റോബോ ടാക്സി അവതരിപ്പിക്കുമെന്ന് അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ, വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ടെസ്ല സിഇഒ ഇലോൺ മസ്ക്. 2024ഓടെ സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത റോബോ ടാക്സികൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്ന് ഇലോൺ മസ്ക് പറഞ്ഞു. ഓട്ടോണമസ് കൺസെപ്ററിലാണ് വാഹനമെന്നതിനാലാണ് സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്തതെന്ന് മസ്ക് വ്യക്തമാക്കി. വാഹനം വികസിപ്പിക്കുന്നതിനും ടെസ്റ്റിംഗിനും വെരിഫിക്കേഷനും നിർമാണത്തിനുമാണ് രണ്ടു വർഷമെടുക്കുക. 2024ൽ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന വാഹനത്തിന് യുഎസിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ റെഗുലേറ്ററി നിയമങ്ങളായിരിക്കും ഉണ്ടാവുക.
പൂർണ്ണ ഓട്ടോമേറ്റഡ് സംവിധാനം
പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ സംവിധാനമായിരിക്കും റോബോടാക്സിയിൽ സജ്ജീകരിക്കുന്നത്. കിലോമീറ്ററുകൾ, മൈലുകൾ എന്നിങ്ങനെയുള്ള വിവരങ്ങൾ പോലും ഒപ്റ്റിമൈസ് ചെയ്യപ്പെടും.ടെസ്ലയുടെ വളർച്ചയിലെ നിർണ്ണായകമായ ഒന്നായി റോബോ ടാക്സികൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാത്രം ടെസ്ല നിർമ്മിച്ചത്,1.5മില്യൺ വാഹനങ്ങളാണ്. 2023ഓടെ ടെസ്ലയുടെ സൈബർ ട്രക്കുകളും പുറത്തിറങ്ങും. ഓരോ വർഷവും 60%ത്തോളം ഉൽപ്പന്ന വർദ്ധനവ് ആണ് ടെസ്ല വാഹന മാർക്കറ്റിൽ രേഖപ്പെടുത്തുന്നത്.
ഓടിക്കാം കുറഞ്ഞ ചെലവിൽ
മസ്ക്കിന്റെ കണക്കുകൂട്ടലനുസരിച്ച്, ഒരു ടെസ്ല റോബോടാക്സി ഓടിക്കാനുള്ള ചെലവ് വളരെ കുറവാണ്. ഓട്ടോണമസ് വെഹിക്കിൾ സാങ്കേതികവിദ്യ പിന്തുടരുന്ന കമ്പനികളായ Waymo, Argo AI, Aurora തുടങ്ങിയ കമ്പനികൾക്കെല്ലാം തന്നെ ടെസ്ലയുടെ റോബോടാക്സി പരീക്ഷണങ്ങൾ വെല്ലുവിളിയാണ്. ഈ മാസം ആദ്യം ടെസ്ലയുടെ ഓസ്റ്റിനിലെ ജിഗാഫാക്ടറി ഉദ്ഘാടനത്തിന്റെ ഭാഗമായി, മസ്ക് പാസഞ്ചർ കാർ ബിസിനസിൽ നിന്ന് മാറി വിവിധ ഭാവി ഉൽപ്പന്നങ്ങളുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു. ആ ഉൽപ്പന്നങ്ങളിൽ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് ആശയമായ Optimus നെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.ടെസ്ലയുടെ കാർ ബിസിനസിനെക്കാളും മൂല്യമുളളതായിരിക്കും ഒപ്റ്റിമസെന്നാണ് മസ്ക് പറഞ്ഞിരിക്കുന്നത്