മലയാളിയായ അനീഷ് അച്യുതൻ ഫൗണ്ടറായുളള നിയോബാങ്ക്- ഓപ്പൺ- സ്റ്റാർട്ടപ്പ് ലോകത്ത് പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഈ ഫിൻടെക് സ്റ്റാർട്ടപ്പിൽ നിന്ന് വിരമിച്ച ഹേമ ആനന്ദിന് കമ്പനി നൽകിയ സ്നേഹസമ്മാനം മൂന്നു കോടി രൂപയുടെ ഓഹരികളും വിരമിക്കൽ പാക്കേജായി 30 ലക്ഷം രൂപയുമാണ്. ഒരു സ്റ്റാർട്ടപ്പിൽ നിന്നുളള വിരമിക്കൽ തന്നെ വിരളമാണെന്നിരിക്കെ യാത്രയയപ്പിനൊപ്പം നൽകിയ പാക്കേജും അതിലും ഗംഭീരമായി. ഓപ്പണിന്റെ ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റായിരുന്നു ഹേമ ആനന്ദ്. ബോളിവുഡ് ഗായകൻ KK യെ നേരിട്ട് കാണണമെന്ന ഹേമയുടെ ആഗ്രഹവും ഓപ്പൺ നിറവേറ്റി നൽകി. KKയുടെ സംഗീതവിരുന്നും ഹേമയുടെ യാത്രയയപ്പിന് മധുരം പകർന്നു. ബാംഗ്ലൂരിൽ ഓപ്പണിന്റെ പുതിയ ഓഫീസും വിരമിക്കൽ ദിനത്തിൽ ഹേമ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ഓപ്പൺ ഫെബ്രുവരിയിലാണ് യൂണികോണായത്. അനീഷ് അച്യുതൻ, ഭാര്യ മേബൽ ചാക്കോ, അജീഷ് അച്യുതൻ, ഡീന ജേക്കബ് എന്നിവരാണ് ഓപ്പണിന്റെ ഫൗണ്ടേഴ്സ്.കേരളത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് സ്വരൂപിച്ച കമ്പനി എന്ന പ്രത്യേകതയും ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസിനുണ്ട്.