channeliam.com
ജീവനക്കാരെ പിരിച്ചു വിടാൻ പുതിയ തന്ത്രം; പുതു കരിയർ സാധ്യതകൾ ഇ-മെയിൽ ചെയ്ത് കമ്പനി

പിരിച്ചുവിടൽ സിംപിളാക്കി സ്റ്റെല്ലാന്റിസ്

ജോലിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികൾ വീഡിയോ കോൾ മുതൽ പലവിധ തന്ത്രങ്ങളാണ് ഇന്നത്തെ കാലത്ത് നടപ്പാക്കുന്നത്. ഫ്രാൻസിൽ ജോലി വെട്ടിക്കുറയ്ക്കൽ എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. ഇതറിയാവുന്ന വാഹന നിർമാണ കമ്പനിയായ സ്റ്റെല്ലാന്റിസ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പുതിയ മാർഗം കണ്ടെത്തി. അമേരിക്കൻ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസും ഫ്രഞ്ച് പിഎസ്‌എ ഗ്രൂപ്പും 2021-ൽ രൂപീകരിച്ച മൾട്ടിനാഷണൽ ഓട്ടോമോട്ടീവ് മാനുഫാക്ചറിംഗ് കോർപ്പറേഷനാണ് സ്റ്റെല്ലാന്റിസ്. പുതിയ കരിയറുകളെ കുറിച്ച് ജീവനക്കാരെ അറിയിക്കുക എന്നതാണ് കമ്പനിയുടെ പുത്തൻ തന്ത്രം. 14 കാർ ബ്രാൻഡുകളും ആഗോളതലത്തിൽ ഏകദേശം 3,00,000 ജീവനക്കാരുമുള്ള കമ്പനി പ്യൂഷോ കാറുകളുടെയും ജീപ്പ് എസ്‌യുവികളുടെയും നിർമ്മാതാക്കളാണ്. തൊഴിലാളികൾക്ക് ആകർഷകമായ പുതിയ ജോലികൾ എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള ടിപ്പ്സുമായി ഇമെയിലുകൾ സ്റ്റെല്ലാന്റിസ്,അയക്കുന്നുണ്ട്. വിജയകരമായി ഒരു സിവി എങ്ങനെ എഴുതാമെന്നും സഹായകമാകുന്ന കരിയർ ഫെയറുകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ജീവനക്കാർക്ക് പതിവായി അലേർട്ടുകളും അയയ്‌ക്കുന്നുണ്ട്. EV-കൾ നിർമ്മിക്കാൻ പരമ്പരാഗത വാഹനങ്ങളേക്കാൾ കുറച്ച് തൊഴിലാളികളെ മാത്രമാണ് ആവശ്യമുള്ളത്. അതാണ് വാഹനനിർമാണ കമ്പനിയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. പുതിയ കരിയർ കണ്ടെത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇമെയിലുകൾ, വിആർഎസ് എടുക്കാൻ താൽപ്പര്യമുള്ളവരെ സഹായിക്കാനാണെന്ന് കമ്പനി വക്താവ് പറഞ്ഞു.

യൂണിയനുകൾ പ്രതിഷേധം തുടരുന്നു

ഫ്രാൻസിൽ, സ്റ്റെല്ലാന്റിസിൽ, 45,000-ത്തോളം ആളുകൾ ജോലി ചെയ്യുന്നു. വിപണിയുടെ 34% ത്തിലും കമ്പനി ആധിപത്യം പുലർത്തുന്നത് പ്യൂഷോ, സിട്രോൺ എന്നിവയുടെ വിൽപ്പനയിലൂടെയാണ്. ഫിയറ്റ്, ആൽഫ റോമിയോ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ജന്മസ്ഥലമായ ഇറ്റലിയിൽ, സ്റ്റെല്ലാന്റിസ് യൂണിയനുകളുമായി നിരവധി പെർഫോമൻസ് കരാറുകളിൽ എത്തിയിട്ടുണ്ട്. 50,800 തൊഴിലാളികളുള്ള സ്റ്റെല്ലാന്റിസ് സ്വമേധയാ വിരമിക്കുന്നതിന് പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാർലോസ് തവാരസ് വെട്ടിക്കുറയ്ക്കൽ നടപടിയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് തൊഴിലാളി യൂണിയനുകളും ആരോപിക്കുന്നു. 2,600 ജീവനക്കാർ സ്വമേധയാ വിരമിക്കുന്നതിനുളള ദ്വിവത്സര പദ്ധതിയെക്കുറിച്ച് സ്റ്റെല്ലാന്റിസ് ഫെബ്രുവരി 1 ന് ഫ്രഞ്ച് യൂണിയനുകളുമായി ചർച്ച ആരംഭിച്ചു. യൂണിയൻ നേതാക്കൾ പറയുന്നത് വെട്ടികുറയ്ക്കൽ 2025 വരെ അതേ വേഗത്തിലെങ്കിലും തുടരുമെന്നാണ്. കൂടുതൽ മുതിർന്ന ജീവനക്കാർ വിആർഎസിന് തയ്യാറായാൽ എണ്ണം 8,000 വരെ എത്താം. കൂടാതെ, വടക്കൻ ഫ്രാൻസിലെ സംയുക്ത സംരംഭങ്ങളിൽ ജോലി ചെയ്യാൻ 2,100 തൊഴിലാളികളെ വിടാൻ സാധ്യതയുണ്ടെന്നും യൂണിയൻ നേതാക്കൾ പറയുന്നു. എന്നാൽ സ്റ്റെല്ലാന്റിസ് വക്താവ് യൂണിയന്റെ കണക്കുകൾ “തെറ്റാണ്” എന്ന് പറഞ്ഞ് തള്ളിക്കളയുന്നു.

മറ്റ് വാഹന നിർമാതാക്കളും സമ്മർദ്ദത്തിൽ

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഫ്രാൻസിലെ ഓട്ടോമോട്ടീവ് ജോലിയുടെ മൂന്നിലൊന്ന് നഷ്ടമാകുമെന്ന് ഒരു പഠനം വെളിവാക്കുന്നു.
ടെസ്‌ല പോലെ ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിനുകൾ നിർമ്മിക്കാത്ത കമ്പനികളുമായി മത്സരിക്കാൻ ഫോക്‌സ്‌വാഗൺ, റെനോ എന്നിവ പോലുള്ള കമ്പനികളും തൊഴിലാളികളെ കുറയ്ക്കാനുളള സമ്മർദ്ദത്തിലാണ്. ഫോക്സ് വാഗൺ സിഇഒ ഹെർബർട്ട് ഡൈസ്, കമ്പനിയെ കൂടുതൽ സുഗമമാക്കാൻ കൂട്ട പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് തൊഴിലാളി പ്രതിനിധികളുടെ വിമർശനത്തിന് വിധേയനായി. ഫ്രാൻസിൽ ആയിരക്കണക്കിന് പോസ്റ്റുകൾ ഇല്ലാതാക്കാൻ റെനോയ്ക്ക് പദ്ധതിയുണ്ടെങ്കിലും, പാൻഡെമിക്ക് ആശ്വാസം എന്ന നിലയിൽ സർക്കാർ പിന്തുണയുളള വായ്പ സ്വീകരിച്ചതിനാൽ ഇവി നിർമ്മാണത്തിന്റെ ഭൂരിഭാഗവും രാജ്യത്ത് തന്നെ നിലനിർത്തുമെന്ന് സർക്കാരിന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com