മൊബൈൽ ഫോൺ ഒരു കൂടപ്പിറപ്പിനെ പോലെ നമ്മുടെ കൂടെയുണ്ട്. തിരക്കു പിടിച്ച ഈ ലോകത്തിൽ അജ്ഞാതനമ്പറുകളിൽ നിന്നും അനവസരത്തിലുളള കോളുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അങ്ങനെ ഒരു കാലത്ത് മൊബൈൽ കോളറുടെ ഐഡന്റിഫിക്കേഷൻ വെളിപ്പെടുത്താൻ ലഭിച്ച മാന്ത്രിക ഉത്തരമായിരുന്നു ട്രൂകോളർ ആപ്പ്. വിളിച്ചയാളുടെ യഥാർത്ഥ ഐഡന്റിറ്റി അനാവരണം ചെയ്യുന്ന ആപ്ലിക്കേഷൻ. ട്രൂ കോളർ വിജയകരമായ ഒരു സ്റ്റാർട്ടപ്പിന്റെ കഥ കൂടിയാണ്. മൊബൈൽ ആപ്ലിക്കേഷനുകളെക്കുറിച്ച് ലോകം അറിയുന്നതിന് വളരെ മുമ്പാണ് സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ട്രൂകോളറിന്റെ കഥ ആരംഭിക്കുന്നത്. 2011-12കാലത്താണ് ട്രൂ കോളർ കയറി അങ്ങ് ഹിറ്റായതെങ്കിലും 2009ൽ ബ്ലാക്ക്ബെറിക്ക് വേണ്ടിയാണ് Nami Zarringhala, Alan Mamedi എന്നിവർ ട്രൂകോളർ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ട്രൂ സോഫ്റ്റ്വെയർ സ്കാൻഡിനേവിയ എന്ന കമ്പനിയിലാണ് ട്രൂകോളർ സൃഷ്ടിക്കപ്പെട്ടത്.
സ്വീഡനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2006 ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു Nami Zarringhala മും Alan Mamedi യും രണ്ടുപേരും മൊബൈൽ സാങ്കേതികവിദ്യയിൽ അതീവ തത്പരരായിരുന്നു. മൊബൈൽ കമ്യൂണിക്കേഷന് വേണ്ടിയുളള ഗ്ലോബൽ ഫോൺ ലിസ്റ്റെന്ന് ആദ്യകാലത്ത് ട്രൂകോളറിനെ വിശേഷിപ്പിച്ചിരുന്നു.ട്രൂകോളറിന്റെ ബിസിനസ്, മാർക്കറ്റിംഗ് മോഡലിലാണ് വിജയം. അജ്ഞാത നമ്പറുകൾ ഒഴിവാക്കുകയും ഉപയോക്താക്കൾക്കായി കോൺടാക്റ്റ് നെറ്റ്വർക്ക് വിപുലീകരിക്കുകയും ചെയ്യുന്നു എന്നാണ് ട്രൂകോളറിന്റെ സേവന ടാഗ്ലൈൻ പറയുന്നത്. സ്പാം കോളുകൾ തിരിച്ചറിയുന്നു. അനാവശ്യ ഫോൺ കോളുകൾ തടയുന്നു. സേവ് ചെയ്യാത്ത കോൺടാക്റ്റ് നമ്പറുകളുടെ പേരുകൾ, ബ്ലോക്ക് ചെയ്ത കോളുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നു.ഫോൺബുക്ക് അപ് ടു ഡേറ്റ് ആയി നിലനിർത്തുന്നതിനുള്ള സോഷ്യൽ മീഡിയ ഇന്റഗ്രേഷനും ഇത് വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആകെ മൊത്തത്തിൽ ട്രൂകോളർ നിങ്ങളുടെ സ്വകാര്യതയെ സംരംക്ഷിക്കാൻ അവതരിച്ച ഒരു അവതാരമാണെന്ന് വിലയിരുത്താം.2012 ആയപ്പോഴേക്കും, ട്രൂകോളർ പ്രതിമാസം 5 ദശലക്ഷം ഉപയോക്താക്കളിലേക്കും ടെലിഫോൺ നമ്പർ ഡാറ്റാബേസിൽ 120 ദശലക്ഷം തിരയലുകളിലേക്കും എത്തിയിരുന്നു. ആ വർഷം, ആഗോളതലത്തിൽ, പ്രത്യേകിച്ച് വടക്കേ അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വിപുലീകരിക്കാൻ വെഞ്ച്വർ ഫണ്ടുകളും ട്രൂകോളറിന് ലഭിച്ചു.2014-ഓടെ ഇന്ത്യ അവരുടെ ഏറ്റവും വലിയ വിപണിയായി.അപ്പോഴേക്കും 100 മില്യൺ യൂസർ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഓരോ മാസവും Truecaller-ൽ 2 ബില്ല്യണിലധികം ആഗോള തിരയലുകൾ നടക്കുന്നു.
വെബ്സൈറ്റ് അവകാശപ്പെടുന്നത്, 2021 മാർച്ച് വരെ, അതിന്റെ ആപ്പ് 581 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്തു, ഇതിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ്. ഡാറ്റാബേസിന് 5.7 ബില്യൺ യൂണിക് ഫോൺ ഐഡന്റിറ്റികളുണ്ട്. ആസ്ഥാനം സ്റ്റോക്ക്ഹോമിലാണെങ്കിലും അതിന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. കമ്പനിയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 175 രാജ്യങ്ങളിലായി 278 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളിൽ, 205 ദശലക്ഷത്തിലധികം ഇന്ത്യയിൽ നിന്നുള്ളവരാണ്, ഇത് ഇന്ത്യയെ ഏറ്റവും വലിയ വിപണിയാക്കി മാറ്റുന്നു.
ട്രൂകോളറിന്റെ വിശാലമായ കോൺടാക്റ്റ് ഡാറ്റാബേസ് ഒരേസമയം ഗുണകരവും എന്നാൽ ആശങ്കാജനകവുമാണ്. ഭൂമിയിലെവിടെയും ആളുകളെ പേരോ നമ്പറോ ഉപയോഗിച്ച് തിരയാൻ അത് നിങ്ങളെ അനുവദിക്കുന്നു. കാരണം അത് നിങ്ങളുടെ നെറ്റ്വർക്ക് തിരിച്ചറിയുകയും കണക്ഷൻ തിരയുകയും ചെയ്യും.നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്ക് സിസ്റ്റം തിരിച്ചറിയുന്നതിനാൽ, നിങ്ങളുടെ താൽപ്പര മേഖലകളിലെ കോൺടാക്റ്റുകൾ തിരിച്ചറിയാൻ ആപ്പിന് കഴിയും. ട്രൂകോളർ ഡാറ്റ വൻകിട ബിസിനസ്സുകളുമായി പങ്കു വയ്ക്കപ്പെടുന്നു. കമ്പനിയുടെ ആവശ്യത്തിന് ഇത് വളരെ ഉപയോഗപ്രദമാണെന്ന് തോന്നിയേക്കാം. എന്നാൽ ഡാറ്റ പ്രൊട്ടക്ഷന് വലിയ പ്രാധാന്യം നൽകുന്ന രാജ്യത്ത് ട്രൂകോളർ ചുവടുറപ്പിക്കുന്നത് ആശങ്കയുയർത്തുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ സമ്പൂർണ്ണ സാമ്പത്തിക പ്രൊഫൈൽ കമ്പനി നിർമ്മിക്കുന്നുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഉപയോക്താവ് Truecaller-നായി സൈൻ അപ്പ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ, കോളർ ഐഡി ഫീച്ചറുകളിലേക്കും ആപ്പുകളിലേക്കും നിങ്ങൾക്ക് ആക്സസ് വേണമെങ്കിൽ, ഒരു കൊടുക്കൽ വാങ്ങൽ ഇവിടെ തുടങ്ങുകയാണ്. നിങ്ങളുടെ ഫോണിലെ ഓരോ കോൺടാക്റ്റും പിന്നീട് ട്രൂകോളറിന്റെ ഡാറ്റാബേസിന്റെ ഭാഗമാകും, അതിൽ രജിസ്റ്റർ ചെയ്യാത്തതും അവരുടെ നമ്പർ തിരിച്ചറിയുന്നതിന് സമ്മതം നൽകാത്തതുമായ ഉപയോക്താക്കളും ഉൾപ്പെടും. എല്ലാ കോൺടാക്റ്റുകളും ലിസ്റ്റ് ചെയ്യുന്നതിന് ട്രൂകോളർ അതിന്റെ രജിസ്റ്റർ ചെയ്ത ഉപയോക്താവിൽ നിന്ന് അനുമതി തേടുന്നതിനാൽ, കമ്പനിക്ക് ഒരിക്കലും നിയമപരമായ പ്രശ്നം നേരിടേണ്ടി വരില്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ജീവിതം അനായാസമാക്കുന്ന പല സൗകര്യങ്ങളും പിന്നീട് നമുക്ക് ഒരു ആപ്പായി മാറുന്ന കാലത്താണ് നമ്മുടെ ജീവിതമെന്ന് കൂടി ഓർക്കേണ്ടി വരും.