channeliam.com

നിർമ ബ്രാൻഡിനെ മകളെപ്പോലെ വളർത്തിയ Karsanbhai Patel

90-കളിലെ ടിവി സ്‌ക്രീനിൽ വാഷിംഗ് പൗഡർ Nirma-യുടെ പരസ്യം കണ്ട എല്ലാവർക്കും ആകർഷകമായ ആ ജിംഗിളും നിർമ പെൺകുട്ടിയെയും  മറക്കാൻ കഴിയില്ല. അത്രമാത്രം ആ പരസ്യവും ബ്രാൻഡും ആളുകളിലേക്ക് എത്തിച്ചേർന്നിരുന്നു. നിർമ്മ വാഷിംഗ് പൗഡറിന് പിന്നിലെ മനുഷ്യൻ Karsanbhai Patel-ന്റെ വിജയകഥ കേൾക്കാം. ബിസിനസ്സ് ഏതൊരു ഗുജറാത്തിയുടെയും രക്തത്തിലുള്ളതാണെന്ന് പൊതുവെ പറയാറുണ്ട്. സർക്കാർ ജോലി ഉപേക്ഷിച്ച്  ബിസിനസിലേക്കിറങ്ങിയ Karsanbhai Patel രചിച്ചതും ഒരു വിജയകഥയാണ്. സൈക്കിളിൽ വീടുതോറും ഡിറ്റർജന്റുകൾ വിൽക്കുകയും പിന്നീടതിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിറ്റർജന്റ് ബ്രാൻഡുകളിലൊന്നായി വളർത്തിയെടുക്കുകയും ചെയ്ത കഥ. നിർമ ബ്രാൻഡിനെ മകളെപ്പോലെ വളർത്തി ഈ മനുഷ്യൻ.


സർ‌ക്കാർ ജോലിക്കാരനിൽ നിന്ന്  സംരംഭകനിലേക്ക്

1945-ൽ ഗുജറാത്തിലെ രുപ്പൂറിൽ (Ruppur) ഒരു കർഷക കുടുംബത്തിൽ ജനിച്ച Karsanbhai Patel കെമിസ്ട്രിയിൽ ബിരുദം നേടി ഒരു സ്ഥിര ജോലിക്കായി ശ്രമിച്ചു. ലാൽഭായ് ഗ്രൂപ്പിന്റെ ന്യൂ കോട്ടൺ മിൽസിൽ, ലാബ് ടെക്‌നീഷ്യനായി കർസൻഭായ് ജോലി ചെയ്തു. തുടർന്ന് അദ്ദേഹം ഗുജറാത്ത് സർക്കാരിൽ ജിയോളജി ആൻഡ് മൈനിംഗ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയിൽ പ്രവേശിച്ചു. സർ‌ക്കാർ ജോലിക്കാരനായ കർസൻഭായ് പട്ടേൽ പിന്നീട് എങ്ങനെയാണ് നിർമ്മ സോപ്പ് കണ്ടുപിടിച്ചതെന്നാണ് കഥയിലെ അടുത്ത ട്വിസ്റ്റ്.

നഷ്ടപ്പെട്ട മകൾ നിരുപമയുടെ വിളിപ്പേരാണ് നിർമ

1969- കാലം കർസൻഭായിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു. സോഡാ ആഷും മറ്റ് ചില ഇൻഗ്രീഡിയന്റ്സും മിക്സ് ചെയ്ത് ഒരു നല്ല ഡിറ്റർജന്റ് ഫോർമുല Karsanbhai Patel നിർമിച്ചു. ആ ഫോർമുല ഉപയോഗിച്ച്  വീടിന് പിന്നിലെ 100 ചതുരശ്ര അടി പുരയിടത്തിൽ ഡിറ്റർജന്റുകൾ നിർമിക്കാൻ  തുടങ്ങി. ജീവിതത്തിൽ എല്ലാം ശരിയായി പോകുന്നു എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കാറപകടത്തിലൂടെ തന്റെ മകളെ കർസൻഭായിക്ക് നഷ്ടമാകുന്നത്. എന്നാൽ‌ മകളുടെ നഷ്ടത്തിൽ കരഞ്ഞ് തളരാതെ അതിജീവിക്കാനും തന്റെ ബ്രാൻഡിലൂടെ മകളെ അനശ്വരയാക്കാനുമാണ് Karsanbhai ആഗ്രഹിച്ചത്. ആ ഉൽപ്പന്നം കർസൻഭായിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു, അതിനാൽ അദ്ദേഹം അതിന് ‘നിർമ’ എന്ന് പേരിടാൻ തീരുമാനിച്ചു. അകാലത്തിൽ നഷ്ടപ്പെട്ട മകളായ   നിരുപമയുടെ വിളിപ്പേരായിരുന്നു നിർമ. എല്ലാവരും അവളെ ഓർക്കുമെന്ന്  ഉറപ്പാക്കാൻ ഡിറ്റർജന്റ് പായ്ക്കിലും ടിവി പരസ്യങ്ങളിലും മകളെ അനശ്വരയാക്കികൊണ്ട് വെളുത്ത ഫ്രോക്കിലുള്ള പെൺകുട്ടി ഇടംപിടിച്ചു.

മുൻനിര ഡിറ്റർജന്റ് ബ്രാൻഡുകളുടെ മൂന്നിലൊന്ന് വില

ഹാൻഡ് മെയ്ഡ് ആയിട്ടുളള ഡിറ്റർജന്റ് പാക്കറ്റുകൾ കിലോയ്ക്ക് 3 രൂപ നിരക്കിൽ വീടുതോറും വിറ്റു. അക്കാലത്ത്, ഡിറ്റർജന്റും സോപ്പ് നിർമ്മാണവും ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയായിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ സർഫിന് കിലോ ഗ്രാമിന് 13 രൂപയായിരുന്നു വില. മുൻനിര ഡിറ്റർജന്റ് ബ്രാൻഡുകളുടെ മൂന്നിലൊന്ന് വില ഈടാക്കുന്നത് അദ്ദേഹത്തിന്റെ  വിജയ മന്ത്രമായിരുന്നു. വീട്ടമ്മമാരെ ആകർഷിക്കുന്ന പരസ്യങ്ങളുമായി നിർമ്മ ഡിറ്റർജന്റ് പിന്നീട് വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. ഒരു പിതാവിന് തന്റെ മകളോടുള്ള സ്നേഹം  രാജ്യത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

സംരംഭകത്വം പഠിപ്പിക്കാൻ Nirma യൂണിവേഴ്സിറ്റി

1995ൽ അഹമ്മദാബാദിൽ  Nirma  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ചതോടെ കർസൻഭായ് പട്ടേൽ നിർമ്മയ്ക്ക് വ്യത്യസ്തമായ ഒരു ഐഡന്റിറ്റി നൽകി. അതിനുശേഷം, 2003 ഏപ്രിലിൽ, ഗുജറാത്ത് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി പാസാക്കിയ ഒരു പ്രത്യേക നിയമപ്രകാരം നിർമ്മ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ നിർമ്മ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. സംരംഭകരെ പരിശീലിപ്പിക്കാനും ഇൻകുബേറ്റുചെയ്യാനും ലക്ഷ്യമിട്ടുള്ള നിർമ്മലാബ്സ് പ്രോജക്ട് 2004-ലാണ് ആരംഭിച്ചത്.

കർസൻഭായ് പട്ടേലിന്റെ ആസ്തി 4.9 ബില്യൺ ഡോളർ

വൈവിധ്യവത്കരണത്തിലൂടെ നിലവിൽ Nirma ഗ്രൂപ്പ്, സിമന്റ്‌സ്, ഡിറ്റർജന്റുകൾ, സോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നീ പ്രധാന ബിസിനസുകളിലേക്ക് കൂടി വന്നു. ഫോർബ്സിന്റെ 2021-ലെ കണക്കനുസരിച്ച് കർസൻഭായ് പട്ടേലിന്റെ ആസ്തി 4.9 ബില്യൺ ഡോളറാണ്.  2010ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. കർസൻഭായ് പട്ടേലിന്റെ വിജയകരമായ ബിസിനസ്സ്  ഇപ്പോൾ, മക്കളായ രാകേഷ് പട്ടേലിന്റെയും ഹിരേൻഭായ് പട്ടേലിന്റെയും കൈകളിൽ സുരക്ഷിതമാണ്. ഇന്നും, ലോകത്തിലെ ഏറ്റവും വലിയ സോഡാ ആഷ് നിർമ്മാതാവായി നിർമ്മ തുടരുന്നു.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com