channeliam.com

500 യുഎസ് യൂണികോണുകളിൽ 90 സംരംഭങ്ങളിലും സ്ഥാപകർ ഇന്ത്യൻ വംശജർ

യൂണികോൺ യുഎസിൽ ആയാലും സ്ഥാപകർ ഇന്ത്യയിൽ നിന്ന്

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിലെ ഫിനാൻസ് പ്രൊഫസറായ ഇല്യ എ. സ്‌ട്രെബുലേവ് നടത്തിയ സമീപകാല പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ കാണിക്കുന്നത്, യു.എസിലെ 500 യൂണികോണുകളുടെ 1078 സ്ഥാപകരിൽ 90 സംരംഭകരും ഇന്ത്യൻ വംശജരാണെന്നതാണ്. രാജ്യത്തെ സ്റ്റാർട്ടപ്പിലും ടെക് സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യൻ അമേരിക്കക്കാരുടെ ഗണ്യമായ സാന്നിധ്യത്തെ ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. യുഎസ് വംശജർ അല്ലാത്ത 44% യൂണികോൺ സ്ഥാപകരിൽ, ഇന്ത്യയിൽ ജനിച്ച സ്ഥാപകരുടെ എണ്ണം ഏറ്റവും ഉയർന്നതാണ് – 90. ഇസ്രായേൽ-52, കാനഡ-42, യുകെ31, ചൈന-27 എന്നിങ്ങനെയാണ് യു.എസിൽ ജനിച്ചവരല്ലാത്ത മറ്റു സംരംഭ സ്ഥാപകരുടെ കണക്ക്. സ്റ്റാർട്ടപ്പ് സ്ഥാപകർ മാത്രമല്ല, ഇന്ത്യൻ വംശജരായ എക്‌സിക്യൂട്ടീവുകൾ ഗൂഗിളും മൈക്രോസോഫ്റ്റും ട്വിറ്ററും പോലെ ഏറ്റവും ശക്തമായ ടെക് ഭീമൻമാരുടെ തലപ്പത്ത് പ്രവർത്തിക്കുന്നു. വസ്തുതകൾ ഇങ്ങനെയാണെങ്കിലും നിരവധി ഇന്ത്യൻ ടെക്നോളജി പ്രൊഫഷണലുകൾ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങാൻ നോക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

പടർന്ന് പന്തലിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം

പ്രൊഫസറുടെ കണ്ടെത്തലിലെ വസ്തുതകൾ നില നിൽക്കുമ്പോൾ തന്നെയാണ് സിലിക്കൺ വാലി ആസ്ഥാനമായുള്ള ടെക്നോളജി പ്രസിദ്ധീകരണമായ ദി ഇൻഫർമേഷൻസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് പ്രസക്തമാകുന്നത്. യുഎസിലെ ഇന്ത്യൻ കുടിയേറ്റക്കാർ വിസ പ്രശ്‌നങ്ങൾക്കും ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്ന പ്രതീക്ഷയ്ക്കും ഇടയിൽ അവരുടെ അമേരിക്കൻ സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നതിനുളള പ്രവണത വർദ്ധിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വർഷാവർഷം വർദ്ധിച്ചുവരുന്ന യൂണികോണുകൾക്ക് സാക്ഷ്യം വഹിക്കുന്നു എന്നത് മാത്രമല്ല, യൂണികോണുകളായി മാറുന്നതിന്റെ വേഗത പോലും അതിശയിപ്പിക്കും വിധമാണ്. കോവിഡിനിടയിലും 2021 നൽകിയ പ്രതീക്ഷയിൽ ഈ പ്രവണത 2022-ലും അവസാനിക്കുന്നില്ല. 2022-ലെ ആദ്യ ദിവസം തന്നെ ഈ വർഷത്തെ ആദ്യത്തെ യൂണികോൺ ഇന്ത്യയ്ക്ക് ലഭിച്ചു!.

വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഓറിയോസ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഫ്ലിപ്കാർട്ട് ഏറ്റവും മൂല്യമുള്ള യൂണികോൺ ആയിരുന്നു (2021 ജൂലൈയിൽ 3.6 ബില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം $37.6 ബില്യൺ). അതേസമയം യൂണികോൺ ആകാൻ വെറും 6 മാസം മാത്രമെടുത്ത് അതിശയിപ്പിച്ചത് മെൻസ ബ്രാൻഡ്സാണ്. 2021 മെയ് മാസത്തിൽ ആദ്യത്തെ 50 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം നവംബർ 2021 റൗണ്ടിൽ മെൻസ യൂണികോണായി. 10 ബില്യൺ ഡോളറും അതിന് മുകളിലും മൂല്യമുള്ള കമ്പനികളെ വിശേഷിപ്പിക്കുന്ന ഡെക്കാകോണുകളുടെ ഗണത്തിൽ ഇന്ത്യക്ക് നാല് കമ്പനികളാണുളളത്. ഫ്ലിപ്പ്കാർട്ട്, പേടിഎം, ബൈജൂസ്, ഒയോ റൂംസ് എന്നിവയാണത്. 2021-ൽ മാത്രം 46 യൂണികോണുകൾ ഉള്ളതിനാൽ, 2021-ൽ ഇതുവരെയുളള വരെ ആകെ യൂണികോണുകളുടെ എണ്ണം 90 ആയിട്ടുണ്ട്.

ബെംഗളൂരു-ഇന്ത്യയുടെ യൂണികോൺ ഹബ്

റിപ്പോർട്ട് പ്രകാരം, 2021-ൽ ബംഗളുരുവിൽ നിന്ന് 18 യൂണികോണുകളും മൊത്തത്തിൽ 35 യൂണികോണുകളുമായി ബെംഗളൂരു ഇന്ത്യയുടെ ‘യൂണികോൺ ഹബ്’ ആയിരുന്നു. അത് മാത്രമല്ല. ലോകത്തിലെ ഏഴാമത്തെ വലിയ യൂണികോൺ നഗരം എന്ന കൂടിയായി ബെംഗളൂരു മാറി. 2021-ൽ 13 യൂണികോണുകളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഐപിഒയിൽ പണം വാരിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

പബ്ലിക് ലിസ്റ്റിംഗ് ചെയ്ത ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറ്റവും ഉയർന്ന മാർക്കറ്റ് ക്യാപിറ്റലൈസേഷൻ സൊമാറ്റോയ്‌ക്കാണ് -14.8 ബില്യൺ ഡോളർ. നൈക -13.5 ബില്യൺ ഡോളർ, നാസ്ഡാകിൽ ലിസ്റ്റ് ചെയ്ത ഫ്രഷ്‌വർക്ക്സ് -6.9 ബില്യൺ ഡോളർ എന്നിവയാണ് കരുത്ത് തെളിയിച്ചത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com