അപൂർവ്വ നേട്ടവുമായി Ruchi Kalraയും Asish Mohapatra-യും; രാജ്യത്തെ യൂണികോൺ ദമ്പതികൾ
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒരു യൂണികോൺ എന്നാൽ ഒരു ബില്യൺ ഡോളറിലധികം മൂല്യമുളള കമ്പനിയെന്നാണ് അർത്ഥം. ഒരു യൂണികോൺ തന്നെ സൃഷ്ടിക്കുന്നത് ഒരു വലിയ നേട്ടമായി കണക്കാക്കുമ്പോൾ ഇവിടെ ഇതാ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും സ്റ്റാർട്ടപ്പുകൾ യൂണികോണുകളായി മാറിയിരിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഭാര്യയും ഭർത്താവും ഓരോ യൂണികോൺ സ്റ്റാർട്ടപ്പ് ഉടമകളാകുന്നതെന്നതാണ് അപൂർവ്വത. Ruchi Kalraയും ഭർത്താവ് Asish Mohapatra യും ആണ് ആ അപൂർവ്വ നേട്ടത്തിനുടമകൾ.
ഡിജിറ്റൽ ലെൻഡിംഗ് സ്റ്റാർട്ടപ്പായ ഓക്സിസോ ഫിനാൻഷ്യൽ സർവീസസ് , 200 മില്യൺ ഡോളറിന്റെ ആദ്യ ധനസമാഹരണ റൗണ്ടിലൂടെയാണ് യൂണികോണായത്. ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് പ്രവർത്തന മൂലധനം അടിസ്ഥാനമാക്കിയുള്ള വായ്പകൾ നൽകുന്ന ഒരു B2B ലെൻഡിംഗ് പ്ലാറ്റ്ഫോമാണ് Oxyzo. ആൽഫ വേവ് ഗ്ലോബൽ, ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, നോർവെസ്റ്റ് വെഞ്ച്വർ പാർട്ണേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതായിരുന്നു ഫണ്ടിംഗ് റൗണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പ് വ്യവസായത്തിലെ ഏറ്റവും വലിയ സീരീസ് എ റൗണ്ടുകളിലൊന്നിൽ ഓക്സിസോയിൽ മാട്രിക്സ് പാർട്ണേഴ്സും ക്രിയേഷൻ ഇൻവെസ്റ്റ്മെന്റും നിക്ഷേപം നടത്തിയിരുന്നു.
സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് 2-ൽ നിന്ന് 160 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷമാണ് ആശിഷ് മൊഹപത്രയുടെ സ്റ്റാർട്ടപ്പ് ഓഫ് ബിസിനസ് കഴിഞ്ഞ ജൂലൈയിൽ യൂണികോൺ പദവി നേടിയത്.
Ruchi Kalraയും Asish Mohapatra യും IITയിലെ പൂർവ്വ വിദ്യാർത്ഥികളാണ്. മക്കിൻസി ആൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. രുചി കൽറ ഓക്സിസോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. ആശിഷ് മൊഹാപത്ര ഓഫ്ബിസിനസ് സിഇഒയാണ്.ഓക്സിജൻ, ഓസോൺ എന്നീ പദങ്ങളുടെ മിശ്രിതമായ Oxyzo, ആദ്യ സ്റ്റാർട്ടപ്പായ OfBusiness ന്റെ ഒരു ശാഖയായി 2017 ലാണ് രുചി കൽറയും ആശിഷും ചേർന്ന് സ്ഥാപിച്ചത്. ഔപചാരികമായി OFB ടെക് പ്രൈവറ്റ് എന്നറിയപ്പെടുന്ന OfBusiness, ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് സ്റ്റീൽ, ഡീസൽ, ഭക്ഷ്യധാന്യങ്ങൾ, വ്യാവസായിക രാസവസ്തുക്കൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ വൻതോതിൽ വിതരണം ചെയ്യുന്നു.
രണ്ട് സ്റ്റാർട്ടപ്പുകളും വ്യത്യസ്ത ഓഫീസുകളും ടീമുകളുമായി വെവ്വേറെ പ്രവർത്തിക്കുന്നു. എന്നിരുന്നാലും, നിർമ്മാണം, ഇൻഫ്രാസ്ട്രക്ചർ സബ് കോൺട്രാക്റ്റിംഗ് തുടങ്ങിയ അതേ വ്യവസായങ്ങളെയാണ് അവർ ലക്ഷ്യമിടുന്നത്. ഗുരുഗ്രാമിലാണ് കമ്പനികളുടെ പ്രവർത്തന കേന്ദ്രം. ഓക്സിസോയ്ക്ക് 500-ലധികം ജീവനക്കാരും സപ്ലൈ ചെയിൻ അനലിറ്റിക്സിൽ വൈദഗ്ധ്യമുള്ള ഒരു ഡാറ്റ വെയർഹൗസും ഉണ്ട്. കമ്പനി 2 ബില്യൺ ഡോളറിലധികം വായ്പയായി വിതരണം ചെയ്യുകയും തുടക്കം മുതൽ ലാഭം നേടുകയും ചെയ്തു.
രുചി കൽറയുടെ വാക്കുകളിൽ പറഞ്ഞാൽ, വളർച്ചയും ലാഭവും ഈ രണ്ട് അടിത്തറയിൽ ഒരു ബിസിനസ് നിർമ്മിക്കാനുള്ള ശ്രമമാണ് നടത്തിയത്. 2022-ലെ 12-ാമത്തെ സ്റ്റാർട്ടപ്പാണ് ഓക്സിസോ, അതേസമയം യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ച ഇന്ത്യയുടെ 98-ാമത്തെ സ്റ്റാർട്ടപ്പുമാണ്.