ഭക്ഷ്യധാന്യങ്ങൾ മാത്രമല്ല,റേഷൻകടകളിൽ ഇനി മുതൽ ബാങ്കിംഗ് സേവനവും
റേഷൻകടയിലും ബാങ്കിംഗ് സേവനം
റേഷൻ കടകൾ ഉടൻ ബാങ്കിംഗ് ഇടപാടുകൾക്ക് ഉപയോഗിക്കും. കേന്ദ്രസർക്കാർ റേഷൻ കടയെ ‘പൊതു സേവന കേന്ദ്രം’ ആയി പ്രഖ്യാപിച്ചു. ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിന് പുറമെ റേഷൻ കടകളിൽ ബാങ്ക് ഇടപാടുകൾ നടത്താനും ജനങ്ങൾക്ക് ഉടൻ സാധിക്കും. ബാങ്കിംഗ് സംവിധാനം എത്രയും വേഗം നടപ്പിലാക്കാൻ അതത് സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് കേന്ദ്രഭക്ഷ്യപൊതുവിതരണ മന്ത്രാലയം നിർദ്ദേശം നൽകി.ഈ സംവിധാനം ഉടൻ കൊണ്ടുവരാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.
ഗ്രാമീണ ബാങ്കിംഗ് ശക്തമാക്കുക
ഗ്രാമീണ ബാങ്കിംഗ് ഘടന ശക്തിപ്പെടുത്തുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവർത്തനം, റേഷൻ കടകളെ ബാങ്കുകൾ എങ്ങനെ സഹായിക്കും, ജോലിക്ക് എത്ര കമ്മീഷൻ നൽകും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യയിലുടനീളമുള്ള റേഷൻ ഷോപ്പ് സംഘടനകളുടെ ഉന്നത നേതാക്കളെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ, പഞ്ചാബ് നാഷണൽ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ കൻവാൽജിത് ഷോർ എന്നിവരുമായി സംഘടനകൾ ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ മറ്റ് പൊതുമേഖലാ ബാങ്കുകളുമായും ചർച്ച നടത്തുമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു.