സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മരണയിൽ 1,000 ഡ്രോണുകളുടെ ഡ്രോൺ ലൈറ്റ് ഷോ
രാജ്പഥിൽ വർണം വിതറാൻ 1,000 ഡ്രോണുകൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ. 1,000 ഡ്രോണുകൾ പങ്കെടുക്കുന്ന ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. ജനുവരി 29ന് രാജ്പഥിൽ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിലാണ് പരിപാടി. പത്ത് മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡ്രോൺ ഷോ. ഇത്രയും വലിയ ഡ്രോൺ ഷോ സംഘടിപ്പിക്കുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ചൈന, റഷ്യ, യുകെ എന്നിവയാണ് ഇത്തരം വിപുലമായ ഡ്രോൺ ഷോ ഇതിനു മുൻപ് സംഘടിപ്പിച്ചിട്ടുളളത്. ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയുടെ ഭാഗമായി ആദ്യമായാണ് ഡ്രോൺ-ലേസർ ഷോ സംഘടിപ്പിക്കുന്നത്.
ഡ്രോണുകളുമായി IIT സ്റ്റാർട്ടപ്പ്
ഡൽഹി IIT സ്റ്റാർട്ടപ്പായ ബോട്ട്‌ലാബ് ഡൈനാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡ്രോൺ ഷോ വിഭാവനം ചെയ്തിരിക്കുന്നത്. പൂർണമായും തദ്ദേശീയമായിട്ടാണ് ഡ്രോണുകളുടെ നിർമാണം. ഡ്രോണിന്റെ ബ്രെയിൻ എന്ന് പറയുന്ന ഫ്ലൈറ്റ് കൺട്രോളർ, ജിപിഎസ്, മോട്ടോർ കൺട്രോളർ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, അൽഗോരിതം ഉൾപ്പെടെ ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ആവശ്യമായ എല്ലാ ഘടകങ്ങളും തദ്ദേശീയമായിട്ടാണ് വികസിപ്പിച്ചെടുത്തിട്ടുളളത്.
കോവിഡ് കാലത്തും ഡ്രോണുകൾ
കോവിഡ് കാലത്ത് രാജ്യത്ത് ദുഷ്‌കരമായ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകൾ എത്തിക്കുന്നതിലും ഡ്രോണുകൾ നിർണായക പങ്ക് വഹിച്ചിരുന്നു. വിവിധ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കേന്ദ്രസർക്കാർ ഇതിനായി പദ്ധതി നടപ്പാക്കിയിരുന്നു. Medicines from the Sky എന്ന പ്രോജക്ട് പല സംസ്ഥാനങ്ങളിലും വിജകരമായിരുന്നു.