സ്ത്രീകളോട് ഇണങ്ങാത്ത തൊഴിലിടമോ?
ഇണങ്ങാത്ത തൊഴിൽ സാഹചര്യങ്ങളും അംഗീകരിക്കാനാകാത്ത തൊഴിലിട സംസ്ക്കാരവും ഇന്ത്യൻ സ്ത്രീകളെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് പിന്നോട്ടുവലിക്കുന്നുവെന്ന് സോഷ്യൽ മീഡിയ കമ്പനിയായ ലിങ്ക്ഡ്ഇൻ പുറത്തുവിട്ട റിപ്പോർട്ട്. ജോലി ഉപേക്ഷിക്കുകയോ ഉപേക്ഷിക്കാൻ ആലോചിക്കുകയോ ചെയ്യുന്ന വിധം സങ്കീർണമാണ് തൊഴിലിടങ്ങളിലെ സാഹചര്യമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ശമ്പളം വെട്ടിക്കുറയ്ക്കൽ, ഒഴിവാക്കൽ, പക്ഷാപാതം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് സത്രീകളെ പിന്നോട്ട് വലിക്കുന്നത്. തൊഴിലിടങ്ങളിൽ സത്രീകൾ കടുത്ത സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട് പറഞ്ഞു വയ്ക്കുന്നു. കരിയർ ബ്രേക്കുകളോടുള്ള തൊഴിലുടമകളുടെ മോശം മനോഭാവം കൂടുതൽ ഫ്ലെക്സിബിലിറ്റി ആവശ്യപ്പെടുന്നതിൽ നിന്നും തൊഴിലിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിൽ നിന്നും സ്ത്രീകളിൽ വിമുഖത സൃഷ്ടിക്കുന്നുവെന്നാണ് ലിങ്ക്ഡ് ഇൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മാറ്റമുണ്ടാക്കിയോ കോവിഡ് കാലം?
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മിക്ക കമ്പനികളും സമ്പൂർണ്ണ വർക്ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെ, ജീവനക്കാർക്ക് ഇണങ്ങുന്ന തൊഴിൽ സാഹചര്യത്തിന്റെ കാര്യത്തിൽ കമ്പനികൾ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലെന്നാണ് ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പറയുന്നത്.83% സ്ത്രീകളും കൂടുതൽ ഇണങ്ങുന്ന തൊഴിൽ സാഹചര്യം വേണമെന്ന് തിരിച്ചറിഞ്ഞപ്പോൾ, 70% പേർ ഫ്ലെക്സിബിൾ സമീപനം വാഗ്ദാനം ചെയ്യാത്തതിനാൽ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്.
കരിയർ ബ്രേക്കുകളെന്തിന്?
ജോലി ചെയ്യുന്നവരിൽ 78 ശതമാനം സ്ത്രീകളും അവരുടെ കരിയർ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിനായാണ് കരിയർ ബ്രേക്ക് എടുക്കുന്നത്. അതേസമയം 90 % സ്ത്രീകളും കൂടുതൽ മെച്ചപ്പെട്ട കഴിവുകൾ നേടിയെടുക്കാൻ ഈ സമയം വിനിയോഗിക്കുന്നു.ഫ്ലെക്സിബിലിറ്റിയുടെയും കരിയർ ബ്രേക്കുകളുടെയും ആവശ്യകത സംബന്ധിച്ച ആശയക്കുഴപ്പം നീക്കം ചെയ്യുന്നതിനും അവർക്ക് താൽപ്പര്യമില്ലെങ്കിൽ ശക്തമായ ഫ്ലെക്സിബിലിറ്റി പോളിസികൾ അവതരിപ്പിക്കുന്നതിനും കമ്പനികളും റിക്രൂട്ടർമാരും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ലിങ്ക്ഡ്ഇൻ, ഇന്ത്യ ടാലന്റ് ആൻഡ് ലേണിംഗ് സൊല്യൂഷൻസ് സീനിയർ ഡയറക്ടർ രുചി ആനന്ദ് പറയുന്നു.
അനിവാര്യം തൊഴിൽ-ജീവിത സന്തുലിതാവസ്ഥ
അഞ്ചിൽ രണ്ട് അല്ലെങ്കിൽ 43% സ്ത്രീകളും വിശ്വസിക്കുന്നത് ഇണക്കമുള്ള തൊഴിൽ സാഹചര്യം,തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും കരിയറിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് 34 ശതമാനം പേരും ഇത് നിലവിലെ ജോലിയിൽ തുടരാനുള്ള സാധ്യത മെച്ചപ്പെടുത്തുന്നുവെന്ന് 33% പേരും അഭിപ്രായപ്പെടുന്നു.ജോലിയിൽ നിന്ന് പിരിച്ചുവിടുമോയെന്നും, പ്രൊമോഷനുകൾ നഷ്ടമാകുമോയെന്ന ഭയം കാരണവുമാണ് പലപ്പോഴും സ്ത്രീ ജീവനക്കാർ ഈ വിഷയം ഉയർത്തിക്കാട്ടാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.