ജീവനക്കാർക്ക് Work From Anywhere എന്ന നയവുമായി E-Commerce സ്ഥാപനമായ Meesho
മീഷോയ്ക്ക് കയ്യടിച്ച് Social Media
കോവിഡ് കാലത്ത് റിമോട്ട് വർക്കിംഗ് സർവ്വസാധാരണമായി മാറിയിരുന്നു. ലോകമെമ്പാടുമുളള കമ്പനികൾ ഇപ്പോഴും വലിയൊരു ശതമാനം ജീവനക്കാരെ റിമോട്ട് വർക്കിംഗിന് അനുവദിക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ സ്ഥിരമായി ജീവനക്കാർക്ക് എവിടെ നിന്നും ജോലി ചെയ്യാം എന്ന നയം ആവിഷ്കരിക്കുകയാണ്. ജീവനക്കാരെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നോ ജോലി ചെയ്യാൻ അനുവദിക്കുക എന്ന നയമാണ് നടപ്പിലാക്കുന്നത്. സോഫ്റ്റ്ബാങ്കിന്റെയും ഫേസ്ബുക്കിന്റെയും പിന്തുണയുള്ള കമ്പനിയാണ് മീഷോ. കമ്പനിയുടെ പ്രഖ്യാപനത്തിന് സോഷ്യൽ മീഡിയയും കയ്യടിച്ചു.
അതിരുകളില്ലാത്ത Workspace Model
അതിരുകളില്ലാത്ത വർക്ക്‌പ്ലേസ് മോഡൽ ശാശ്വതമായി സ്വീകരിക്കുകയാണെന്ന് സിഇഒ വിദിത് ആത്രേ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഈ നീക്കം ജീവനക്കാർക്ക് ജോലിസ്ഥലം കൂടുതൽ കംഫർട്ടബിൾ ആകുന്നതിനും സൗകര്യപ്രദമാകുന്നതിനുമുളള അധികാരം നൽകുമെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ 2 വർഷങ്ങളിൽ, പുതിയ പ്രവർത്തന രീതികൾ വെർച്വൽ വർക്ക് സാധ്യമല്ലെന്ന ദീർഘകാല വിശ്വാസങ്ങളെ തകർത്തുവെന്ന് ആത്രേ കുറിച്ചു. ഇത് കമ്പനിയുടെ 1,700 ജീവനക്കാർക്കും ബാധകമാകും.തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ സുരക്ഷയാണ് അവരുടെ ജോലിസ്ഥലത്തേക്കാൾ പ്രധാനമെന്ന് അംഗീകരിക്കേണ്ടതുണ്ടെന്നും ആത്രേ കൂട്ടിച്ചേർത്തു.
ആസ്ഥാനം Bengaluru തന്നെ
വികേന്ദ്രീകൃതമായ ഒരു ജോലിസ്ഥലം ആഗോള പ്രതിഭകളെ ആകർഷിക്കുമെന്നും വിദിത് ആത്രേ അഭിപ്രായപ്പെട്ടു. മീഷോയുടെ ആസ്ഥാനം ബെംഗളൂരുവായിരിക്കുമെന്നും ആത്രേ പറഞ്ഞു. ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിൽ കമ്പനി “സാറ്റലൈറ്റ് ഓഫീസുകൾ” സ്ഥാപിക്കും. കൂടാതെ, ഗോവ, ഷിംല തുടങ്ങിയ സ്ഥലങ്ങളിൽ മീഷോ ആനുവൽ ‘വർക്കേഷനുകളും’ വാഗ്ദാനം ചെയ്യുമെന്ന് സിഇഒ പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്കുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജീവനക്കാർക്ക് ഓരോ പാദത്തിലും വ്യക്തിഗത കൂടിക്കാഴ്ച നടത്തും. ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജീവനക്കാർക്കായി മീഷോ ഡേ-കെയർ സൗകര്യങ്ങൾ സ്പോൺസർ ചെയ്യും. ബെംഗളൂരുവിലെ മീഷോയുടെ ഹെഡ് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രകളിലും ഇത് പ്രയോജനപ്പെടുത്താമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.