പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ത്യയിലെ 5 ബില്യൺ ഡോളറിന്റെ കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കുന്നു. കടുത്ത വേനൽക്കാലം പടിവാതിൽക്കൽ നിൽക്കെ, പ്ലാസ്റ്റിക് കുപ്പികൾ, മൂടികൾ (Caps), ലേബലുകൾ, കാർഡ്ബോർഡ് ബോക്സുകൾ എന്നിവയുടെ നിർമ്മാണച്ചെലവ് കുത്തനെ ഉയർന്നതാണ് വിപണിയെ തളർത്തുന്നത്. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ വില കിലോയ്ക്ക് 170 രൂപയായി ഉയർന്നു. ഇത് മുൻപത്തെ നിരക്കിനെ അപേക്ഷിച്ച് 50 ശതമാനത്തോളം വർധനയാണ്. വരും ദിവസങ്ങളിൽ ഈ പ്രതിസന്ധി ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുമെന്നും ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകുമെന്നും ഓൾ ഇന്ത്യ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ വൻകിട കമ്പനികൾ അധികച്ചെലവ് സ്വയം സഹിച്ച് ഇപ്പോഴത്തെ വില നിലനിർത്തുന്നുണ്ടെങ്കിലും, രാജ്യത്തെ രണ്ടായിരത്തോളം വരുന്ന ചെറുകിട നിർമ്മാതാക്കൾ വിതരണക്കാർക്കുള്ള വില കുപ്പിക്ക് ഒരു രൂപ വരെ വർധിപ്പിച്ചു കഴിഞ്ഞു. പ്രീമിയം മിനറൽ വാട്ടർ വിഭാഗത്തിലും വില വർധന പ്രകടമാണ്. ചില പ്രീമിയം ബ്രാൻഡുകൾ ഇതിനകം 18 ശതമാനം വരെ വില കൂട്ടിയിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടരുകയാണെങ്കിൽ അടുത്ത 4-5 ദിവസത്തിനുള്ളിൽ സാധാരണക്കാരായ ഉപഭോക്താക്കൾ കുപ്പിവെള്ളത്തിന് കൂടുതൽ തുക നൽകേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.
Packaged drinking water prices in India may rise as crude oil hikes drive up plastic packaging costs by 50%. Small manufacturers hike rates ahead of summer.
