Sri Lanka സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും | Behind Sri Lankan Financial Crisis?
നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.
എന്താണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ?
കുതിച്ചുയരുന്ന പണപ്പെരുപ്പം, ദുർബലമായ സർക്കാർ, വികലമായ സാമ്പത്തിക പരിഷ്കാരങ്ങൾ, കോവിഡ് എന്നിവയാൽ തകർന്ന സമ്പദ്വ്യവസ്ഥവുമായി സമീപ ദശകങ്ങളിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് Sri Lanka അഭിമുഖീകരിക്കുന്നത്. ഇതെതുടർന്ന് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ മാസം മാത്രം 25% വരെ ഉയർന്നു.
പഞ്ചസാര കിലോഗ്രാമിന് 290 രൂപയും 400 ഗ്രാം പാൽപ്പൊടിക്ക് 790 രൂപയുമാണ്. അരിയുടെ വില കിലോഗ്രാമിന് 500 രൂപയിലേക്ക് കുതിച്ചെത്തി.
ഇന്ധനവില 800 ലാണ്..
ദ്വീപ് രാഷ്ട്രത്തിന് പ്രധാനമായും വരുമാനം നൽകുന്നത് ടൂറിസം വ്യവസായവും, ഫോറിൻ റെമിറ്റൻസുമാണ്.. കോവിഡ് -19 മാരകമായി ബാധിച്ചതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്പദ് വ്യവസ്ഥ താറുമാറായി.
- രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം 2020 ജനുവരി മുതൽ ഏകദേശം 70% ഇടിഞ്ഞ് ഫെബ്രുവരിയോടെ ഏകദേശം 2.3 ബില്യൺ ഡോളറായി കുറഞ്ഞു.
- ഏകദേശം 4 ബില്യൺ ഡോളറിന്റെ കടബാധ്യതകളും നേരിടേണ്ടിവരുന്നു. ശ്രീലങ്കയുടെ നിലവിലെ കരുതൽ ശേഖരം ഏകദേശം ഒരു മാസത്തെ ചരക്ക് ഇറക്കുമതിക്ക് പണം നൽകാൻ മാത്രമേ മതിയാകൂ.
- വിദേശ കറൻസിയുടെ ക്ഷാമത്തെ തുടർന്ന് ഇന്ധനം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനും പണം നൽകാനും രാജ്യം പാടുപെടുകയാണ്.
- ഈ വെല്ലുവിളികൾ വൈദ്യുതി ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചു. പ്രതിദിനം നാല് മണിക്കൂർ മാത്രം വൈദ്യുതി എന്നതാണ് നിലവിലെ സ്ഥിതി.
- ഇന്ധന സ്റ്റേഷനുകൾക്ക് പുറത്ത് നീണ്ട ക്യൂ ആണ് .അച്ചടി സാമഗ്രികളുടെ കടുത്ത ക്ഷാമം പത്ര, അച്ചടി വ്യവസായങ്ങളെ പോലും ബാധിച്ചു.
- സ്കൂൾ പരീക്ഷകൾ മാറ്റിവയ്ക്കുന്നതിന് ഇടയാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വർദ്ധിക്കുന്നത് ശ്രീലങ്കക്കാർക്കിടയിൽ ഉത്കണ്ഠയ്ക്കും നിരാശയ്ക്കും കാരണമായിട്ടുണ്ട്.
- സമ്പദ്വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമുയരുന്നുണ്ട്.
സാമ്പത്തിക വളർച്ച വാഗ്ദാനം ചെയ്ത് 2019ൽ അധികാരത്തിലെത്തിയ പ്രസിഡന്റ് Gotabaya Rajapaksaയ്ക്ക് സാമ്പത്തിക അടിയന്തരാവസ്ഥ കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, 15%VAT പകുതിയോളം കുറയ്ക്കുമെന്നും മറ്റ് ചില നികുതികൾ നിർത്തലാക്കുമെന്നും രാജപക്സെ വാഗ്ദാനം ചെയ്തിരുന്നു. നികുതിയിളവുകൾ നികുതി വരുമാനത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക് നയിച്ചു, ഇതിനകം തന്നെ കനത്ത കടബാധ്യതയിലായ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി. രാജ്യത്തിന്റെ മൊത്തം സാമ്പത്തികവരുമാനത്തിന്റെ 12% നൽകുന്ന ടൂറിസം മേഖലയ്ക്ക് വലിയ പ്രഹരമേല്പിച്ച് പിന്നീട് കോവിഡ് വന്നു.
പാൻഡെമിക്കിന് മുമ്പ് തന്നെ സുസ്ഥിരമല്ലാത്ത പാതയിലായിരുന്ന ശ്രീലങ്കയുടെ പൊതു കടം. 2019 ലെ 94% ൽ നിന്ന് 2021 ൽ ജിഡിപിയുടെ 119% ആയി ഉയർന്നതായി കണക്കാക്കപ്പെടുന്നു.
ഇന്റർനാഷണൽ ഫിനാൻഷ്യൽ മാർക്കറ്റ്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ജപ്പാൻ എന്നിവയ്ക്ക് പിന്നിൽ ശ്രീലങ്കക്ക് കടം നൽകുന്ന നാലാമത്തെ വലിയ രാജ്യമാണ് ചൈന
ഹൈവേകൾ, തുറമുഖങ്ങൾ, വിമാനത്താവളം, കൽക്കരി പവർ പ്ലാന്റ് എന്നിവയുടെ നിർമ്മാണത്തിനായി കഴിഞ്ഞ ദശകത്തിൽ ചൈന ശ്രീലങ്കയ്ക്ക് 5 ബില്യൺ ഡോളറിലധികം വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഈ ഫണ്ട് കുറഞ്ഞ വരുമാനമുള്ള പദ്ധതികൾക്കായി ഉപയോഗിച്ചുവെന്ന് വിമർശകർ പറയുന്നു. ചൈന ഇത് നിഷേധിക്കുന്നു. ജനുവരിയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ കണ്ടപ്പോൾ കടം തിരിച്ചടവ് പുനഃക്രമീകരിക്കാൻ സഹായിക്കണമെന്ന് പ്രസിഡന്റ് രാജപക്സെ ആവശ്യപ്പെട്ടെങ്കിലും ചൈന ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. ചൈനയിലേക്കുള്ള ശ്രീലങ്കയുടെ തിരിച്ചടവ് ഏകദേശം 400 മുതൽ 500 മില്യൺ ഡോളർ വരെ ആണെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മഹാമാരിക്ക് മുമ്പ്, ശ്രീലങ്കയിലേക്കെത്തുന്ന വിനോദസഞ്ചാരികളിലേറെയും ചൈനക്കാരായിരുന്നു. മറ്റേതൊരു രാജ്യത്തേക്കാളും ചൈനയിൽ നിന്നാണ് ശ്രീലങ്ക കൂടുതൽ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നത്. ചൈനയുടെ Belt and Road Initiative-ന്റെ സുപ്രധാനഭാഗവുമാണ് ശ്രീലങ്ക. ചൈനയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ട് ചെയ്ത് കൊണ്ടുളള ദീർഘകാല പദ്ധതിയാണ് ഇത്. അമേരിക്ക അടക്കമുളള രാജ്യങ്ങൾ ഇതിനെ ചെറിയ രാജ്യങ്ങൾക്കുളള ചൈനയുടെ കടക്കെണി എന്നാണ് ലേബൽ ചെയ്തിരിക്കുന്നത്.
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, രാജപക്സെ സർക്കാർ നോൺ എസൻഷ്യൽ എന്ന് പ്രഖ്യാപിച്ച് നിരവധി വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നു. ദ്വീപ് രാഷ്ട്രത്തിലെ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായത്തിനായി ഇന്ത്യയെയും ചൈനയെയും സമീപിച്ചിട്ടുമുണ്ട്.സാമ്പത്തിക പ്രതിസന്ധി നേരിടാൻ ശ്രീലങ്കയെ സഹായിക്കാൻ, സഹകരണം തുടരുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചു. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. ഇന്ത്യയുടെ തുടർ സഹകരണം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. വിദേശനാണ്യത്തിന്റെ ദൗർലഭ്യം മൂലമുണ്ടായ വൻ സാമ്പത്തിക, ഊർജ പ്രതിസന്ധിയെ നേരിടാൻ ശ്രീലങ്കയെ സഹായിക്കുന്നതിന് ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവ വാങ്ങുന്നതിനുള്ള രണ്ട് വായ്പകൾ ഉൾപ്പെടെ 1.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ശ്രീലങ്ക വീണ്ടും 1 ബില്യൺ ഡോളർ വായ്പ തേടിയതായും ചില റിപ്പോർട്ടുകൾ പറയുന്നു. 2.5 ബില്യൺ ഡോളറിന്റെ വായ്പാ സഹായത്തിനായി ചൈനയുമായും ശ്രീലങ്ക ചർച്ച നടത്തുന്നുണ്ട്.ഉഭയകക്ഷി ഇടപാടുകൾ നടക്കുന്നുണ്ടെങ്കിലും ശ്രീലങ്കയുടെ കടം പുനഃക്രമീകരിക്കുകയോ അല്ലെങ്കിൽ ഒരു റിലീഫ് പാക്കേജ് അനുവദിക്കുകയോ ചെയ്യുന്നത്ച ചർച്ച ചെയ്യാൻ ഐഎംഎഫിനെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.എന്നാൽ ശ്രീലങ്ക അതിന്റെ കടം പുനഃക്രമീകരിക്കുകയും മൂന്ന് വർഷത്തെ റീപേയ്മെന്റ് സ്ട്രക്ചർ കൊണ്ടുവരികയും ചെയ്യാനും സാധ്യതയുണ്ട്.