ബാറ്ററി സ്വാപ്പിംഗ് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുമോ?
രാജ്യത്തെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ കൂടുതലായി കാണാം. വർദ്ധിച്ചുവരുന്ന ഇന്ധന വില, അന്തരീക്ഷ മലിനീകരണ തോത്, കാലാവസ്ഥാ മാറ്റത്തിലെ ആശങ്കകൾ എന്നിവ ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയിൽ നിർണായകമാണ്. EVകൾ ഭാവിയുടെ വാഹനങ്ങളായി വിലയിരുത്തപ്പെടുമ്പോഴും ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള ചെലവ്, ബാറ്ററികൾ ചാർജ്ജ് ചെയ്യാനുള്ള ദൈർഘ്യം, വാഹനത്തിന്റെ ഉയർന്ന വില തുടങ്ങിയ വെല്ലുവിളികൾ മുന്നിലുണ്ട്. രാജ്യത്ത് നാല് മാസത്തിനുളളിൽ ബാറ്ററി സ്വാപ്പിംഗ് പോളിസി നടപ്പാക്കുമെന്ന് NITI ആയോഗ് ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നതിന് Battery-as-a-service model സഹായിക്കും. ഒരു സേവനമെന്ന നിലയിൽ ബാറ്ററി സ്വാപ്പിംഗ് വരും ദിവസങ്ങളിൽ ഇലക്ട്രിക് വാഹനമേഖലയുടെ വളർച്ചയെ നയിക്കും. ഈ സാഹചര്യത്തിൽ എന്താണ് ബാറ്ററി സ്വാപ്പിംഗ് അല്ലെങ്കിൽ ബാറ്ററി-ആസ്-എ-സർവീസ് മോഡൽ എന്ന് പരിശോധിക്കാം.
ഒരു ഇലക്ട്രിക് വാഹനത്തിന്റെ വിലയുടെ 50% വരെയാണ് ബാറ്ററി വില വരുന്നത്. വാഹനം വാങ്ങുന്ന സമയത്ത് പണം ലാഭിക്കാൻ ബാറ്ററി-ആസ്-എ-സർവീസ് മോഡൽ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉപഭോക്താക്കൾക്ക് ഓരോ സ്വാപ്പ് സമയത്തും പണമടയ്ക്കുകയോ അല്ലെങ്കിൽ ബാറ്ററി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുകയോ ആകാം. സ്വാപ്പ് സ്റ്റേഷനുകളിൽ ഉപയോഗശൂന്യമായ ബാറ്ററി മാറ്റി പൂർണ്ണമായി ചാർജ് ചെയ്ത റെഡി-ഗോ ബാറ്ററികൾ സ്ഥാപിക്കാൻ EV ഉടമകൾക്ക് കഴിയും. ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് ആകാം. മാനുവൽ സംവിധാനം പ്രധാനമായും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇവയുടെ ബാറ്ററി പായ്ക്ക് വലുപ്പം ചെറുതായതിനാൽ ഒരാൾക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയും. ബാറ്ററി പാക്കുകൾക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ robotic arms ആണ് ഓട്ടോമേറ്റഡ് സ്റ്റേഷനുകളിൽ ഫോർ വീലറുകൾക്കായി ഉപയോഗിക്കുന്നത്. ഏതൊരു EV വാങ്ങുന്നയാളുടെയും മറ്റൊരു ആശങ്ക റേഞ്ച് ആണ്. അതായത് ചാർജിംഗ് പോയിന്റിൽ എത്തുന്നതിന് മുമ്പ് ബാറ്ററിയുടെ പവർ തീർന്നുപോകുമോ എന്ന ആശങ്ക. കൂടാതെ അവ ചാർജ് ചെയ്യാൻ എടുക്കുന്ന സമയവും ഒരു പ്രശ്നമാണ്. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കുന്നതിനാണ് ബാറ്ററി സ്വാപ്പിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.നഗര ഗ്രാമ പ്രദേശങ്ങളിൽ പോലും ഇടതൂർന്ന സ്വാപ്പിംഗ് സ്റ്റേഷൻ ശൃംഖല സജ്ജീകരിക്കുന്നത് എളുപ്പമായതിനാൽ റേഞ്ചിനെ കുറിച്ചുളള ആശങ്കകൾ ഇല്ലാതാകും. അത് മാത്രമല്ല, ഇലക്ട്രിക് വാഹന ചാർജിംഗിന് സമയമെടുക്കും. EV-കൾ ഉപയോഗത്തിൽ മുഖ്യധാരയിലെത്തുമ്പോൾ നൂറുകണക്കിന് വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഭൗതിക സാഹചര്യം ഇന്ത്യൻ നഗരങ്ങളിൽ ഇല്ല. ഈ സാഹചര്യത്തിലാണ് ബാറ്ററി സ്വാപ്പിംഗ് എത്ര മാത്രം ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടാകുന്നത്.
ബാറ്ററി ഘടിപ്പിച്ചിട്ടില്ലാത്ത ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വിൽക്കുമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ഈ വർഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥല പരിമിതി കണക്കിലെടുത്ത് കൂടിയാണ് ബാറ്ററി സ്വാപ്പിംഗ് നയം ആവിഷ്കരിച്ചത്. ഇലക്ട്രിക് വെഹിക്കിൾ ഇക്കോസിസ്റ്റത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. ബാറ്ററി-ആസ്-എ-സർവീസ് എന്നതിന് സസ്റ്റൈനബിളും ഇന്നവേറ്റിവുമായ ബിസിനസ് മോഡലുകൾ വികസിപ്പിക്കാനാണ് സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകുക.
ചൈനയിലും യുഎസിലും, ചില കമ്പനികൾ ഇതിനകം തന്നെ കാറുകൾക്കായി ഓട്ടോമേറ്റഡ് സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേരളം, കർണാടക, ഡൽഹി, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് പ്രോത്സാഹനങ്ങളും സബ്സിഡിയും നൽകുന്നുണ്ട്. Sun Mobility, Lithion Power, Chargeup എന്നിവ ഇന്ത്യയിലെ ബാറ്ററി സ്വാപ്പിംഗ് സൊല്യൂഷൻ പ്രൊവൈഡർമാരിൽ പ്രമുഖരാണ്. ബംഗളൂരു ആസ്ഥാനമായുള്ള Bounce അടുത്തിടെ ഇന്ത്യയിൽ ആദ്യമായി swappable ബാറ്ററി സ്കൂട്ടർ പുറത്തിറക്കി, കൂടാതെ ബാറ്ററി സ്വാപ്പിംഗ് ശൃംഖലയും പ്രവർത്തിപ്പിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടന്റെ BP യും ചേർന്ന് കഴിഞ്ഞ വർഷം രാജ്യത്ത് ബാറ്ററി സ്വാപ്പിങ്ങിനായി ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. മോട്ടോർബൈക്ക് നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പും തായ്വാനിലെ Gogoroയും സ്വാപ്പിങ്ങിനായി ഒരു പാർട്ണർഷിപ്പ് രൂപീകരിച്ചിരുന്നു.
NITI ആയോഗ് പറയുന്നതനുസരിച്ച്, 2030-ഓടെ രാജ്യത്ത് 80% ഇരുചക്ര, മുച്ചക്ര വാഹനങ്ങളും 50% ഫോർ വീലറുകളും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ബാറ്ററി സ്വാപ്പിംഗ് ഈ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.