channeliam.com
 BharatPe co-founder and managing director Ashneer Grover അഴിമതിക്കാരനെന്ന് കമ്പനി; ഗുരുതര ആരോപണങ്ങളുമായി പുറത്താക്കൽ

ഗ്രോവറിന്റെ പുറത്താക്കലും രാജിയും

ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ കോഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അഷ്‌നീർ ഗ്രോവറിനെ കമ്പനിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ഗ്രോവറും അദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും കമ്പനി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്തതായി ഫിൻടെക് സ്ഥാപനം ആരോപിച്ചു.ഗ്രോവറിനും കുടുംബത്തിനുമെതിരെ തുടർ നിയമനടപടി സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഭാരത്‌പേ പ്രസ്താവനയിൽപറഞ്ഞു. ഗ്രോവർ കുടുംബത്തിന്റെ മോശം പെരുമാറ്റം ഭാരത്‌പേയുടെ സൽപ്പേരിനോ കഠിനാധ്വാനികളായ ജീവനക്കാർക്കോ അതിന്റെ ലോകോത്തര ടെക്നോളജിക്കോ കളങ്കമുണ്ടാക്കാൻ ബോർഡ് അനുവദിക്കില്ല.തെറ്റായ പ്രവൃത്തികളുടെ ഫലമായി, ഗ്രോവർ ഇപ്പോൾ കമ്പനിയുടെ ഒരു ജീവനക്കാരനോ സ്ഥാപകനോ ഡയറക്ടറോ അല്ല,എന്നും പ്രസ്താവനയിൽ പറയുന്നു.ഭാരത്‌പേയുടെ വളർച്ചയ്ക്കും തുടർ വിജയത്തിനും പിന്തുണ നൽകുന്നതിലാണ് ബോർഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഓഡിറ്റ് കമ്മിറ്റി, ഒരു ഇന്റേണൽ ഓഡിറ്ററെ നിയമിക്കൽ എന്നിവ ഉൾപ്പെടെ കമ്പനിയുടെ കോർപ്പറേറ്റ് ഭരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഗ്രോവറിനെതിരെ ഫണ്ട് ദുരുപയോഗവും അഴിമതിയും

ഗ്രോവര്‍ കുടുംബവും ബന്ധുക്കളും വ്യാജ വെണ്ടര്‍മാരെ സൃഷ്ടിച്ച് കമ്പനിയുടെ ചെലവ് അക്കൗണ്ടില്‍നിന്ന് പണം തട്ടുകയും മൊത്തത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ഭാരത് പേയുടെ ആരോപണം. ഭാരത്പേയുടെ മാനേജിങ് ഡയറക്ടര്‍, കമ്പനി ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവച്ചുകൊണ്ട് ഗ്രോവര്‍ ചൊവ്വാഴ്ച തന്നെ ഡയറക്ടര്‍ ബോര്‍ഡിന് കത്ത് എഴുതിയിരുന്നു. ഭാരത്പേ ബോര്‍ഡ് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി തന്നെ പുറത്താക്കിയതായിട്ട് ഗ്രോവര്‍ തന്റെ മെയിലില്‍ ആരോപിച്ചിരുന്നു. ഇനി നിയമനടപടികളൊന്നും സ്വീകരിക്കില്ലെന്നും തന്റെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ മുഴുവൻ തർക്കങ്ങളും രാജിയോടെ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ കാഴ്ചപ്പാടിൽ ബോർഡ് റൂം നാടകം മുഴുവൻ തന്റെ രാജിയോടെ അവസാനിച്ചതായും ഗ്രോവർ പറഞ്ഞു.

എല്ലാം പുറത്ത് വന്നത് ഓഡിയോ ക്ലിപ്പിലൂടെ

ജനുവരി ആദ്യമാണ് ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ വിഷയം പുറംലോകം അറിഞ്ഞത്. കൊട്ടക് ബാങ്ക് ഉദ്യോഗസ്ഥനെതിരെ അഷ്‌നീര്‍ ഗ്രോവർ മോശം വാക്കുകൾ ഉപയോഗിച്ചതായി ഓഡിയോ ക്ലിപ്പ് പറയുന്നു. ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ഗ്രോവർ അവകാശപ്പെട്ടിരുന്നു. ക്ലിപ്പ് ട്വിറ്ററിൽ നിന്നും സൗണ്ട്ക്ലൗഡിൽ നിന്നും നീക്കം ചെയ്തു, ഗ്രോവർ തന്റെ ട്വീറ്റ് ഇല്ലാതാക്കിയിരുന്നു. ഗ്രോവറും ഭാര്യയും ഒക്ടോബറിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഓഡിയോ ക്ലിപ്പിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് അറിയിച്ചു.രണ്ടാഴ്ച കഴിഞ്ഞ്, മാര്‍ച്ച് അവസാനം വരെ അഷ്‌നീര്‍ സ്വമേധയാ അവധിയില്‍ പ്രവേശിച്ചു. അഷ്നീറും ഭാരത്പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സെക്വോയയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉള്‍പ്പെടുന്ന ഇ-മെയില്‍ വെളിച്ചത്തുവന്ന ശേഷമാണ് ഇത് സംഭവിച്ചത്. അതിനിടെ, അഷ്നീറിന്റെ ഭാര്യ മാധുരി ഗ്രോവര്‍ ജെയിനും അവധിയില്‍ പ്രവേശിച്ചു.പിന്നീട് ജനുവരിയില്‍, ഗ്രോവറിനു കീഴിലുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഭാരത്പേ സ്വതന്ത്ര ഓഡിറ്റര്‍മാരെ നിയോഗിച്ചു. ഫെബ്രുവരിയില്‍ കൺസൾട്ടിംഗ് സ്ഥാപനമായ അൽവാരസ് ആൻഡ് മാർസലിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഭാരത്‌പെയിലെ മുൻ കൺട്രോൾ മേധാവിയായ ഭാര്യ മാധുരി ജെയിൻ ഉൾപ്പെടെയുള്ള ഗ്രോവറിന്റെ കുടുംബാംഗങ്ങൾ കമ്പനിയിൽ സാമ്പത്തിക ക്രമക്കേടുകളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. പ്രാഥമിക റിപ്പോര്‍ട്ടില്‍ മാധുരി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിച്ചിരുന്നു. ഫണ്ട് ദുരുപയോഗം ആരോപിച്ച് മാധുരിയെ ഫെബ്രുവരി 23ന് ഭാരത് പേ പുറത്താക്കി. ഒത്തുതീർപ്പിനുളള ഗ്രോവറിന്റെ ശ്രമങ്ങളും പരാജയപ്പെട്ടു. കമ്പനിയിലെ നിലവിലെ ഗവേണൻസ് റിവ്യൂവിനെതിരെ അഷ്നീറിന്റെ അടിയന്തര ഹര്‍ജി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ കഴിഞ്ഞയാഴ്ച തള്ളിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗ്രോവറിന്റെ രാജി.

നിയമയുദ്ധം നീണ്ടു പോയേക്കാം


കമ്പനിയിലെ ഗ്രോവറിന്റെ ഓഹരി സംബന്ധിച്ച് ഒരു നീണ്ട നിയമയുദ്ധം ഇനി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ, കമ്പനിയുടെ 9.5 ശതമാനം ഓഹരികള്‍ ഗ്രോവര്‍ കെവശം വച്ചിരുന്നു. അതില്‍ 1-2 ശതമാനം നിയന്ത്രിത ഓഹരികളാണ്. കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി തുടരാനാണ് ഉദ്ദേശമെന്ന് ഗ്രോവര്‍ രാജിക്കത്തില്‍ ഗ്രോവര്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, ഗ്രോവറിന്റെ ഓഹരികള്‍ തിരിച്ചെടുക്കുന്നതിന് ഓഹരി ഉടമസ്ഥ കരാറിലെ ഉപാധികളില്‍നിന്ന് പിന്മാറാന്‍ ബോര്‍ഡ് തീരുമാനമെടു ത്തേക്കുമെന്നാണ് ഭാരത്പേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രോവറിന്റെ കൈവശമുളള ഓഹരികള്‍ക്കു 4,000 കോടി രൂപ മൂല്യമുള്ളതായാണ് കരുതുന്നത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com