5G വിന്യാസം പൂർത്തിയാകും മുൻപേ 6G-യിൽ പദ്ധതികളുമായി റിലയൻസ് ജിയോ
ഫിന്നിഷ് യൂണിവേഴ്സിറ്റിയുമായി 6G-യിൽ കരാർ
ഇന്ത്യയിൽ 5G വിന്യാസം ആരംഭിച്ച് തുടങ്ങിയതേയുളളൂ, റിലയൻസ് ജിയോ 6G-യിൽ ഒരുപടി മുമ്പേ കുതിച്ചു തുടങ്ങി. 6G-യിൽ ഗവേഷണ വികസന പദ്ധതികളിൽ ഫിൻലാൻഡിലെ ഔലു യൂണിവേഴ്സിറ്റിയുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് ജിയോ. ഏരിയൽ ആൻഡ് സ്പേസ് കമ്മ്യൂണിക്കേഷൻ, ഹോളോഗ്രാഫിക് ബീംഫോമിംഗ്, സൈബർ സുരക്ഷ, മൈക്രോ ഇലക്ട്രോണിക്സ് ഫോട്ടോണിക്സ് തുടങ്ങിയ മേഖലകളിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ 4G-യിൽ നിന്ന് 5G സേവനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് റിലയൻസ് ജിയോയുടെ 6G-യിലേക്കുളള ഈ കുതിച്ചുചാട്ടം.
പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്‌സ്, ഇൻഡസ്ട്രിയൽ മെഷീനറി, കൺസ്യൂമർ ഗുഡ്സ്, നിർമ്മാണം, നവീന വ്യക്തിഗത സ്മാർട്ട് ഉപകരണ ങ്ങൾ, അർബൻ കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് സെറ്റിംഗ്സ് തുടങ്ങിവയിൽ 6G സർവീസിൽ കമ്പനികളുമായി മത്സരിക്കാൻ ജിയോയ്ക്ക് ഇതിലൂടെ സാധ്യമാകും. ജിയോയുടെ 5G സേവനങ്ങൾക്ക് കരുത്ത് പകരാനും പുതിയ കൂട്ടുകെട്ട് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔലു യൂണിവേഴ്സിറ്റിയുമായുളള 6G ഗവേഷണത്തിലും വികസനത്തിലുമുളള പങ്കാളിത്തം 5G-യിലെ ജിയോ ലാബിന്റെ പ്രവർത്തനങ്ങളിൽ ഗുണകരമാകുമെന്ന് ജിയോ പ്ലാറ്റ്‌ഫോമിന്റെ സീനിയർ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗർ പറഞ്ഞു. കമ്പ്യൂട്ടർ ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി 2018-ൽ സ്ഥാപിതമായ Jio Estonia OÜ വഴിയാണ് റിലയൻസ് ഈ പങ്കാളിത്തത്തിലേർപ്പെടുന്നത്.
6G-യിൽ ടാസ്ക് ഫോഴ്സ്
ആഗോളതലത്തിൽ, മിക്ക ടെലികോം കമ്പനികളും 5G സേവനങ്ങൾ അവതരിപ്പിച്ച് തുടങ്ങിയതേയുളളൂവെങ്കിലും 6G-യിലേക്കുളള ഗവേഷണ വികസന പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. സെക്കൻഡിൽ 1 ടെറാബൈറ്റ് എന്ന നിലയിലുളള ഡാറ്റ നിരക്കുകൾ 6G പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6G-യ്‌ക്കായുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങളും വിവിധ വാണിജ്യ ഉപയോഗ രീതികളും മനസിലാക്കുന്നതിനായി കേന്ദ്രം ഒന്നിലധികം ടാസ്‌ക് ഫോഴ്‌സസ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്‌സിൽ അക്കാമിക്, ഗവൺമെന്റ്, ഇൻഡസ്ട്രി എന്നിവയിൽ നിന്നുളള പ്രതിനിധികളാണ് ഉൾപ്പെടുന്നത്.
ജിയോ സബ്സ്ക്രൈബേഴ്സിന് ഗുണമാകും
ജിയോയ്ക്ക് ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. ഉപഭോക്തൃ സേവനത്തിൽ ബിഗ് ഡാറ്റ കൈമാറ്റം ചെയ്യാനുള്ള ശേഷി നിർണ്ണായകമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഡിജിറ്റൽ സേവനങ്ങളുടെയും വെർച്വൽ ലോകങ്ങളുടെയും ഇന്നത്തെ വികസനം കണക്കിലെടുക്കുമ്പോൾ ഈ പങ്കാളിത്തം ജിയോയ്ക്ക് അനിവാര്യമാണ്. ജിയോ പ്ലാറ്റ്‌ഫോമുകൾക്ക് ഇതിനകം തന്നെ അതിന്റെ 5G RAN, കോർ പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്കായി സജീവമായ ഒരു ഡെവലപ്മെന്റ് പ്രോഗ്രാം ഉണ്ട്. ഇത് Jio Labs വഴിയാണ് സാധ്യമാക്കുന്നത്. പുതിയ സഹകരണം ജിയോയുടെ 5G സേവനം കൂടുതൽ വിപുലീകരിക്കുകയും അത്യാധുനിക ഗവേഷണത്തിനും വികസനത്തിലൂടെ, 6G കാലഘട്ടത്തിലേക്ക് കുതിക്കാൻ സഹായിക്കുകയും ചെയ്യും.