവി നിലനിർത്താൻ പ്രോത്സാഹിപ്പിക്കും. അതായത് സ്കീമിന് കീഴിൽ ഇൻസെന്റീവ് ക്ലെയിം ചെയ്തതിന് ശേഷം മൂന്ന് വർഷത്തേക്ക് മൂലധനത്തിന്റെ 50%-ൽ കൂടുതൽ ഇന്ത്യൻ പൗരൻമാർക്കോ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥതയിലോ നിലനിർത്തണം.

സ്വയം രജിസ്റ്റർ ചെയ്യാം

2022 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ നൽകുന്നതിനായി – www.chips-dli.gov.in. എന്ന പോർട്ടൽ സന്ദർശിക്കണം. അപേക്ഷകർക്ക് DLI സ്കീമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പോർട്ടലിൽ കണ്ടെത്തി സ്വയം രജിസ്റ്റർ ചെയ്യാം.

ചിപ്സ് ടു സ്റ്റാർട്ടപ്പ്

ആഭ്യന്തര അർദ്ധചാലക നിർമാണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ചിപ്സ് ടു സ്റ്റാർട്ടപ്പ്. ഈ സ്റ്റാർട്ടപ്പ്-പ്രോഗ്രാമിലൂടെ 100 അക്കാദമിക്, ആർ & ഡി ഓർഗനൈസേഷനുകൾ, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ എന്നിവയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം അപേക്ഷ തേടിയിട്ടുണ്ട്. C2S പ്രോഗ്രാം 85,000 എഞ്ചിനീയർമാരെ VLSI, എംബഡഡ് സിസ്റ്റം ഡിസൈൻ എന്നിവയിൽ പരിശീലനം നൽകാൻ ലക്ഷ്യമിടുന്നു. ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആന്റ് മാനുഫാക്ചറിംഗ് (ESDM) മേഖലയിൽ കുതിച്ചുയരാനുള്ള ഒരു ചുവടുവയ്പായിരിക്കും ഇതെന്ന് സർക്കാർ പറയുന്നു. ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, സർക്കാർ/സ്വകാര്യ കോളേജുകൾ, ആർ ആൻഡ് ഡി ഓർഗനൈസേഷനുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള നൂറോളം അക്കാദമിക് സ്ഥാപനങ്ങളിലും ആർ ആൻഡ് ഡി ഓർഗനൈസേഷനുകളിലും പരിപാടി നടപ്പാക്കും.

MSMEകൾക്കും പ്രോഗ്രാമിൽ പങ്കെടുക്കാം

 ഗ്രാൻഡ് ചലഞ്ച്/ഹാക്കത്തോണുകൾ/RFP എന്നിവയ്ക്ക് കീഴിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. C-DAC (Centre for Development of Advanced Computing) ആണ് പ്രോഗ്രാമിന്റെ നോഡൽ ഏജൻസി. ഓൺലൈൻ അപേക്ഷകൾ ചിപ്‌സ് ടു സ്റ്റാർട്ടപ്പ് (C2S) വെബ്‌സൈറ്റിൽ ജനുവരി 31 വരെ നൽകാം. പദ്ധതി നിർദ്ദേശങ്ങൾ പോർട്ടലിൽ നിർദ്ദേശിച്ചിരിക്കുന്ന ഫോർമാറ്റിൽ C2S പോർട്ടലിൽ (www.c2s.gov.in) സമർപ്പിക്കണം. പ്രോഗ്രാമിന് കീഴിൽ അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ പോർട്ടലിൽ നിർവചിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതവുമായിരിക്കണം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com