ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി എന്തായിരിക്കും?
ഇ-മൊബിലിറ്റിയും ഇന്ത്യയും
പരിസ്ഥിതി സൗഹൃദമായ EV കൾ ഭാവിയിലെ വാഹനങ്ങളാണ്. വരുന്ന ദശകത്തിൽ ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കുമെന്ന് ബജറ്റിലൂടെ കേന്ദ്രസർക്കാരും വ്യക്തമാക്കി. EV ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നതിന് വിവിധ ഇൻസെന്റിവുകളും പദ്ധതികളും കേന്ദ്രം ആവിഷ്കരിക്കുകയും ചെയ്യുന്നു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വാർഷിക വിൽപ്പന ഈ സാമ്പത്തിക വർഷം 5 മടങ്ങ് വളർച്ച കൈവരിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.വളർച്ചയുണ്ടെങ്കിലും വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപ്തി ഇപ്പോഴും 0.8 ശതമാനത്തിൽ കുറവാണ്. റേഞ്ച് സംബന്ധമായ ആശങ്കകൾ, കാറുകളുടെ ഉയർന്ന വില, ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ അഭാവം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, വർദ്ധിച്ചുവരുന്ന ഇന്ധന വില, കൂടുതൽ അഫോഡബിൾ ആയ വാഹന ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
പരിസ്ഥിതി സൗഹൃദം,ഊർജ്ജ കാര്യക്ഷമത
EV-കളുടെ ഏറ്റവും വലിയ ആകർഷണം അത് പരിസ്ഥിതി സൗഹൃദമാണെന്നതാണ്. ടെയിൽ പൈപ്പ് എമിഷൻ പൂർണമായും ഇല്ല. അതായത് കാർ ഉടമകൾക്ക് കിലോമീറ്ററുകളോളം എമിഷൻ ഫ്രീ ഡ്രൈവിംഗ് സാധ്യമാകും. ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രവർത്തന ചെലവ് തീരെ കുറവാണ്. മാക്സിമം ടോർക്ക് ഇലക്ട്രിക് വാഹനങ്ങൾ തുടക്കം മുതൽ നൽകും. ഫോസിൽ ഇന്ധന കാറുകളേക്കാൾ ഉയർന്ന ഊർജ്ജ കാര്യക്ഷമതയും EV-കൾക്ക് മുൻതൂക്കം നൽകുന്നു. ICE-പവർ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ശക്തമായ ആക്സിലറേഷൻ ഇവി ഓടിക്കുന്നത് കൂടുതൽ അനായാസമാക്കുന്നു. വാഹന വെബ്സൈറ്റായ Cars24 പറയുന്നതനുസരിച്ച്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾക്ക് 62 ശതമാനം വരെ ഊർജ്ജ ക്ഷമത ലഭിക്കുന്നു. അതേസമയം ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഊർജ്ജക്ഷമത ഏകദേശം 21 ശതമാനം മാത്രമാണ്.
വില കുറച്ച് കൂടുതലാണ്
ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയാണ് പ്രധാന പോരായ്മകളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്. ബാറ്ററികളുടെ വില കൂടുതലായതിനാൽ, വാഹനത്തിന്റെ ആകെ വില ICE വാഹനങ്ങളെക്കാൾ വളരെ കൂടുതലാണ്. എന്നാൽ മലിനീകരണത്തിനെതിരെ പോരാടാനുള്ള ശ്രമത്തിൽ, നിരവധി സംസ്ഥാനങ്ങൾ ഇവികൾക്കായി പ്രത്യേക നയം രൂപീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ്, റോഡ് നികുതി ഒഴിവാക്കൽ പോലുള്ള പ്രാരംഭ പ്രോത്സാഹനങ്ങൾ നൽകിയത് ഇവി ഉടമകൾക്ക് വളരെ സഹായകമായിട്ടുണ്ട്.
ചാർജ്ജിംഗ് സൗകര്യങ്ങളിലും പോരായ്മകളുണ്ട്
ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇവി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. EV-കൾക്ക് ഒറ്റ ചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതിനാൽ കൃത്യമായ ഇടവേളകളിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആവശ്യമാണ്. ചില ഉടമകൾ ഇലക്ട്രിക് കാറുകൾ വീട്ടിൽ ചാർജ് ചെയ്യാൻ പദ്ധതിയിടുന്നു. ഇത് വളരെ മന്ദഗതിയിലുള്ള പ്രക്രിയയാണ്. 24 മണിക്കൂറോ അതിൽ കൂടുതലോ മുഴുവൻ ചാർജിംഗിന് എടുത്തേക്കാം. എന്നാൽ ഉടമകൾക്ക് വേഗതയേറിയ പവർ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ കഴിയും, ഇതിന് ചിലവ് കൂടുതലാകുമെന്ന് മാത്രം.
കേന്ദ്രത്തിന്റെ നയങ്ങളിൽ പ്രതീക്ഷ
ഒരു ഇലക്ട്രിക് കാറിന്റെ അറ്റകുറ്റപ്പണി ചെലവ് പരമ്പരാഗത ഫോസിൽ ഇന്ധന വാഹനങ്ങളേക്കാൾ കുറവാണ്. എന്നിരുന്നാലും, സ്‌പെയർ പാർട്‌സ് കണ്ടെത്താൻ പ്രയാസമുള്ളതിനാൽ ഉടമയ്ക്ക് വലിയ ചിലവ് വരും. വൈദ്യുത വാഹനങ്ങളുടെ റേഞ്ചും ചാർജിംഗും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി, ബാറ്ററി സ്വാപ്പിംഗ് നയവും ഇന്റർ-ഓപ്പറബിലിറ്റി മാനദണ്ഡങ്ങളും കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബാറ്ററി സ്വാപ്പിംഗിനോ ബാറ്ററി ആസ് എ സർവീസ് എന്ന നിലയിലോ സുസ്ഥിരവും നൂതനവുമായ ബിസിനസ് മോഡലുകൾ വികസിപ്പിക്കാൻ സ്വകാര്യമേഖലയെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.