Digital Rupee സാധാരണ Rupee തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് RBI; ക്രിപ്റ്റോയിൽ ആശങ്ക തുടരുന്നു
CBDC വരും: എപ്പോഴെന്ന് പ്രവചിക്കാനാകില്ല
ഡിജിറ്റൽ രൂപയും സാധാരണ രൂപയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പുറത്തിറക്കും. CBDC എപ്പോഴാണ് ഇറക്കുകയെന്ന് കൃത്യമായ സമയക്രമം പ്രവചിക്കാൻ കഴിയില്ലെന്നും ആർബിഐ ഗവർണർ പറഞ്ഞു. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ (FY23) ഇത് സംഭവിക്കും. ഡിജിറ്റൽ രൂപയും സാധാരണ രൂപയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ശക്തികാന്ത ദാസ് പറഞ്ഞു.CBDC ഒരു ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ കറൻസിയാണ്, എന്നാൽ കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ വെർച്വൽ കറൻസികളുമായോ ക്രിപ്‌റ്റോകറൻസിയുമായോ ഇത് താരതമ്യപ്പെടുത്താനാവില്ല. ഇഷ്യൂവർ ഇല്ലാത്തതിനാൽ സ്വകാര്യ വെർച്വൽ കറൻസികൾ ഏതെങ്കിലും വ്യക്തിയുടെ കടത്തെയോ ബാധ്യതകളെയോ പ്രതിനിധീകരിക്കുന്നില്ല.
എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യും
സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ വാലറ്റിന്റെ നിലവിലെ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, റിസർവ് ബാങ്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രൂപ ബ്ലോക്ക്ചെയിനിന് എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാൻ കഴിയും. എല്ലാ ഫിയറ്റ് കറൻസികൾക്കും ഒരു യുണിക് നമ്പർ ഉള്ളതുപോലെ ആർബിഐ നൽകുന്ന ഡിജിറ്റൽ കറൻസിയും യൂണിറ്റുകളായി അക്കമിട്ടിരിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ, ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ സെൻട്രൽ ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റൽ കറൻസി കൂടുതൽ കാര്യക്ഷമവും ലളിതവുമായ കറൻസി മാനേജ്മെന്റ് സംവിധാനത്തിലേക്ക് നയിക്കും. അതിനാൽ, 2022-23 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ക്രിപ്റ്റോ സാമ്പത്തിക സ്ഥിരതക്ക് ഭീഷണി
സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ ഒരിക്കലും നിയമപരമായ ടെൻഡർ ആകില്ലെന്ന് സർക്കാർ ഇതിനകം പറഞ്ഞിട്ടുണ്ട്. സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ ദേശീയ സുരക്ഷയിലും സാമ്പത്തിക സ്ഥിരതയിലും സ്വാധീനം ചെലുത്തുമെന്നതിനാൽ ആർബിഐയും ശക്തമായി എതിർക്കുകയാണ്. അത്തരം ആസ്തികൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ പറഞ്ഞു. “സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ, അതിനെ ഏത് പേരിട്ട് വിളിച്ചാലും നമ്മുടെ മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഭീഷണിയാണ്. സാമ്പത്തിക സ്ഥിരത, മാക്രോ ഇക്കണോമിക് സ്ഥിരത തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ കഴിവിനെ അവ ദുർബലപ്പെടുത്തും, ”ശക്തികാന്തദാസ് പറഞ്ഞു.നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, അവർ സ്വന്തം ഉത്തരവാദിത്തത്തിലാണ് നിക്ഷേപിക്കുന്നതെന്ന് ഓർക്കണമെന്നും ആർബിഐ ഗവർണർ പറഞ്ഞു.
ക്രിപ്റ്റോ ആസ്തികളിൽ നിന്നുളള വരുമാനത്തിന് 30 ശതമാനം നികുതി കേന്ദ്ര ബജറ്റ് ഏർപ്പെടുത്തിയത് വ്യാപാരത്തെ “നിയമവിധേയമാക്കുന്ന” നീക്കമായിട്ടാണ് ക്രിപ്റ്റോവ്യവസായ ലോകം വിലയിരുത്തിയത്.