channeliam.com
ഉക്രൈൻ പ്രതിസന്ധി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് വൈകിയേക്കാമെന്ന് റിപ്പോർട്ട്

LIC IPO തീയതി പുന:പരിശോധിച്ചേക്കും

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് വൈകിയേക്കാമെന്ന് റിപ്പോർട്ട്. റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശത്തെത്തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുററായ എൽഐസിയുടെ പ്രാരംഭ ഓഹരി വിൽപ്പനയുടെ തീയതി പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എൽഐസി ഐപിഒയ്ക്ക് നിലവിലെ ആഗോള സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടി വരുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു. വഷളായിക്കൊണ്ടിരിക്കുന്ന ജിയോപൊളിറ്റിക്കൽ സാഹചര്യവും വിപണികളുടെ തകർച്ചയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ മെഗാ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് മാറ്റിവയ്ക്കാനുളള സാധ്യത വർദ്ധിപ്പിക്കുന്നു. ബജറ്റ് കമ്മി നികത്താൻ ലക്ഷ്യമിട്ടുള്ള 10.4 ബില്യൺ ഡോളറിന്റെ ആസ്തി-വിൽപനയെ റഷ്യ-ഉക്രൈൻ സംഘർഷം ബാധിച്ചേക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ പബ്ലിക് ഓഫറിന്റെ തീയതി മാർച്ച് 31 ന് മുൻപ് എന്നാണ് നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്. മാർച്ച് അവസാനത്തോടെ പ്രക്രിയ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ തീയതി പരിഗണിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി. എൽഐസി IPO ഡ്രാഫ്റ്റ് ഫെബ്രുവരി 13-ന് സമർപ്പിച്ചിരുന്നു. ഇൻഷുറൻസ് വമ്പന്റെ എംബഡഡ് വാല്യു 5.4 ട്രില്യൺ രൂപയാണ്.

ലോക വിപണിയെ സംഘർഷം ബാധിച്ചു

നിലവിലുള്ള സാഹചര്യത്തിൽ, മാർച്ച് അവസാനത്തെ IPO യിൽ ഓഹരികൾക്ക് നിലവിൽ പ്രതീക്ഷിക്കുന്ന 2,000-2,100 രൂപയേക്കാൾ കുറഞ്ഞ വില നൽകേണ്ടിവരുമെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതോ‍ടെ ഇൻഷുറൻസ് കമ്പനിയിലെ 5% ഓഹരി വിൽപ്പനയിലൂടെ ഗവൺമെന്റ് കണക്കാക്കിയ 65,000-70,000 കോടി രൂപ ലഭിക്കില്ല. നല്ല വിപണിയിൽ മാത്രമേ 13-14 ലക്ഷം കോടി രൂപ വിപണി മൂലധനം ആകർഷിക്കാൻ കഴിയൂ എന്നാണ് വിദഗ്ധർ പറയുന്നത്.റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതും തുടർന്ന് മോസ്‌കോയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതും ലോക വിപണിയെ ഞെട്ടിച്ചു. റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഭയപ്പെടുന്നു.ആദ്യം ചരക്ക് വിപണിയെ പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു കഴിഞ്ഞു. ഇത് ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉപരോധം റഷ്യൻ വിപണിയെ ബാധിച്ചു കഴിഞ്ഞു. ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ യൂറോപ്പിലെ ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്. സംഘർഷം നീണ്ടുപോയാൽ കോവിഡിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന ലോക വിപണിയെ വരുംദിനങ്ങളിൽ അത് രൂക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com