തൂശനിലയിൽ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏതൊരു മലയാളിയും സമ്മതിക്കും.
എറണാകുളം കാക്കനാട് സ്വദേശിയായ വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും ഒരു സംരംഭത്തിന് തുടക്കമിട്ടപ്പോൾ അത് വാണിജ്യലാഭത്തിനൊപ്പം ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളിൽ പ്രയോജനകരവുമാകണമെന്ന് ആഗ്രഹിച്ചു. അതാണിപ്പോൾ തൂശനിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. ഭക്ഷണം കഴിച്ച് പ്ലേറ്റ് കളയണ്ട, കഴിക്കാം, ഇനി കഴിക്കാൻ താല്പര്യമില്ലെങ്കിൽ കോഴിക്കോ മീനിനോ ആഹാരമായി നൽകാം. ജൈവവളമായും ഉപയോഗിക്കാം. ഇനി പുറത്ത് കളഞ്ഞാലും മണ്ണിൽ ലയിച്ച് ചേരുന്നതിനാൽ ജീവജാലങ്ങൾക്കോ പരിസ്ഥിതിക്കോ ദോഷവുമാകില്ല.
മൗറീഷ്യസിൽ ഉദ്യോഗസ്ഥനായിരുന്ന വിനയകുമാർ വിദേശത്ത് വച്ചാണ് ആദ്യമായി ഗോതമ്പ് പ്ലേറ്റ് കാണുന്നത്. കേരളത്തിലേക്ക് ഈ പ്ലേറ്റുകൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചെങ്കിലും കമ്പനികൾ തയ്യാറായിരുന്നില്ല. എന്നാൽ പിന്നെ നമ്മുടെ നാട്ടിലും അത്തരമൊരു ആശയം പരീക്ഷിച്ചാൽ എന്തെന്നായി ചിന്ത. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയും വിനയകുമാറും പിന്നെ ഗോതമ്പു തവിടു കൊണ്ടുളള പ്ലേറ്റിന് പിന്നാലെയുളള ഗവേഷണത്തിലായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല, ഇന്‍ഡിഗ്രാം ലാബ്സ്, CSIR എന്നിവയിൽ നിന്നും സാങ്കേതിക സഹായം ലഭിച്ചു.
ഒടുവിൽ അങ്കമാലിയിലെ ഫാക്ടറിയിലാണ് തൂശൻ പിറവിയെടുക്കുന്നത്. ഇപ്പോള്‍ പ്രതിദിന നിർമാണം 1,000 ഗോതമ്പ് പ്ലേറ്റുകളാണ്. ഡിന്നര്‍ പ്ലേറ്റും സ്നാക് പ്ലേറ്റുമാണ് ഇപ്പോഴത്തെ നിർമാണം. മില്ലില്‍നിന്ന് ഗോതമ്പ് തവിട് കിലോ 25 രൂപയ്ക്കാണ് വാങ്ങിയത്. ഗോതമ്പ് തവിട് സംസ്കരിച്ചുണ്ടാക്കുന്ന തൂശൻ പ്ലേറ്റ് പഴയ പിഞ്ഞാണത്തിന്റെ ഓർമകൾ നൽകും. അരിപ്പൊടിയിൽ നിന്ന് നിർമിക്കുന്ന എഡിബിൾ സ്ട്രോയാണ് മറ്റൊരു ഉല്പന്നം. കോണ്‍ സ്റ്റാര്‍ച്ചും പ്ലാസ്റ്റികിന് പകരമുളള വിവിധ ബയോ ഡീ-ഗ്രേഡബിള്‍ ക്യാരിബാഗുകളും തൂശൻ നിർമിക്കുന്നുണ്ട്.