റഷ്യ-ഉക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് പലവിധ ആഘാതങ്ങളാണ് ഏല്പിച്ചിരിക്കുന്നത്.
ഇന്ത്യയിലത് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്ക് കൂടി കാരണമായിരിക്കുന്നു. യുദ്ധം മൂലം കൽക്കരി ഇറക്കുമതി തടസ്സപ്പെട്ടതോടെ, കൽക്കരി ക്ഷാമം വൈദ്യുതോല്പാദനത്തെയും ബാധിച്ചിരിക്കുന്നു. കൽക്കരിയുടെ ഡിമാൻഡ് വർദ്ധിച്ചതും അതിനനുസരിച്ചുള്ള കൽക്കരി ലഭ്യമാകാത്തതുമാണ് നിലവിലുള്ള പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നത്. ഊർജ്ജ പ്രതിസന്ധി രൂക്ഷമായ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, തെലങ്കാന, തമിഴ്നാട് എന്നിവ ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ പ്രതിസന്ധിയിൽ നിന്നുള്ള താൽക്കാലിക ആശ്വാസത്തിനായി പവർകട്ട് സ്വീകരിക്കേണ്ടി വന്നു.
ഇന്ത്യയ്ക്കുവേണ്ട കൽക്കരിയെത്ര?
ഇന്ത്യയുടെ വൈദ്യുതി ഉൽപാദനത്തിന്റെ 77 ശതമാനവും സംഭാവന ചെയ്യുന്നത് കൽക്കരിയാണ്. ഇറക്കുമതി അടിസ്ഥാനമാക്കിയുള്ള കൽക്കരിയാണ് ഇതിൽ 12 ശതമാനവും. റഷ്യ-ഉക്രെയ്ൻ യുദ്ധം അന്താരാഷ്ട്ര കൽക്കരി വിതരണത്തെ തടസ്സപ്പെടുത്തുകയും കൽക്കരി ഇറക്കുമതി വളരെ ചെലവേറിയതാക്കുകയും ചെയ്തത് ഇന്ത്യയുടെ കൽക്കരി ഇറക്കുമതിയെ ബാധിച്ചു.ഇന്ത്യയുടെ നിലവിലെ കൽക്കരി ശേഖരം 85 ദശലക്ഷം ടണ്ണാണ്. 2017ലേതിന് സമാനമായതു തന്നെ. എന്നാൽ 2017-നെ അപേക്ഷിച്ച് 2022-ൽ 25 ശതമാനത്തോളമാണ് കൽക്കരിയുടെ ഡിമാൻഡ് വർധിച്ചത്. കോൾ ഇന്ത്യ അതിന്റെ ഉൽപ്പാദനം വർധിപ്പിച്ചെങ്കിലും നിലവിലെ ആവശ്യത്തിന് അത് പര്യാപ്തമായില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആസൂത്രണത്തിന്റെ അഭാവം, ദീർഘവീക്ഷണമില്ലായ്മ തുടങ്ങിയവ ഡിമാൻഡ്-സപ്ലൈ വിടവ് വർദ്ധിപ്പിച്ചു. അടിയന്തര നടപടികൾ ഉണ്ടായാലും മൺസൂൺ ആരംഭിക്കുന്നതുവരെയും താപനിലയിൽ അൽപ്പം കുറവുണ്ടാകുന്നതുവരെയും രാജ്യം സമാന വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.