

ഇന്ത്യയിലെ 5G സ്പെക്‌ട്രം ലേലം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2022 ജൂണിൽ സ്പെക്ട്രം ലേലം നടത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ് സൂചനകൾ.5ജി സ്‌പെക്‌ട്രം വിലയെക്കുറിച്ചുള്ള ടെലികോം കമ്പനികളുടെ ആശങ്കകൾ “യുക്തിപരമായി” പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ഇന്ത്യയിൽ വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 5G സ്പെക്‌ട്രം ലേലം.പക്ഷേ ഇത്തവണ സർക്കാർ, വിഷയത്തിൽ ഉറച്ച നിലപാടുമായി മുന്നോട്ടുപോകുകയാണന്നാണ് റിപ്പോർട്ടുകൾ.ടെലികോം ഓപ്പറേറ്റർമാരും അവരുടെ ലോബിയിംഗ് ഗ്രൂപ്പുകളും ഉയർന്ന വിലയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും മുൻപേ തീരുമാനിച്ചതുപോലെ തന്നെ ലേലം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.
TRAI ശുപാർശകൾ പരിഗണനയിൽ

5G സ്‌പെക്‌ട്രം വിലകൾ യുക്തിപരവും വ്യവസ്ഥാപിതവുമായ രീതിയിൽ കുറയ്ക്കണമെന്ന ആവശ്യം മന്ത്രാലയം പരിഗണിക്കും
അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി
ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ TRAI നിർദ്ദേശിക്കുന്ന സ്പെക്ട്രം വില വളരെ ഉയർന്നതാണ്.ടെലികോം കമ്പനികൾക്ക് അവരുടെ 5G നെറ്റ്‌വർക്കുകൾ പരീക്ഷിക്കാൻ സമയം നീട്ടി നൽകിയതിനാൽ, 5G-യുടെ വാണിജ്യപരമായ വിന്യാസം അതിവേഗം ട്രാക്ക് ചെയ്യാൻ അവർക്ക് സാധിക്കും.അല്ലെങ്കിൽ, മുൻപ് ജിയോ അതിന്റെ 4G-മാത്രം നെറ്റ്‌വർക്ക് ബീറ്റാ ടെസ്റ്റിംഗ് നടത്തിയതുപോലെ, വിപുലമായ വാണിജ്യ വിന്യാസത്തിന് മുമ്പ് ടെലികോം കമ്പനികൾക്ക് പരിമിതമായ രീതിയിൽ 5G സേവനങ്ങൾ പുറത്തിറക്കാൻ കഴിയും. 5G ടെൻഡറുകൾക്കായി കമ്പനികളെ വിളിച്ചുകൊണ്ടുള്ള കരട് ക്ഷണം ടെലികോം മന്ത്രാലയം ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (DCC) അടുത്ത 5-6 ദിവസത്തിനുള്ളിൽ ട്രായ് ശുപാർശകൾ പരിഗണിക്കും.
