Tata Air India; ഇനി എന്ത് മാറ്റമാണ് വരുന്നത്?

68 വർഷത്തിനു ശേഷം മഹാരാജാവ് സ്വന്തം ഗൃഹത്തിൽ

എയർ ഇന്ത്യ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ സാറ്റ്‌സ് (50% ഓഹരി) എന്നിവയും ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് സർക്കാർ പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ വിറ്റഴിക്കൽ അവസാനിച്ചു. അഞ്ച് വർഷം മുമ്പ് ആരംഭിച്ച ഓഹരി വിറ്റഴിക്കൽ പ്രക്രിയ അവസാനിപ്പിച്ച് നിയന്ത്രണവും മാനേജ്‌മെന്റും സഹിതം എയർ ഇന്ത്യയുടെ ഓഹരികൾ ടാറ്റ സൺസിന്റെ അനുബന്ധ സ്ഥാപനമായ ടാലേസിന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച കൈമാറി. 68 വർഷത്തിനു ശേഷം മഹാരാജാവ് സ്വന്തം ഗൃഹത്തിലേക്കെത്തി. 1932-ൽ ടാറ്റ എയർ സർവീസസ് എന്ന പേരിൽ ആരംഭിച്ച പ്രവർത്തനം 1953-ലായിരുന്നു ദേശസാൽക്കരിക്കപ്പെട്ടത്. എയർ ഇന്ത്യയ്ക്ക് ഇനി എന്ത് മാറ്റമാണ് വരുന്നത്?

ജീവനക്കാർക്ക് എന്ത് സംഭവിക്കും?

ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയുടെ 12,085 ജീവനക്കാരെയും കുറഞ്ഞത് ഒരു വർഷമെങ്കിലും നിലനിർത്തേണ്ടിവരും. അതിനുശേഷം ഒരു വോളണ്ടറി റിട്ടയർമെന്റ് സ്കീം വാഗ്ദാനം ചെയ്തേക്കാം. എയർ ഇന്ത്യയുടെയും മുൻ ഇന്ത്യൻ എയർലൈൻസിലെയും നിലവിലുള്ള എല്ലാ ജീവനക്കാർക്കും കേന്ദ്ര സർക്കാർ ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നൽകുന്നത് തുടരും. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിന് ശേഷം ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ജീവനക്കാരുടെ താൽപ്പര്യങ്ങൾ സർക്കാർ പരിഗണിക്കുകയും ടാറ്റയുമായി ഒപ്പുവച്ച ഓഹരി വാങ്ങൽ കരാറിൽ അത് ഉൾപ്പെടുത്തുകയും ചെയ്തുവെന്ന് വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് ഡിസംബറിൽ പറഞ്ഞിരുന്നു.

എയർലൈൻ റീബ്രാൻഡ് ചെയ്യുമോ?

എയർ ഇന്ത്യ ഒരു പ്രധാന ബ്രാൻഡ് ആണ്. എട്ട് ലോഗോകളും ഈ ബ്രാൻഡുമായി ബന്ധപ്പെട്ടുണ്ട്. കുറഞ്ഞത് അഞ്ച് വർഷത്തേക്ക് ലോഗോകൾ കൈമാറാൻ ടാറ്റയ്ക്ക് കഴിയില്ല. തുടർന്ന്, ലോഗോകൾ കൈമാറാൻ കഴിയുമെങ്കിലും അത്പക്ഷേ ഒരു ഇന്ത്യൻ സ്ഥാപനത്തിന് മാത്രമായിരിക്കും. എയർ ഇന്ത്യ ബ്രാൻഡിന്റെ ലോഗോ ഒരിക്കലും ഒരു വിദേശ കമ്പനിയിലേക്കും പോകരുതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ എയർ ഇന്ത്യ ബ്രാൻഡിൽ തന്നെ ടാറ്റ ഗ്രൂപ്പ് തുടരാനാണ് സാധ്യത. എന്നിരുന്നാലും, 2022 ഡിസംബറിൽ കരാർ കാലഹരണപ്പെട്ടതിന് ശേഷം എയർഏഷ്യ ബ്രാൻഡിന് കീഴിൽ നോ-ഫ്രിൽസ് എയർലൈൻ പ്രവർത്തിപ്പിക്കുന്നതിന് കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളായ എയർഏഷ്യ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്പ്രസിനെയും സംയോജിപ്പിച്ചേക്കാം.

ടാറ്റയുടെ തന്ത്രം എന്തായിരിക്കും?

ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത് എയർലൈനിന്റെ പ്രവർത്തനങ്ങളെ അടുത്ത കാലത്തൊന്നും ബാധിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും, ടാറ്റയുടെ ബ്രാൻഡിംഗ് ഇനി എവിടെയും കാണാം. പുതിയ ഉടമകൾ, നഷ്ടത്തിലായ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിൽ ഒരു പരിവർത്തനത്തിനാകും പരിഗണന നൽകുക. എയർ ഇന്ത്യയുടെ സഞ്ചിത നഷ്ടം 2020 സാമ്പത്തിക വർഷത്തിലെ 70,820 കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 77,953 കോടി രൂപയായി ഉയർന്നിരുന്ന. കടബാധ്യതകൾ ആസ്തിയെ മറികടക്കുന്നതായിരുന്നു. 

2007-ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിന് ശേഷം കാരിയർ ഒരിക്കലും ലാഭകരമായിരുന്നില്ല. നഷ്ടത്തിലായ വിമാനക്കമ്പനിയെ മാറ്റിയെടുക്കാൻ വൈദഗ്ധ്യമുള്ള വിദഗ്ധരെ ടാറ്റ കൊണ്ടുവരുമെന്നും യൂണിയനുകളെ പിരിച്ചുവിടൽ പോലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കാൻ ധൈര്യം കാണിക്കുമെന്നും വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. എയർ ഇന്ത്യ പോലെയുള്ള ഒരു ഫുൾ സർവീസ് കാരിയർ അതിന്റെ എതിരാളികളെ അപേക്ഷിച്ച് വളരെ ഉയർന്ന ചിലവ് ഘടനയുള്ളതാണ്. 

ചെലവ് കുറയ്ക്കുന്നതിന് ടാറ്റ ഗ്രൂപ്പ് വെണ്ടർമാരുമായും മറ്റും ചർച്ച നടത്താനാണ് സാധ്യത. എയർ ഇന്ത്യയുടെ ചെലവ് ബജറ്റ് എയർലൈൻ ഇൻഡിഗോയേക്കാൾ 18-22% കൂടുതലാണെന്ന് ഏവിയേഷൻ കൺസൾട്ടൻസി എടി-ടിവി യുടെ ഡാറ്റ കാണിക്കുന്നു. അറ്റകുറ്റപ്പണികൾക്കുള്ള അധിക ചിലവുകൾ കൂടാതെ, പുനരുദ്ധാരണങ്ങൾക്കായി മാത്രം ഫ്ലീറ്റിലെ ഓരോ വിമാനത്തിനും കുറഞ്ഞത് 2 മില്യൺ ഡോളർ ചിലവഴിക്കേണ്ടി വരുമെന്ന് ഒരു എയർ ഇന്ത്യ എക്സിക്യൂട്ടീവ് തന്നെ അഭിപ്രായപ്പെടുന്നു.

ഏറ്റെടുക്കലിൽ നിന്ന് എങ്ങനെ പ്രയോജനം ലഭിക്കും?

എയർ ഇന്ത്യയുടെ ആഗോള ബ്രാൻഡ് പ്രതിച്ഛായ, ആസ്തികൾ, പല രാജ്യങ്ങളിലേക്ക് പറക്കാനുള്ള ബൈലാറ്ററൽ റൈറ്റ്സ് എന്നിവ ടാറ്റ ഗ്രൂപ്പിന് ഗുണം ചെയ്യും. എയർലൈന് പ്രധാന വിമാനത്താവളങ്ങളിൽ സ്ലോട്ടുകളും പാർക്കിംഗ് ബേസുകളും ഉണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച പൈലറ്റുമാരും സ്റ്റാഫും, അന്താരാഷ്ട്ര വിപണിയിൽ ടാറ്റയ്ക്ക് ഗുണകരമാകും. എയർ ഇന്ത്യയും വിസ്താരയും ഉപയോഗിച്ച്, ടാറ്റ ഗ്രൂപ്പിന് ഇനി ഇൻഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും മീതെ പറക്കാനുളള പദ്ധതികൾ ഒരുക്കാം. വ്യോമയാനമേഖലയിൽ ഏതൊരു കമ്പനിയെയും വെല്ലുന്ന ഒറ്റയാനായി മാറാൻ ഒരു അവസരമാണ് വഴിതെളിയുന്നത്. 52-58% വിപണി വിഹിതവുമായി ആഭ്യന്തര വ്യോമയാന മേഖലയിൽ മുന്നിലുളളത് ഇൻഡിഗോയാണ്. 27%-35% വിപണി വിഹിതമുളള ടാറ്റ ഗ്രൂപ്പിനെ ആഭ്യന്തര വ്യോമയാന മേഖലയിൽ കുതിച്ചുയരാൻ ഈ ഏറ്റെടുക്കൽ സഹായിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version