രാജ്യത്ത് ഡിജിറ്റൽ മീഡിയ വളർച്ച ത്വരിതഗതിയിൽ; പരസ്യവ്യവസായത്തിൽ മുന്നിൽ FMCG
ഡിജിറ്റൽ മീഡിയ വിപണി 2023-ഓടെ 35,809 കോടി
രാജ്യത്ത് ഡിജിറ്റൽ മീഡിയ വിപണി 29.5% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ വളർന്ന് 2023-ഓടെ 35,809 കോടി രൂപ മൂല്യത്തിലെത്തുമെന്ന് റിപ്പോർട്ട്. FMCG 42% (8,928 കോടി രൂപ), ഇ-കൊമേഴ്‌സ് (17%, 3,607 കോടി രൂപ), കൺസ്യൂമർ ഡ്യൂറബിൾസ് (6%, 1,368 കോടി രൂപ), ഫാർമസ്യൂട്ടിക്കൽ (5%) എന്നിങ്ങനെയാണ് ഡിജിറ്റൽ മീഡിയ വ്യവസായത്തിലെ ഏറ്റവും വലിയ സംഭാവനകൾ. രാജ്യത്തെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡിജിറ്റൽ മീഡിയ വിപണിയുടെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഡിജിറ്റൽ അഡ്വർടൈസിംഗ് ഇൻഡസ്ട്രി 2020ൽ 15,782 കോടി രൂപയായി. 35.3% വളർച്ചയോടെ 2021-ൽ 21,353 കോടിയുമെത്തി. 2023-ഓടെ ഡിജിറ്റൽ മീഡിയ 29.5% CAGR-ൽ 35,809 കോടി രൂപയായി വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡെന്റ്‌സു ഇന്ത്യയുടെ ചീഫ് ക്ലയന്റ് ഓഫീസർ നാരായൺ ദേവനാഥൻ പറഞ്ഞു.
വളർച്ചയിൽ ഏറ്റവും വലിയ പങ്ക് സോഷ്യൽ മീഡിയക്ക്
ഡിജിറ്റൽ മീഡിയയിലെ വളർച്ചയിൽ ഏറ്റവും വലിയ പങ്ക് സോഷ്യൽ മീഡിയക്കാണ്-29% (6,218 കോടി രൂപ)യാണ്. ഓൺലൈൻ വീഡിയോ (28%, 5,907 കോടി രൂപ), പെയ്ഡ് സെർച്ച് (23%, 5,039 കോടി രൂപ) എന്നിവയാണ് ഡിജിറ്റൽ വരുമാനത്തിൽ മുന്നിലുളളത്. FMCG, എഡ്യൂക്കേഷൻ, മീഡിയ & എന്റർടൈൻമെന്റ് എന്നിവ അവരുടെ ഡിജിറ്റൽ മീഡിയ ബഡ്ജറ്റിന്റെ ഏറ്റവും വലിയ വിഹിതം ഓൺലൈൻ വീഡിയോയ്‌ക്കായി ചെലവഴിക്കുന്നു. അതേസമയം ഫാർമസ്യൂട്ടിക്കൽസും ഇ-കൊമേഴ്‌സും പണമടച്ചുള്ള തിരച്ചിലിനായിട്ടാണ് ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത്.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ സ്വഭാവം കോൺവർസേഷണൽ കൊമേഴ്സിന് വഴിയൊരുക്കുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, സോഷ്യൽ കൊമേഴ്‌സ്, വീഡിയോ കൊമേഴ്‌സ്, വോയ്‌സ് കൊമേഴ്‌സ്, ഹൈപ്പർലോക്കൽ ബിസിനസ് ടു കൺസ്യൂമർ കൊമേഴ്‌സ് എന്നിവയുടെ രൂപത്തിൽ വികസിക്കുകയും മറ്റ് മാധ്യമങ്ങളിലേക്കും അതിന്റെ മേഖല വികസിപ്പിക്കുകയും ചെയ്യുന്നു. മൈക്രോ പേയ്‌മെന്റ് സംവിധാനങ്ങൾ ഈ പരിണാമത്തെ കൂടുതൽ ത്വരിതപ്പെടുത്തും. സാങ്കേതികവിദ്യയിലെ മാറ്റം ബിസിനസുകളുടെയും ഉപഭോക്താക്കളുടെയും ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള വ്യാപകമായ ത്വരിതപ്പെടുത്തലിന് കാരണമാകുന്നു.
ഡിജിറ്റൽ യുഗത്തിലേക്ക് ഇന്ത്യയുടെ കുതിച്ചുചാട്ടം
2021-ലെ കോവിഡ് രണ്ടാം തരംഗത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിൽ ഡിജിറ്റലിൽ നാടകീയമായ ഉയർച്ചയാണ് കണ്ടത്. മൊബൈൽ ഉപയോഗത്തിലെ ദ്രുതഗതിയിലുള്ള വർദ്ധനവും മെച്ചപ്പെട്ട ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറും ഇതിനെ സാധൂകരിക്കുന്നു. ഇത് ഡിജിറ്റൽ യുഗത്തിലേക്കുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന്റെ സൂചനയാണ് നൽകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പരസ്യങ്ങൾ 2023-ഓടെ ടിവി പരസ്യങ്ങൾക്ക് തുല്യമാകുകയോ മറികടക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവണതയെ ത്വരിതപ്പെടുത്തുകയും അടിവരയിടുകയും ചെയ്തുകൊണ്ട്, 2021-ലെ ഡിജിറ്റൽ പരസ്യങ്ങളുടെ 75% മൊബൈൽ ഡിവൈസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പാൻഡെമിക്കിന്റെ വ്യത്യസ്‌ത സമ്മർദ്ദങ്ങൾക്കിടയിലും ഡിജിറ്റലിലൂടെ നയിക്കപ്പെടുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ വരും വർഷങ്ങളിൽ വളരുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പരസ്യ വ്യവസായം നിലവിൽ Rs. 70,715 കോടി രൂപയിലാണ് മുന്നോട്ട് നീങ്ങുന്നത്. 2020-നെ അപേക്ഷിച്ച് 18.6% വളർച്ചയാണ് ഉണ്ടായത്. 2023 അവസാനത്തോടെ 14.75% CAGR-ൽ വളർന്ന് 93,119 കോടി രൂപയിലെത്തുമെന്നാണ് പ്രവചനം. രാജ്യത്ത് പരസ്യ വ്യവസായത്തിൽ 34% വിഹിതവുമായി FMCG (23,736 കോടി രൂപ) യാണ് മുന്നിൽ. 14% വിഹിതവുമായി ഇ-കൊമേഴ്‌സും ( 9,619 കോടി രൂപ), 7% വിഹിതവുമായി ഓട്ടോമോട്ടീവും (4,745 കോടി രൂപ) പിന്നിലുണ്ട്.