channeliam.com
ടെസ്‌ലയ്ക്ക് സ്വാഗതം; ചൈനയിൽ നിർമ്മിക്കുന്നത് ഇന്ത്യയിൽ വിൽക്കുന്നത് “ദഹിക്കുന്ന ആശയമല്ല”: 
Nitin Gadkari

സ്വാഗതം;പക്ഷേ നിർമാണം ഇവിടെ മതി

ടെസ്‌ലയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ ചൈനയിൽ നിർമ്മാണവും ഇന്ത്യയിൽ വിൽപനയും ദഹിക്കുന്ന ആശയമല്ലെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യ വലിയ വിപണിയായതിനാൽ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കണമെന്ന് അവരെ ബോധ്യപ്പെടുത്താൻ ടെസ്‌ല ഇന്ത്യാ മേധാവിയുമായി അടുത്തിടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ടെസ്‌ലയെക്കുറിച്ച് കഴിഞ്ഞ മാസം എലോൺ മസ്‌ക് ട്വീറ്റ് ചെയ്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു. പല സംസ്ഥാനങ്ങളും ടെസ്‌ല സിഇഒയെ പ്ലാന്റ് സ്ഥാപിക്കുന്നതിന് പരസ്യമായി ക്ഷണിച്ചിരുന്നു.

ആനുകൂല്യം ഒരു കമ്പനിക്ക് മാത്രം നൽകില്ല

“ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ വിപണി ഒരു വലിയ വിപണിയാണ്. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിറ്റുവരവ് 7.5 ലക്ഷം കോടി രൂപയാണ്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ പ്രശസ്ത ബ്രാൻഡുകളും — BMW, Mercedes, Hyundai, Toyota, Volvo, Honda — ഇവിടെയുണ്ട്. നമ്മൾ ഒരു കമ്പനിക്ക് ഒരു ആനുകൂല്യം നൽകിയാൽ, ആ ആനുകൂല്യം മറ്റ് കമ്പനികൾക്കും നൽകണം. അതാണ് പ്രായോഗിക പ്രശ്‌നം,” ഗഡ്കരി പറഞ്ഞു. ടെസ്‌ല കാറുകൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണ് മസ്ക് ശ്രമിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. ഇവിടെ സ്വന്തമായി പ്ലാന്റ് തുടങ്ങാൻ മസ്കിനോട് അഭ്യർത്ഥിച്ചതായി മന്ത്രി അറിയിച്ചു. “ഇവിടെ എല്ലാ അനുബന്ധ സാമഗ്രികളും ലഭ്യമാണ്, നിങ്ങൾക്ക് ഇവിടെ ഗുണനിലവാരമുള്ള നിർമാണം ലഭിക്കും, കൂടാതെ നല്ല വിൽപ്പനയും ലഭിക്കും. എന്നാൽ ചൈനയിൽ നിർമിക്കുന്നതും ഇന്ത്യയിൽ വിൽക്കുന്നതും എല്ലാവർക്കും ദഹിക്കുന്ന ആശയമല്ല,” കേന്ദ്രമന്ത്രി വ്യക്തമാക്കി. ടെസ്‌ലയുടെ ഇന്ത്യൻ മേധാവിയുമായി ആശയവിനിമയം നടത്തി. “ആത്യന്തികമായി തീരുമാനം എടുക്കുന്നത് അവരെ ആശ്രയിച്ചിരിക്കുന്നു,” ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് വാഹന വില കുറയും

രണ്ട് വർഷത്തിനുള്ളിൽ, മികച്ച നിർമ്മാണത്തിലൂടെ ഇലക്ട്രിക് ഇരുചക്ര,മുച്ചക്ര,നാല്ചക്ര വാഹനങ്ങളും ബസുകളും പോലും പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് ഗഡ്കരി അവകാശപ്പെട്ടു. മുംബൈ, പൂനെ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളിൽ ഇലക്ട്രിക് വാഹന വളർച്ച വർധിച്ചിട്ടുണ്ടെന്നും രണ്ട് വർഷത്തിനുള്ളിൽ എല്ലാ കോർപ്പറേഷനുകളിലും ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിഥിയം-അയൺ ബാറ്ററികൾ ഇപ്പോൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്. പക്ഷേ സിങ്ക്-അയൺ, സോഡിയം-അയൺ, അലുമിനിയം-അയൺ എന്നീ കോമ്പിനേഷനുകൾ ഇപ്പോൾ വികസിപ്പിക്കുകയാണ്, അത് വ്യവസായത്തിന് സഹായകരമാണ്.

ഭാവിയിലേക്ക് ഗ്രീൻ ഹൈഡ്രജൻ

ഗ്രീൻ ഹൈഡ്രജൻ ഭാവിയിലേക്കുള്ള ഇന്ധനമാണ്, ലോകമെമ്പാടും ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുക എന്നതാണ് ആശയമെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യ 8 ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിൽ, ഗ്യാസ്, പെട്രോളിയം എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും പകരം എഥനോൾ, മെഥനോൾ, ബയോ ഡീസൽ, സിഎൻജി, ഇലക്ട്രിക്, ബയോ-എൽഎൻജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ബദൽ ഇന്ധനങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. “മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ എല്ലാത്തരം സാങ്കേതിക നിർമ്മാണവും സാധ്യമാകുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഒന്നാം നമ്പർ വാഹന നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നും ഉറപ്പുണ്ട്. ടേൺഓവർ 7.5 ലക്ഷം കോടിയിൽ നിന്ന് 15 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖല പരമാവധി തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ജിഎസ്ടി വരുമാനത്തിൽ കാര്യമായ സംഭാവന നൽകുന്നതായും ഗഡ്കരി കൂട്ടിച്ചേർത്തു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com